തൃശൂർ : കൊവിഡ് ടെസ്റ്റ് കുറയ്ക്കരുതെന്ന നിർദ്ദേശം ഒരു ഭാഗത്ത്, അതിനിടെ വാക്സിൻ വിതരണം... ഓടിത്തളർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ. കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ വിശ്രമമില്ലാത്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ജോലിഭാരം കൂടിക്കൂടി വരുന്നു. ഇതിനിടെ കൊവിഡ് പ്രേട്ടോക്കോൾ ലംഘനവും രോഗവ്യാപനവും കൂടിയാകുന്നതോടെ ജോലിഭാരം ഇരിട്ടിക്കുന്നുണ്ട്.
ജില്ലയിൽ പ്രതിദിനം 9,000ത്തോളം കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശം. ഞായറാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസവും ഈ ലക്ഷ്യം പൂർത്തീകരിക്കുന്നുണ്ട്. എന്നാൽ ടെസ്റ്റ് നടത്താൻ പലരും മടിക്കുന്നതായി ഇപ്പോൾ ജീവനക്കാർ പരാതിപ്പെടുന്നു. ഇതിനാൽ കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ ടെസ്റ്റ് നടത്തേണ്ടവരെ നിർബന്ധിക്കേണ്ട അവസ്ഥയിലാണ്.
കൂടുതൽ വാകസിനുകൾ എത്തിത്തുടങ്ങിയതോടെ ജീവനക്കാരെ കുത്തിവയ്പിന് കൂടി നിയോഗിക്കേണ്ടതായുണ്ട്. കൂടാതെ മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യപ്രവർത്തകർക്ക് പങ്കെടുക്കേണ്ടതുണ്ട്.
രണ്ടാം ഡോസുകാർക്ക് മുൻഗണന
ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസിനാണ് സ്പോട്ട് രജിസ്ട്രേഷനിൽ പ്രാമുഖ്യം. ഇതുപ്രകാരം ഓരോ വാർഡുകളിലും മെമ്പർമാർ, ആർ.ആർ.ടിക്കാർ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ലിസ്റ്റ് തയ്യാറാക്കി വാക്സിൻ നൽകുന്നതിന് മുന്നൊരുക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയ്ക്ക് 42,0000 ത്തോളം ഡോസ് വാക്സിൻ ലഭിച്ചിരുന്നു. ഇത് ഇന്ന് കൊടുത്തു തീർക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അനാവശ്യമായി കറങ്ങിയാൽ വീണ്ടും കൂടും
ഇളവുകളിൽ നിയന്ത്രണമില്ലാതെ പുറത്തിറങ്ങിയാൽ ജൂലായ് ആദ്യവാരത്തോടെ വീണ്ടും രോഗികളുടെ എണ്ണം കൂടിയേക്കും. ഇന്ന് മുതൽ സ്വകാര്യ ബസുകളും മറ്റും നിരത്തിലിറങ്ങുന്നതോടെ തിരക്കേറും.
പോസറ്റിവിറ്റി പത്തിൽ താഴെയായില്ല
ടി.പി.ആർ നിരക്ക് കൂടിയ അതേവേഗത്തിൽ കുറയ്ക്കാനാകില്ല. നേരത്തെ 34 ശതമാനത്തിലെത്തിയ ടി.പി.ആർ നിരക്ക് ഏകദേശം ഒരു മാസത്തിന് ശേഷമാണ് 15 ശതമാനത്തിൽ താഴെയെത്തിയത്. ഈ ആഴ്ച അവസാനത്തോടെ ഒറ്റ അക്കത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം രണ്ട് മാസത്തിനുള്ളിൽ രണ്ട് ദിവസം മാത്രമാണ് ആയിരത്തിന് താഴെ എത്തിയത്.
ടി.പി.ആർ നിരക്ക് പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വാക്സിനേഷൻ കൂടുതൽ നടത്താൻ സാധിച്ചാൽ രോഗവ്യാപനം ഏറെ കുറെ തടയാൻ സാധിക്കും
- ഡോ. കെ.ജെ. റീന, ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |