SignIn
Kerala Kaumudi Online
Friday, 29 March 2024 1.26 PM IST

ദേശസുരക്ഷയ്ക്ക് ഭീഷണി സിംബോക്സ് അന്വേഷണം കേരളത്തിലേക്ക്

vvv

തിരുവനന്തപുരം : പത്തനാപുരത്ത് സ്ഫോടകശേഖരം കണ്ടെത്തിയതുൾപ്പെടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംസ്ഥാനത്ത് അന്വേഷണ ഏജൻസികൾ വട്ടം ചുറ്റുന്നതിനിടെ കുപ്രസിദ്ധമായ സിംബോക്സ് തട്ടിപ്പിന്റെ അന്വേഷണവും കേരളത്തിലേക്ക്. ദേശസുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ സിംബോക്സ് അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് തട്ടിപ്പിൽ മൂന്നുമലയാളികൾ അറസ്റ്റിലായതോടെയാണ് മലബാർ മേഖലകേന്ദ്രീകരിച്ച് അന്വേഷണം കടുപ്പിക്കാൻ കേന്ദ്ര,​ സംസ്ഥാന സുരക്ഷാ ഏജൻസികൾ തീരുമാനിച്ചത്. കേസിലെ മുഖ്യ സൂത്രധാരന്മാരും മലപ്പുറം സ്വദേശികളുമായ ഇബ്രാഹിം പുല്ലാട്ടിൽ (36) , മുഹമ്മദ് ബഷീർ (51), അനീസ് അത്തിമണ്ണേൽ (30)എന്നിവരാണ് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.

ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബംഗളുരുവും തമിഴ്നാടും കേന്ദ്രീകരിച്ച് നടന്നുവരുന്ന അന്വേഷണം വരും ദിവസങ്ങളിൽ സംസ്ഥാനത്തേക്കും വ്യാപിക്കുമെന്നാണ് വിവരം. പിടിയിലായവരിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അനധികൃതമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി ഇന്റർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിദേശകോളുകളെ ലോക്കൽ കോളുകളാക്കി മാറ്റിയാണ് ഇവർ തട്ടിപ്പു നടത്തിയത്. നിരവധി സിമ്മുകൾ ഒരേ സമയം ഉപയോഗിക്കാനാകുന്ന സിംബോക്സ് ഉപയോഗിച്ചാണിത്. ഒരേ സമയം 960 സിം കാർഡുകൾ ഉപയോഗിക്കാനാകുന്ന 30 സിംബോക്സുകളും ഇവരിൽ നിന്ന് പിടികൂടി. മിലിട്ടറി ഇന്റലിജൻസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. വിദേശ കോളുകളെ ലോക്കൽ കോളുകളാക്കി മാറ്റാൻ സഹായിക്കുന്ന 109 സിംബോക്സ് ഉപകരണങ്ങൾ, 3000 സിംകാർഡ്, 23 ലാപ്ടോപ്. 10 പെൻ ഡ്രൈവ്, 17 റൗട്ടറുകൾ തുടങ്ങിയവയും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.

സിലിഗുഡിയിലെ കരസേന ഹെൽപ്‌ലൈനിലേക്കെത്തിയ ഒരുഫോൺകോളിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സമാന്തര എക്സ്ചേഞ്ചും കുഴൽഫോൺ ഇടപാടുകളും വെളിച്ചത്ത് കൊണ്ടുവന്നത്. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി വിളിച്ച കോളുകളെ ചുറ്റിപ്പറ്റി മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് ബംഗളുരുവിലെ കുഴൽഫോൺ ലോബി കുടുങ്ങിയത്.ഇബ്രാഹിം പുല്ലാട്ടിലിന്റെ നേതൃത്വത്തിൽ ബംഗളുരുവിൽ 9 ഇടങ്ങളിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ നടത്തിയിരുന്നത്. ഗൗതമായിരുന്നു എക്സ്ചേഞ്ചുകളുടെ ഓപ്പറേറ്റർ.

ഓൺ ലൈൻ തട്ടിപ്പുകാരുടേത് പോലെ ഡ്യൂപ്ളിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചാണ് സിംബോക്സ് തട്ടിപ്പും നടത്തിവന്നത്. യഥാർഥ സിമ്മിന് അപേക്ഷിക്കുന്നവർ നൽകുന്ന തിരിച്ചറിയൽ രേഖകളുടെ പകർപ്പ് ഉപയോഗിച്ച് മൊബൈൽ കമ്പനി സെയിൽസ് എക്സിക്യൂട്ടീവായ ശാന്തൻ കുമാറാണ് അനധികൃത സിമ്മുകൾ സംഘടിപ്പിച്ചത്.

സുരേഷ് തങ്കവേലുവും ജയ് ഗണേഷും ഇവ മുഹമ്മദ് ബഷീറീനും അനീസിനും കൈമാറുന്നതായിരുന്നു രീതി. യു.എ.ഇയിൽ നിന്നുൾപ്പെടെയുള്ള വിദേശ കോളുകൾ കുഴൽവിളികളായി മാറ്റുന്നതുമായി ബന്ധപ്പെട്ട ഹവാല പണമിടപാട് നടത്തിയിരുന്നത് നിസാർ മുഹമ്മദ് മുക്തസാറായിരുന്നു. വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വി.ഒ.ഐ.പി) സംവിധാനം ഉപയോഗിച്ച് വിദേശകോളുകൾ ലോക്കലാക്കി മാറ്റിയതിലൂടെ ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിന് പുറമേ ടെലികമ്യൂണിക്കേഷൻ വകുപ്പിന് വൻ നഷ്ടത്തിനും ഇടയാക്കിയതായി പൊലീസ് പറയുന്നു.

ഓൺലൈനായും

സിം ബോക്സ് വിൽപ്പന

ആയിരം സിംകാർഡുകൾ വരെ നിക്ഷേപിക്കാൻ ശേഷിയുള്ള ചൈനീസ് നിർമ്മിത സിം ബോക്സുകൾ ഇപ്പോൾ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഓൺലൈൻ വിപണികൾ വഴി എത്തുന്നുണ്ട്.

ഇന്റർനെറ്റ് കോളുകളും വീഡിയോ ചാറ്റുകളും സർവ്വസാധാരണമായതോടെ കുഴൽഫോണുകളുടെ ഉപയോഗം ഇല്ലാതായി. പിന്നീടും ഇവയുടെ ഉപയോഗം തുടരുന്നവർ ആശയവിനിമയത്തിന്റ രഹസ്യസ്വഭാവം സൂക്ഷിക്കാനും വിദേശത്തു നിന്നുള്ള ഫോൺവിളികൾ സുരക്ഷാ ഏജൻസികൾ തിരിച്ചറിയാതിരിക്കാനുമാണ് സിം ബോക്സുകൾ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

ചൈന, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളി‍ൽ നിന്ന് കേരളത്തിലേക്ക് തുടർച്ചയായി വിളിക്കേണ്ടി വരുന്ന സാഹചര്യവും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നുണ്ട്. തന്ത്രപ്രധാനമായ രാജ്യാതിർത്തികളുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇത്തരം ഫോൺ വിളികൾ കൂടുതലായി എത്തിയിട്ടുള്ളത്. സംഭാഷണത്തിനിടയിൽ ബംഗാളിലെ പട്ടാളനീക്കങ്ങൾ ചർച്ച ചെയ്ത ചില ഫോൺവിളികൾ നിരീക്ഷിച്ചാണ് മിലിട്ടറി ഇന്റലിജൻസ് വിഭാഗം കർണാടകയിൽ മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചും മൂവായിരത്തിലധികം സ്ലോട്ടുകളുള്ള സിം ബോക്സുകളും പിടിച്ചെടുത്തത്. മിലിട്ടറി ഇന്റലിജൻസ് വിഭാഗവും കർണാടക പൊലീസിന്റെ തീവ്രവാദ വിരുദ്ധ സെല്ലും കസ്റ്റഡിയിലെടുത്ത മലയാളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതോടെ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.