SignIn
Kerala Kaumudi Online
Thursday, 28 March 2024 3.23 PM IST

ചില ബ്രണ്ണൻകാല ചിന്തകൾ

vivadavela

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മിലെ വാക്പോരാണ് ഈ ദിവസങ്ങളിലെ ചൂടാറാത്ത ചർച്ച. തലശ്ശേരി ബ്രണ്ണൻ കോളേജിൽ 1967- 68 കാലത്ത് നടന്ന ഒരു സംഘർഷത്തെ ചൊല്ലി അരനൂറ്റാണ്ടിന് ശേഷം അന്നത്തെ രണ്ട് വിദ്യാർത്ഥിനേതാക്കൾ ഏറ്റുമുട്ടുന്നുവെന്ന കൗതുകത്തിനപ്പുറത്തേക്ക് ഈ തർക്കത്തിന്റെ രാഷ്ട്രീയമാനം നീളുന്നതിന് കാരണമുണ്ട്. 1967ന് ശേഷം കോരപ്പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. ആ രണ്ട് വിദ്യാർത്ഥിനേതാക്കളും വളർന്നു വലുതായി. അതിലൊരാൾ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മറ്റേയാൾ മുഖ്യ പ്രതിപക്ഷപാർട്ടിയായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും. പദവിയുടെ മഹത്വം വളരെ വലുതായിരിക്കുമ്പോൾ നിസാരമായ വിദ്യാർത്ഥിരാഷ്ട്രീയകാലത്തെ സംഘർഷത്തെ ചൊല്ലി ഒരു കലഹം തീർത്തും അഭംഗിയും അപക്വവുമാണെന്ന് പറയാതെ വയ്യ.

മുഖ്യമന്ത്രിക്ക് തന്ത്രപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് സുധാകരൻ എറിഞ്ഞ ചൂണ്ടയിൽ കൊരുത്തു എന്നുള്ളതാണ്. കൊവിഡ് കാലത്തെ വാർത്താസമ്മേളനങ്ങളിലൂടെയും സർക്കാരിന്റെ ഇടപെടലുകളിലൂടെയും പിണറായി വിജയൻ എന്ന മുഖ്യമന്ത്രി നേടിയെടുത്ത പ്രതിച്ഛായ നമ്മൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അനുഭവിച്ചറിഞ്ഞതാണ്. അദ്ദേഹത്തിന് ഇടതുമുന്നണിയുടെ പ്രചരണയോഗങ്ങളിൽ കിട്ടിയ സ്വീകാര്യത കാര്യങ്ങൾ വ്യക്തമാക്കി. ആ പ്രതിച്ഛായ ഉലച്ചിലില്ലാതെ മുന്നേറുന്നതിനിടയിൽ, വെറുമൊരു കാമ്പസ് സംഘർഷത്തിലെ മേനിപറച്ചിലിന് അദ്ദേഹം തുനിഞ്ഞത് പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.

എന്നാൽ, കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ സുധാകരന്റെ അനുഭവം നേരേ തിരിച്ചായിരിക്കും. പിണറായി വിരുദ്ധ രാഷ്ട്രീയത്തിന് ലഭിക്കുന്ന വിപണിമൂല്യം അദ്ദേഹം നേരത്തേ തിരിച്ചറിഞ്ഞരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ കണ്ണൂർ സ്വീകരണത്തിനിടെ, സുധാകരൻ നടത്തിയ വാക്പ്രയോഗം ഓർക്കുക. മുഖ്യമന്ത്രി പിണറായിയെ അദ്ദേഹം ചെത്തുകാരന്റെ മകനെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോൾ, രമേശ് ചെന്നിത്തലയടക്കം 24 മണിക്കൂറിനിടയിൽ വാക്ക് മാറ്റിപ്പറഞ്ഞ അനുഭവമുണ്ടായി. പൊതുസമൂഹം അന്ന് സുധാകരനെ വല്ലാതെ അപലപിച്ചതാണ്. പിണറായി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസ് അണികളിലുള്ള സ്വാധീനം നന്നായി തിരിച്ചറിഞ്ഞ സുധാകരൻ, പാർട്ടിക്കുള്ളിൽ തന്റെ സ്വീകാര്യത ഉയരുമെന്ന ഉറച്ച ബോദ്ധ്യത്താൽ നടത്തിയ പ്രതികരണമായിരുന്നു അത്. അതങ്ങനെ തന്നെ സംഭവിച്ചു. സുധാകരനെ അപലപിച്ച നേതാക്കൾക്ക് അണിവികാരം മനസിലാക്കിയാണ് തിരുത്തിപ്പറയേണ്ടി വന്നത്.

അന്ന്, സുധാകരന് മറുപടി പറയുമ്പോൾ പിണറായി വിജയൻ പ്രകടിപ്പിച്ച ഔന്നത്യം ഇത്തവണ അദ്ദേഹത്തിൽ നിന്ന് എന്തുകൊണ്ടുണ്ടായില്ലെന്ന ചോദ്യം സ്വാഭാവികമാണ്. കണ്ണൂർ എന്ന സ്വന്തം രാഷ്ട്രീയതട്ടകത്തിൽ തന്റെ പോരാളിവീര്യത്തിന് ഉലച്ചിലുണ്ടാകുന്ന ഒരു നീക്കത്തെയും മുഖ്യമന്ത്രിക്ക് വകവച്ചുകൊടുക്കാനാവില്ല എന്നത് മാത്രമാണ് അതിനുത്തരമായി കരുതാനാവുക.

കൊവിഡ്കാലത്ത് ജനത്തെ ബോധവത്കരിക്കാനുതകുന്ന വിലപ്പെട്ട കാര്യങ്ങൾ പറയുന്നുവെന്നതാണ് മുഖ്യമന്ത്രിയുടെ ആറ് മണി വാർത്താസമ്മേളനത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് അടിസ്ഥാനം. ആ വാർത്താസമ്മേളനത്തിലാണ് ഇരുപത് മിനിറ്റെടുത്ത് സുധാകരന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അതാകട്ടെ, അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത, ഒരു വാരികയിൽ, സുധാകരന്റേതായി വന്ന പരാമർശങ്ങൾക്ക്. കൊവിഡ് കാലം കേരളത്തിനുണ്ടാക്കിയിരിക്കുന്ന സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ഉയർന്നു ചിന്തിക്കേണ്ട വിലപ്പെട്ട സന്ദർഭങ്ങളെ ഇത്തരം നിസാരകാര്യങ്ങൾക്കായി പാഴാക്കേണ്ടതുണ്ടോ?.

സുധാകരന് കിട്ടിയ വിപണിമൂല്യം

സമീപകാലത്തൊന്നും ഒരു കെ.പി.സി.സി പ്രസിഡന്റിനും കിട്ടാത്ത വിപണിമൂല്യമാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കോൺഗ്രസ് അണികൾക്കിടയിൽ ലഭിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിനായി കാതുകൂർപ്പിച്ചിരുന്നത് കേരളമൊട്ടാകെയായിരുന്നു. രാവിലെ 11മണിക്ക് നിശ്ചയിച്ച വാർത്താസമ്മേളനത്തിനായി സുധാകരൻ എറണാകുളത്തെ ഡി.സി.സി ഓഫീസിലെത്തിയത് പത്ത് മിനിറ്റ് വൈകിയാണ്. പക്ഷേ, മാദ്ധ്യമപ്പട ക്ഷമയോടെ അദ്ദേഹത്തെ കാത്തിരുന്നു. ദൃശ്യമാദ്ധ്യമങ്ങൾ ആ ഒരു മണിക്കൂർ വാർത്താസമ്മേളനം മുഷിച്ചിലില്ലാതെ ലൈവായി സംപ്രേഷണം ചെയ്തു. കേരളത്തിലെ ഏത് കെ.പി.സി.സി പ്രസിഡന്റിന് കിട്ടിക്കാണും ഇത്രയും വലിയ സ്വീകാര്യത.

പിണറായി വിരുദ്ധ രാഷ്ട്രീയം മൂർച്ഛിപ്പിക്കുകയായിരുന്നു ആ വാർത്താസമ്മേളനത്തിൽ സുധാകരൻ. തൊട്ടടുത്ത ദിവസം വ്യക്തിപരമായി തന്നെ പിണറായി വിജയനെ ആക്രമിക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് സുധാകരൻ ഫേസ്ബുക്കിലൂടെ പിണറായിയെ എതിരിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പിണറായിയുടെ ഭാഗത്ത് സംഭവിച്ച തന്ത്രപരമായ വീഴ്ച സുധാകരന് കിട്ടിയ സുവർണാവസരമായി .

സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ മറ്റെല്ലാ മുൻനിര നേതാക്കളെയും സുധാകരൻ ഒറ്റ ദിവസം കൊണ്ട് അപ്രസക്തമാക്കിയിരിക്കുന്നു. ഇപ്പോൾ എല്ലാവരും സുധാകരൻ എന്ത് പറയുന്നുവെന്ന് നോക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നേടിയെടുത്ത പൊതുസമൂഹത്തിന്റെ സ്വീകാര്യത കോൺഗ്രസിനകത്ത് സുധാകരൻ ചുമതലയേറ്റെടുത്തതിന്റെ പിറ്റേന്ന് തന്നെ നേടിയെടുത്തു. ഇത് സംസ്ഥാന കോൺഗ്രസിന്റെ ഭാവിരാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ

യു.ഡി.എഫ് അടുത്ത അഞ്ച് വർഷം കഴിഞ്ഞാലെങ്കിലും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആ മുന്നണിയുടെ അണികൾ വിശ്വസിക്കുന്നുണ്ട്. അവിടെ മുഖ്യകക്ഷിയായ കോൺഗ്രസിൽ അതുകൊണ്ടുതന്നെ ഭൈമീകാമുകർ ഏറെയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും കോൺഗ്രസിന് വിനയായത് ഭൈമീകാമുകരുടെ ബാഹുല്യമാണെന്ന് കരുതുന്നവരുണ്ട്. കൊവിഡ് പോലൊരു മഹാമാരിയുടെ കാലത്ത് അല്ലലില്ലാത്തൊരു നേതൃത്വം കേരളത്തിന്റെ നായകസ്ഥാനത്ത് വേണമെന്നാഗ്രഹിച്ച ജനതയ്ക്ക് കോൺഗ്രസിലെ ഈ ആശയക്കുഴപ്പം സ്വീകാര്യമായി തോന്നിയില്ല. അവർ ഇടതുമുന്നണിയെയും പിണറായി വിജയനെയും സ്വീകരിച്ചു.

അതിന് ശേഷം നേതൃമാറ്റ മുറവിളി കോൺഗ്രസിൽ പ്രതീക്ഷിച്ചതിലും ശക്തമായുയർന്നു. സമയോചിതമായി ഹൈക്കമാൻഡ് ഇടപെട്ടു. ആദ്യം പ്രതിപക്ഷനേതാവിന്റെ ഊഴമായിരുന്നു. രമേശ് ചെന്നിത്തല തെറിച്ചു. വി.ഡി. സതീശൻ എത്തി. കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ. സുധാകരനും. ഗ്രൂപ്പുകളെ തച്ചുടയ്ക്കുന്ന സമീപനമാണ് ഹൈക്കമാൻഡിൽ നിന്നുണ്ടായത്. കെ.പി.സി.സി പ്രസിഡന്റാവാൻ കൊതിച്ചിരുന്ന നേതാവാണ് യഥാർത്ഥത്തിൽ സുധാകരൻ. അതദ്ദേഹം മറയില്ലാതെ പ്രകടമാക്കിയതുമാണ്. ഇത്തവണ, തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷവും അദ്ദേഹം ആ സ്ഥാനം കൊതിച്ചു. തികഞ്ഞ ആത്മസംയമനം പാലിച്ച് കാത്തിരുന്നു.

അണികളെ ഇളക്കിമറിക്കുന്ന നേതാവെന്ന പരിവേഷം സുധാകരനുണ്ട്. അതിനദ്ദേഹം പല സൂത്രവാക്യങ്ങളും പ്രയോഗിക്കാറുണ്ട്. പിണറായിവിരുദ്ധ രാഷ്ട്രീയത്തിന് മൂർച്ചയേറ്റുക എന്നത് അതിലൊരു സൂത്രവാക്യം മാത്രമാണ്.

മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനത്തോടെ കോൺഗ്രസിനകത്ത് ഇര പരിവേഷം കിട്ടിയ സുധാകരനെ പിന്തുണയ്ക്കാതിരിക്കാൻ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ. മുരളീധരനും പോലുമായില്ല എന്നിടത്താണ് രാഷ്ട്രീയമാനം വളരുന്നത്.

അഞ്ച് വർഷം കഴിയുമ്പോൾ ഒരുപക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരാർത്ഥിയായി ഉമ്മൻ ചാണ്ടി വരില്ലായിരിക്കാം. പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മുറിവേറ്റ മനസുമായി വിട വാങ്ങേണ്ടി വന്ന രമേശ് ചെന്നിത്തല അസ്വസ്ഥനാണ്. കൈവിട്ട പദവി തിരിച്ചുപിടിക്കാനാഗ്രഹിക്കുന്ന അദ്ദേഹം ഇപ്പോഴേ, പ്രതിപക്ഷനേതാവിനെ കവച്ചുവച്ച് ജനകീയവിഷയങ്ങളിലിടപെടാനുള്ള തയാറെടുപ്പിലാണ്. അഞ്ച് വർഷം കഴിയുമ്പോൾ സ്ഥാനാർത്ഥിയായി രമേശ് ഉണ്ടായേക്കാം. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉറപ്പായുമുണ്ടാകും. കേരളത്തിലെ മുഖ്യമന്ത്രിയായി വന്നിറങ്ങാനുള്ള അവസരം കാത്തുനിൽക്കുന്ന കെ.സി.വേണുഗോപാലുണ്ട്. അതിനേക്കാളൊക്കെ സ്വീകാര്യത കിട്ടാനുള്ള തീവ്രശ്രമം തുടക്കത്തിലേ ആരംഭിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ഇവർക്കേവർക്കും വെല്ലുവിളിയായി മാറുമോ?

ബ്രണ്ണൻകാല ഓർമ്മകൾ

ബ്രണ്ണൻ കോളേജിൽ വച്ച് ക്ലാസ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട ഒരു സമരത്തിനിടയിൽ പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്നാണ് സുധാകരൻ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അത് പ്രസിദ്ധീകരിച്ച വാരികയെ സുധാകരൻ പിന്നീട് തള്ളിപ്പറഞ്ഞു.

സുധാകരന്റേത് മോഹം മാത്രമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി, അന്നത്തെ ക്ലാസ് ബഹിഷ്കരണസമയത്തെ സംഘർഷത്തെ ഓർത്തെടുത്ത് മറുപടി പറഞ്ഞത്. ഒരു പ്രത്യേകതരം ആക്‌ഷനും ചില പദപ്രയോഗങ്ങളും അന്ന് നടത്തിയ കഥ അദ്ദേഹം പറഞ്ഞു.

ഇക്കാര്യം അക്കാലത്തെ മറ്റൊരു ബ്രണ്ണൻകോളേജ് വിദ്യാർത്ഥിയായിരുന്ന മുൻമന്ത്രി എ.കെ. ബാലൻ നേരത്തേ തന്നെ ഓർത്തെടുത്തിട്ടുണ്ട്. സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായെത്തിയതിന്റെ തൊട്ടടുത്ത ദിവസം ബാലന്റേതായി വന്ന ലേഖനത്തിൽ പറയുന്നത് ഇങ്ങനെ:

"സുധാകരനുമായി വളരെക്കാലത്തെ ബന്ധം എനിക്കുണ്ട്. ഏതാണ്ട് അര നൂറ്റാണ്ടോളം നീളുന്ന ബന്ധം. ഇപ്പോഴും വ്യക്തിബന്ധത്തിന് മങ്ങലേറ്റിട്ടില്ല. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഞാൻ കെ.എസ്.എഫിൻെറയും സുധാകരൻ കെ.എസ്.യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചു. ആദ്യകാലത്ത് നാമമാത്രമായുണ്ടായിരുന്ന കെ.എസ്.എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ പരിമിതമായ സാഹചര്യത്തിൽ നിന്ന് ചെറുത്തുതോൽപ്പിക്കാനാണ് കെ.എസ്.എഫ് നേതൃത്വം നൽകിയത്. 1967-69 കാലത്ത് സപ്തകക്ഷി മുന്നണി സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ സാഹിബ് ബ്രണ്ണൻ കോളേജിൽ കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ കരിങ്കൊടി കാട്ടിയും ചെരിപ്പെറിഞ്ഞും ആ ചടങ്ങ് അലങ്കോലപ്പെടുത്താൻ സുധാകരൻ ശ്രമിച്ചു. അന്ന് മുഹമ്മദ്‌കോയക്ക് പിന്തുണ പ്രകടിപ്പിച്ച് ശക്തമായ മുദ്രാവാക്യം മുഴക്കി ചടങ്ങ് സുഗമമായി നടത്താൻ ഞാൻ മുന്നിൽ നിന്നതും ഓർക്കുകയാണ്. ഒരു ഘട്ടത്തിൽ ഞങ്ങളെ ആക്രമിക്കാൻ സുധാകരനും സംഘവും വന്നപ്പോൾ അതിനെ ചെറുക്കാൻ പിണറായി വിജയൻ പരീക്ഷാഹാളിൽ നിന്ന് ഇറങ്ങിവന്നതും ഓർമയിലെത്തുന്നു. ക്ലാസ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട ഒരു സംഘർഷമായിരുന്നു അത്. ടി.വി. ബാലൻ മാഷ് ആയിരുന്നു അന്ന് ഇംഗ്ളീഷ് അദ്ധ്യാപകൻ. സംഘർഷരംഗത്ത് പിണറായിയുടെ ശരീരഭാഷ ഒന്ന് വേറെയാണ്. അന്നാണ് ഞാൻ ആദ്യമായി അത് കണ്ടത്. ആ ശരീരഭാഷ കണ്ടു തന്നെയാണ് അന്ന് സുധാകരനും സംഘവും പിൻവാങ്ങിയത്..."

മുഖ്യമന്ത്രി പിന്നീട് പറഞ്ഞത് എ.കെ. ബാലൻ ആദ്യം പറഞ്ഞതിനോട് കൂട്ടിവായിച്ചാൽ ചിലതെല്ലാം മനസിലാകും. പക്ഷേ, സുധാകരന്റേത് വീമ്പുപറച്ചിലായിരുന്നാൽ തന്നെയും, അതിന് മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി ഇപ്രകാരം മറുപടി നൽകേണ്ടിയിരുന്നില്ല എന്നുതന്നെയാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, BRENNAN COLLEGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.