SignIn
Kerala Kaumudi Online
Thursday, 25 April 2024 1.28 AM IST

കര തേടിയൊഴുകി,​ കളിയോടം...

poovachal-khader

തിരുവനന്തപുരം : മലയാള ഗാനശാഖയെ പരുവപ്പെടുത്തി സമ്പന്നമാക്കിയ കവികളിലൊരാളാണ് പൂവച്ചൽ ഖാദർ. മറ്റുഭാഷാ ഗാനങ്ങൾക്കെന്ന പോലെ, മലയാളഗാനങ്ങൾക്കും ദ്യശ്യവൽക്കരിക്കപ്പെട്ടതും അല്ലാത്തതുമായ ചരിത്ര ഘട്ടങ്ങളുണ്ട്. ഈ രണ്ട് ഘട്ടങ്ങളെയും സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനാണ് പൂവച്ചൽ ഖാദർ. അദ്ദേഹത്തിന്റെ ആദ്യ രചനയ്ക്ക് സംഗീതം നൽകിയത് തൃശൂരിലെ പഴയ പാട്ടുകാരനായ പി.എം. മൂസയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കവിതകളെ സ്വയം ട്യൂൺ ചെയ്ത് പാടിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. 'അഴകിലുറങ്ങും കാവുകളിൽ വസന്ത ഗായകർ പാടുമ്പോൾ...' എന്ന ഗാനം അങ്ങനെ പാട്ടിന്റെ ലോകത്തേക്കുള്ള പൂവച്ചലിന്റെ ഹരിശ്രീയായി. പിന്നീട് നാട്ടിൻപുറത്തെ ചില നാടകങ്ങളിലും പൂവച്ചലിന്റെ ഗാനങ്ങൾ നിർവൃതിപ്പൂക്കൾ വിടർത്തി.
സർക്കാർ സർവീസിൽ എൻജിനീയറായി കോഴിക്കോട്ടത്തെിയ പൂവച്ചൽ ഖാദർ,​ മലയാളഗാന ശാഖയെ രൂപകൽപ്പന ചെയ്യുന്നതാണ് പിന്നീട് കേരളം കണ്ടത്. കാനേഷ് പൂനൂർ, എം.എൻ കാരശ്ശേരി, അബ്ദുല്ല നൻമണ്ട, സുരാസു, ഐ.വി ശശി തുടങ്ങിയവരുമായുള്ള സൗഹൃദം ഗാനലോകത്തേക്കുള്ള രാജകീയ വരവിന് നിമിത്തമായി.
70 കളിൽ ലളിതസംഗീതരചനയിലൂടെ കോഴിക്കോട് ആകാശവാണിയെ മധുരവാണിയാക്കുന്നതിൽ ഖാദർ വഹിച്ച പങ്ക് ചെറുതല്ല. 'തുറന്ന് നോക്കുക ഹൃദയ കവാടങ്ങൾ തുടച്ചുമാറ്റുക നിങ്ങൾ വരയ്ക്കും കറുത്തരൂപങ്ങൾ...' എന്ന കണ്ണൂർ വത്സരാജ് പാടിയ ഗാനമാണ് പൂവച്ചലിന്റെ കോഴിക്കോട് ആകാശവാണിയിലെ ആദ്യഗാനം. രാഘവൻമാസ്റ്റർ സംഗീതം ചെയ്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ അവതരിപ്പിച്ച ഓണപ്പാട്ടിലെ 'നിറകതിർ താലം കൊണ്ട് നിലാവിറങ്ങി...' എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു. ബ്രഹ്മാനന്ദനായിരുന്നു ഈ ഗാനം ആലപിച്ചത്. രാഘവൻ മാസ്റ്റർ തന്നെ ഈണം നൽകിയ 'പാടാത്ത പാട്ടിൻ മധുരം എന്റെ മാനസമിന്നു നുകർന്നു...', കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ 'ഈതമോവീഥിയിൽ ഈ വഴിത്താരയിൽ നീറുന്ന ചിന്തകൾ...', എ.കെ സുകുമാരൻ പാടിയ ' പഥികൻ പാടുന്നു പഥികൻ പാടുന്നു...', 'പലരും പാടിയ പഴയൊരു പല്ലവി..., 'അകലത്തെ പെണ്ണിന്റെ കല്യാണം പറയുവാൻ...', എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയ രാമായണക്കിളീ ശാരികപ്പൈങ്കിളീ..., ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ... തുടങ്ങിയ ഗാനങ്ങൾ അക്കാലത്ത് ഏറെ ആസ്വദിക്കപ്പെട്ടവയാണ്. എസ്. ശ്രീകൃഷ്ണൻ, കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു മറ്റ് സംഗീത സംവിധായകർ.

അരങ്ങിൽ തിളങ്ങിയ

ബാബുരാജ് കൂട്ടുകെട്ട്

കേരളത്തിലെ നാടകപ്രസ്ഥാനത്തിനും മറക്കാനാവാത്ത എഴുത്തുകാരനാണ് പൂവച്ചൽ ഖാദർ. അദ്ദേഹം എഴുതിയ ഗാനങ്ങളിലേറെയും മലബാറിലെ നാടക തിയേറ്ററുകൾക്ക് വേദിയായിരുന്നു. സുന്ദരൻ കല്ലായിയുടെ പത്മശ്രീ, രാമായണത്തിലെ സീത എന്നീ നാടകങ്ങൾക്ക് എം. എസ്. ബാബുരാജ് ആയിരുന്നു സംഗീതം നൽകിയത്.'പഞ്ചമി പോലൊരു സുന്ദരിപക്ഷി ചന്ദനക്കാവിൽ വളർന്നു...', 'ഈശ്വരനുണ്ടോ ഈ ധരണിക്കൊരു ശാശ്വതമുണ്ടോ വാനിൽ...' തുടങ്ങിയ ഗാനങ്ങൾ കെ.ആർ വേണുവാണ് ആലപിച്ചത്. കൊട്ടിയത്തെ സംഗം തിയേറ്ററിനു പാട്ടൊരുക്കിയതും ബാബുക്ക - പൂവച്ചൽ കൂട്ടുകെട്ടായിരുന്നു. ഉപാസന തിയറ്ററിന്റെ ചാണക്യൻ എന്ന നാടകത്തിന് പൂവച്ചലിന്റെ പാട്ടിന് ആഹ്വാൻ സെബാസ്റ്റ്യൻ ആണ് സംഗീതം ഒരുക്കിയത്. കൊച്ചിൻ സംഗമിത്രയുടെ അദ്ധ്യായം എന്ന നാടകത്തിലെ 'കര തേടി ഒഴുകുന്നു കളിയോടവും തുഴയേകി അണയുന്നു മിഴിഓടവും...' എന്ന കണ്ണൂർ രാജൻ ഈണമിട്ട ഗാനം ശ്രോതാക്കളുടെ മനം കവർന്ന ഗാനമായിരുന്നു. രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി മദ്രാസിലെ മലയാളി ക്ലബ് അവതരിപ്പിച്ച അഗ്നിവലയം എന്ന നാടകത്തിലെ 'ആയില്യം കിളിയേ വാവാവോ...', 'ദുഖങ്ങളെ നിങ്ങളുറങ്ങൂ..' എന്നീ ഗാനങ്ങളും പൂവച്ചൽ ഖാദറിന്റെ നാടകഗാനങ്ങളിൽ മികച്ചവയാണ്.
കെ.വി അബൂട്ടി വി.എം കുട്ടി എന്നിവർക്കുവേണ്ടി മാപ്പിളപ്പാട്ടും എഴുതിയിരുന്നു അക്കാലത്ത് ഖാദർ. അബൂട്ടി തന്നെ ഈണമിട്ടു പാടിയ 'തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ് വളയിട്ട് കിലുക്കണ വെളുത്ത പെണ്ണെ...'അന്ന് മാപ്പിളപ്പാട്ടിലെ ഹിറ്റായിരുന്നു. കൂടാതെ 'കസവിൻ തട്ടം ചൂടി കരിമിഴിമുനകൾ നീട്ടി...', 'കിനാവിന്റെ നാട്ടിലെ കിളുന്നു പെണ്ണ്...' തുടങ്ങിയ രാഘവൻ മാസ്റ്റർ ഈണമിട്ട മാപ്പിളപ്പാട്ടുകളും ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVACHAL KHADER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.