SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.54 PM IST

മലയാള സിനിമയ്‌ക്ക് നഷ്‌ടം 900 കോടി; തീയേറ്റർ ഉടമകളെ തിരിഞ്ഞുനോക്കാതെ, സർക്കാർ ഒ ടി ടി തുടങ്ങുന്നതിൽ ആശങ്ക

theatre

തിരുവനന്തപുരം: അൺലോക്ക് കാലമായിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. ഒന്നാം ലോക്ക്‌ഡൗൺ കാലത്ത് ലഭിച്ച ആനുകൂല്യങ്ങൾ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലിൽ ലഭിക്കാതെ പോയതോടെയാണ് തീയേറ്റർ ഉടമകൾ നട്ടം തിരിയുന്നത്. ഒന്നാം ലോക്ക്‌ഡൗൺ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാർജിൽ അമ്പത് ശതമാനം ഇളവ് സർക്കാർ നൽകിയിരുന്നു. മാത്രമല്ല ബാക്കി അമ്പത് ശതമാനം അടയ്‌ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു.

വൈദ്യുതി ചാർജിൽ ഇളവ് നൽകിയെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട നികുതികളിൽ യാതൊരു ആനുകൂല്യവും നൽകിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ പെനാൽറ്റിയോടെയാണ് പിന്നീട് നികുതിതുക തീയേറ്റർ ഉടമകളിൽ നിന്ന് വാങ്ങിയത്. ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോർപ്പറേഷനും ഒരു വർഷം നിശ്‌ചിതതുക തീയേറ്ററുകൾ അടയ്‌ക്കേണ്ടതുണ്ട്. ഇവയിലൊന്നും യാതൊരു ഇളവും നൽകാൻ സർക്കാർ ഇതുവരെ തയ്യാറായില്ല.

ജനുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് സംസ്ഥാനത്ത് തീയേറ്ററുകൾ പകുതി സീറ്റുകളോടെ തുറന്നുപ്രവർത്തിച്ചത്. അതിൽ അവസാനത്തെ മൂന്നാഴ്‌ച മാത്രമായിരുന്നു ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സെക്കൻഡ് ഷോ ഉണ്ടായിരുന്നത്. സാധാരണ ലഭിക്കുന്നതിൽ നിന്ന് മുപ്പത് ശതമാനത്തിനകത്ത് വരുമാനം മാത്രമാണ് ഈ സമയത്ത് തീയേറ്ററുകൾക്ക് ലഭിച്ചിരുന്നത്. വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാൽ മറ്റ് ചിത്രങ്ങൾക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാർജ് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ അറുപതിനായിരം രൂപയാണ് ഫി‌ക്‌സഡ് ചാർജ് ഈടാക്കുന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. ഷോ ഇല്ലെങ്കിലും തീയേറ്ററുകൾ ദിവസും തുറന്നു പ്രവർത്തിക്കേണ്ടതുണ്ട്.

theatre

നഷ്‌ടം 900 കോടി

17 മാസത്തിനിടെ 900 കോടിയുടെ നഷ്‌ടമാണ് മലയാളസിനിമ നേരിട്ടത്. കേരളത്തില്‍ 620 തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 289 എണ്ണം മള്‍ട്ടിപ്ലെക്‌സുകളാണ്. ആറ് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. 270 കോടിയുടെ ബഡ്‌ജറ്റാണ് മൊത്തത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ഉള്ളത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്‍റെ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹമാണ് പ്രുഖ റിലീസ്. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്‍റെ ചിത്രം ഒടിടിയിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ചിത്രം ഓണം റിലീസായി തീയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. എന്നാല്‍ അപ്പോഴും തിയേറ്റര്‍ തുറക്കുമെന്ന് ഉറപ്പില്ല. തുറന്നാലും മൂന്നാംതരംഗം എപ്പോഴെന്ന ആശങ്കയും തീയേറ്റർ ഉടമകളെ ആശങ്കയിലാഴ്‌ത്തുന്നു.

പെരുവഴിയിലായവർ

മേയ് എട്ടിന് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുമ്പോള്‍ 60 പടങ്ങളായിരുന്നു റിലീസിന് കാത്തിരുന്നത്. വര്‍ഷം 800 കോടിയുടെ വരുമാനമാണ് മലയാള സിനിമയ്‌ക്കുളളത്. എന്നാല്‍ കൊവിഡ് വന്നതോടെ 5000 പേര്‍ നേരിട്ടും പതിനായിരം മറ്റ് മാര്‍ഗങ്ങളിലൂടെയും തൊഴിലില്ലാത്തവരായി. കൊവിഡ് വരുംമുമ്പേ തന്നെ മലയാള സിനിമ പ്രതിസന്ധിയിലായിരുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 2019ല്‍ 192 ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസായപ്പോള്‍ വെറും 23 ചിത്രങ്ങളാണ് മുടക്ക് മുതല്‍ തിരിച്ചുപിടിച്ചത്. അതില്‍ തന്നെ ഏഴ് ചിത്രങ്ങളാണ് ബോക്‌സോഫീസ് ഹിറ്റുകള്‍.

വലിയ കമ്പനികളില്ല

തമിഴിലോ തെലുങ്കിലോ കന്നഡയിലോ ഉള്ളത് പോലെ വലിയ നിര്‍മ്മാണ കമ്പനികളല്ല കേരളത്തിലുള്ളത്. ഉളളതിനൊന്നും കോര്‍പ്പറേറ്റ്-രാഷ്ട്രീയ പിന്തുണയുമില്ല. ഇവിടെയുള്ളത് ചെറിയ നിര്‍മ്മാണ കമ്പനികളാണ്. ഇതില്‍ പലതും എന്‍ ആര്‍ ഐ ഫണ്ടിംഗുള്ളതാണ്. പടം പൊട്ടിയാല്‍ ഇവര്‍ വൈകാതെ തിരിച്ചുപോകും. ആന്‍റണി പെരുമ്പാവൂരിന്‍റെ ആശീര്‍വാദ് സിനിമാസ്, ഗുഡ്‌വില്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, ഗോകുലന്‍ ഗോപാലന്‍, ആന്‍റോ ജോസഫ് എന്നിവരുടെ നിര്‍മ്മാണ കമ്പനികളാണ് മലയാളത്തില്‍ നിലവിലുള്ള വലിയ കമ്പനികള്‍.

ഒടിടി വില്ലനാകും

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ തീയേറ്ററുകൾക്ക് ഭീഷണിയായി നിലനിൽക്കുമ്പോഴാണ് സംസ്ഥാന സർക്കാർ ഒടിടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പുതിയ സംരംഭം തുടങ്ങുന്നതിനെ എതിർക്കില്ലെങ്കിലും എന്തെങ്കിലും പ്രത്യേക മാനദണ്ഡങ്ങളോടെ ഒടിടി തുടങ്ങണമെന്നാണ് തീയേറ്റർ ഉടമകളുടെ പക്ഷം. ഒടിടിക്ക് വേണ്ടി മാത്രം ഇറക്കുന്ന ചിതങ്ങളാണെങ്കിൽ അത് തീയേറ്ററുകളെ ബാധിക്കില്ല. എന്നാൽ തീയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ ഒടിടിയിലേക്ക് പോകുന്നത് വലിയ നഷ്‌ടമുണ്ടാക്കും.

സമാനതകളില്ലാത്ത പ്രതിസന്ധി

theatre

'കഴിഞ്ഞ ലോക്ക്‌ഡൗൺ കഴിഞ്ഞ് തീയേറ്ററുകൾ തുറന്നപ്പോൾ എന്‍റെ രണ്ട് തീയേറ്ററുകൾക്കും കൂടിയുണ്ടായ നഷ്‌ടം ഒമ്പത് ലക്ഷംരൂപയാണ്. നല്ലതുപോലെ മെയിന്‍റയിൻ ചെയ്യുന്ന ഒരു തീയേറ്റർ ആയിരുന്നിട്ട് കൂടിയായിരുന്നു ഈ അവസ്ഥ. മെയിന്‍റനൻസ് ചെയ്യാതിരുന്ന തീയേറ്ററുകൾക്ക് ഇതിനെക്കാൾ നഷ്‌ടമുണ്ടായി. ലോക്ക്‌ഡൗൺ അനിവാര്യമായിരുന്നു. പക്ഷേ സർക്കാരിന്‍റെ ഒരു ചെറിയ പിന്തുണയെങ്കിലും കിട്ടാതെ ഇതെങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല. കഴിഞ്ഞതവണ ലോക്ക്‌ഡൗൺ കഴിഞ്ഞപ്പോൾ പത്തോളം തീയേറ്ററുകളാണ് പൂട്ടിയത്. ബാങ്കുകളിൽ നിന്നും യാതൊരു ആനുകൂല്യവും കിട്ടിയിട്ടില്ല. മുപ്പത് വർഷമായി ഞാൻ ഈ രംഗത്തുണ്ട്. പക്ഷേ ഇതുപോലൊരു പ്രതിസന്ധി ഇതിനുമുമ്പ് ഞങ്ങളാരും നേരിട്ടിട്ടില്ല. ഷോ ഇല്ലെങ്കിലും വൈദ്യുതി ചാർജും ജീവനക്കാരുടെ ശമ്പളവും സാനിറ്റൈസിംഗും ഉൾപ്പടെ ഒരുമാസം രണ്ടോ മൂന്നോ ലക്ഷം വേണ്ടിവരുന്നുണ്ട്. '

ഗിരീഷ് ചന്ദ്രൻ

മാനേജിംഗ് ഡയറക്‌ടർ

ശ്രീപദ്‌മനാഭ, ദേവിപ്രിയ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIENMA, LOCKDOWN, THEATRES, MALAYALAM FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.