തുർക്കിയെ 3-1ന് തോൽപ്പിച്ച് സ്വിറ്റ്സർലാൻഡ് സാദ്ധ്യത വർദ്ധിപ്പിച്ചു
മൂന്നാം ജയവുമായി ഗ്രൂപ്പിൽ ഒന്നാമന്മാരായി ഇറ്റലി പ്രീ ക്വാർട്ടറിൽ
റോം/ബാകു : യൂറോ കപ്പ് എ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും വിജയം നേടി ഇറ്റലി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് കടന്നു. ഇന്നലെ ഒറ്റ ഗോളിന് വെയ്ൽസിനെ കീഴടക്കിയ ഇറ്റലി ഒൻപത് പോയിന്റും ഗ്രൂപ്പിൽ നിന്ന് നേടിയെടുത്തു. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തുർക്കിയെ 3-1ന് തോൽപ്പിച്ച സ്വിറ്റ്സർലാൻഡ് പ്രീ ക്വാർട്ടർ സാദ്ധ്യത വർദ്ധിപ്പിച്ചു.
റോമിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മാറ്റിയോ പെസിന നേടിയ ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. 39-ാം മിനിട്ടിൽ ഒരു സെറ്റ്പീസിൽ നിന്ന് മാർക്കോ വെറാറ്റി നൽകിയ ക്രോസാണ് പെസിന ഗോളാക്കി മാറ്റിയത്. നിരവധി അവസരങ്ങൾ പാഴാക്കിയ വെയ്ൽസിന് സമനിലപോലും നേടാൻ കഴിയാതെപോയി. നായകൻ ഗാരേത്ത് ബെയ്ലാണ് ചാൻസുകൾ മിസാക്കി കൂടുതൽ നിരാശപ്പെടുത്തിയത്. 55-ാം മിനിട്ടിൽ അംബാഡു ടൂർണമെന്റിലെ ആദ്യത്തെ സ്ട്രെയ്റ്റ് റെഡ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി വെയ്ൽസിന് കളി പൂർത്തിയാക്കേണ്ടിവന്നു.
ഇരട്ട ഗോളടിച്ച സെർദാൻ ഷാക്കീരിയുടെയും ഒരു ഗോളടിച്ച സെഫറോവിച്ചിന്റെയും മികവിലാണ് സ്വിസ് തുർക്കിയെ തോൽപ്പിച്ചത്.ആറാം മിനിട്ടിൽത്തന്നെ സെഫറോവിച്ചിലൂടെ ലീഡെടുക്കാൻ സ്വിസിന് കഴിഞ്ഞിരുന്നു. 26-ാം മിനിട്ടിലാണ് ഷാക്കീരി ആദ്യ ഗോൾ നേടിയത്. 62-ാം മിനിട്ടിൽ കാവേസിച്ചിലൂടെ തുർക്കി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 68-ാം മിനിട്ടിൽ ഷാക്കീരി രണ്ടാം ഗോളും നേടി. ഇതോടെ മൂന്ന് കളികളും തോറ്റ് നാണംകെട്ട് തുർക്കി പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |