SignIn
Kerala Kaumudi Online
Friday, 19 April 2024 9.24 PM IST

ശ്രീറാം വെങ്കിട്ടരാമനെപ്പോലെ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാന്‍ വിസ്‌മയയുടെ ഘാതകരെ അനുവദിക്കരുതെന്ന് കെ സുധാകരൻ

k-sudhakaran

കൊല്ലത്തെ വിസ്‌മയയുടെ മരണത്തിന് കാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി, എത്രയും പെട്ടെന്ന് പരമാവധി ശിക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്‍. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്‌മയയുടെ ഘാതകരെ അനുവദിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ ആവശ്യപ്പെട്ടു.

മരിച്ച് മണ്ണടിഞ്ഞ് ഓര്‍മകള്‍ ആയി മാറുന്ന സ്വന്തം മകളെക്കാള്‍ നല്ലത്, ഭര്‍ത്താവ് ഇല്ലാതെ കൂടെ വന്ന് നില്‍ക്കുന്ന മകള്‍ തന്നെയാണ്. മറ്റൊരു വീട്ടില്‍ നരകിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളെക്കാള്‍ നല്ലത് സ്വന്തം കാലില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍കുട്ടികള്‍ ആണെന്നും മാതാപിതാക്കള്‍ തിരിച്ചറിയണം. ഏത് സാഹചര്യത്തിലും കൂടെയുണ്ടെന്ന് സ്വന്തം പെണ്‍കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും പെണ്‍കുട്ടികളെ പ്രാപ്‌താരാക്കണമെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സ്ത്രീധനത്തിന്‍റെയോ ഗാര്‍ഹിക പീഡനത്തിന്‍റെയൊ പേരില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെടാതിരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണം. പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ഇനി ഉണ്ടാകരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ഗാർഹിക പീഡനത്തിനിരയായി ''കൊല്ലപ്പെട്ടത് " സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. വിവാഹം ഇന്നും നമ്മുടെ നാട്ടിൽ പൂർണമായും സ്ത്രീയുടെ തിരഞ്ഞെടുപ്പ് ആയിട്ടില്ല. മറ്റെന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് തീരെ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികൾക്ക് വിവാഹിതരാകേണ്ടി വരുന്ന ഒരു സാമൂഹിക യാഥാർത്ഥ്യത്തിന് നേരെ ഇനിയും നമ്മൾ കണ്ണടച്ചുകൂടാ. സ്ത്രീധനം പൂർണമായും നിരോധിക്കപ്പെട്ടിട്ടും ഇന്നും നമ്മൾ അപമാനകരമായ ആ ദുരാചാരം പിന്തുടരുന്നു. സതി പോലെ, അയിത്തം പോലെ എന്നോ നമ്മൾ അതിജീവിക്കേണ്ടതായിരുന്നു സ്ത്രീ ധനവും, നിർബന്ധിത വിവാഹവുമൊക്കെ.


വിവാഹം എന്നാൽ രണ്ടു പേർ തമ്മിൽ പരസ്പരം സ്നേഹിച്ച് സഹകരിച്ച് സന്തോഷത്തോടെ നയിക്കേണ്ട കാര്യമാണെന്നുള്ളത് യുവാക്കളും അവരുടെ മാതാപിതാക്കളും മറന്നു പോകുന്നുവെന്നത് ഖേദകരമാണ്. പലപ്പോഴും പെൺകുട്ടിയുടെ ആത്മാഭിമാനവും അന്തസ്സും നാലു ചുവരുകൾക്കുള്ളിൽ നിശബ്ദമാക്കപ്പെടുകയാണ്. നിരപരാധികളായ പെൺകുട്ടികൾ കൊല്ലപ്പെടുമ്പോൾ മാത്രം സമൂഹം ഉണരുന്നതും പ്രതികരിക്കുന്നതും നിരർത്ഥകമാണ്.


മരിച്ച് മണ്ണടിഞ്ഞ് ഓർമകൾ ആയി മാറുന്ന സ്വന്തം മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാതെ കൂടെ വന്ന് നിൽക്കുന്ന മകൾ തന്നെയാണെന്നും, മറ്റൊരു വീട്ടിൽ നരകിച്ചു ജീവിക്കുന്ന പെൺകുട്ടികളെക്കാൾ നല്ലത് സ്വന്തം കാലിൽ ഒറ്റയ്ക്ക് ജീവിക്കുന്ന പെൺകുട്ടികൾ ആണെന്നും മാതാപിതാക്കൾ തിരിച്ചറിയണം.
സഹിക്കാൻ പറ്റാത്ത പീഡനങ്ങൾ ആരോടും പറയാതെ ഒതുങ്ങി ജീവിക്കാനല്ല നാം പെൺകുട്ടികളോട് പറയേണ്ടത്. പ്രശ്നങ്ങൾ ഏതു സമയത്തും വീട്ടുകാരോട് പറയണം. വേണ്ടിവന്നാൽ നിയമസഹായം തേടണം. ഏത് സാഹചര്യത്തിലും കൂടെയുണ്ട് എന്ന് സ്വന്തം പെൺകുട്ടികളെ ബോധ്യപ്പെടുത്തണം. അവർക്ക് കരുത്ത് പകരണം. സർവ്വോപരി വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നമ്മുടെ പെൺകുട്ടികളെ പ്രാപ്തരാക്കുക. സ്നേഹത്തിന്റേയൊ കുടുംബ അഭിമാനത്തിന്റെയോ പേര് പറഞ്ഞ് നടത്തുന്ന ശാരീരികവും മാനസീകവുമായ എല്ലാ ബലപ്രയോഗത്തോടും NO COMPROMISE എന്ന് പറയാൻ പെൺമക്കൾക്ക് ധൈര്യം പകരുക.

യുവാക്കളോട് എനിക്ക് പറയാനുള്ളത്,
സ്വന്തം വരുമാനം കൊണ്ട് ജീവിതം നയിക്കാൻ പ്രാപ്തിയുണ്ടെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ മാത്രം കൂടെ ജീവിക്കാൻ ഒരു പങ്കാളിയെ തിരയുക.
പെൺകുട്ടികളുടെ അച്ഛനമ്മമാരുടെ കൈയ്യിലെ സമ്പാദ്യം കൊണ്ട് മനക്കോട്ട കെട്ടുന്ന അപമാനകരമായ മാനസികാവസ്ഥയിൽ നിന്ന് യുവതലമുറ പിൻമാറണം. വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു കൊലപ്പെടുത്തിയ ഭർത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള സർക്കാർ ഉദ്യോഗസ്ഥനും നവമാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നിട്ട് കൂടി പരസ്യമായിതന്നെ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയയെ ഉപദ്രവിച്ചിരുന്നു എന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ തന്നെ പരാജയം ആണ് വെളിവാക്കുന്നത്.


സ്ത്രീധനത്തിന്റെയോ ഗാർഹിക പീഡനത്തിന്റെയൊ പേരിൽ ഇനി ഒരു പെൺകുട്ടി കൂടി കൊല്ലപ്പെടാതിരിക്കാൻ ഇനിയെങ്കിലും സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണം.
ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടുകയും അതിനു ശേഷം ലോക്കൽ പോലീസിന്റെയൊ മറ്റൊ സാനിധ്യത്തിൽ ഒത്തുതീർപ്പ് ആകുകയും ചെയ്ത എല്ലാ കേസുകളും ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പുനരന്വേഷണത്തിന് വിധേയമാക്കണം. ഇത്തരം പരാതികൾ നൽകിയ എല്ലാ സ്ത്രീകൾക്കും ആവശ്യപ്പെടുകയാണെങ്കിൽ അടിയന്തരമായി വനിതാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സുരക്ഷ ഉറപ്പാക്കുക. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീ ധനം വാങ്ങുന്നത് വിജിലൻസ് അന്വേഷണത്തിന് കീഴിൽ കൊണ്ട് വരിക. തുടങ്ങിയ നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ടു വെക്കുകയാണ്.


വിസ്മയയുടെ മരണത്തിന് കാരണമായ സർക്കാർ ഉദ്യോഗസ്ഥൻ ആയ പ്രതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തി, എത്രയും പെട്ടെന്ന് പ്രതിക്ക്/ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാകണം. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തിൽ നിന്നും രക്ഷപ്പെടാൻ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത്.


ഒപ്പം സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്നത് നമ്മൾ കാണാതെ പോകരുത്. ആഭ്യന്തര വകുപ്പിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്തത് ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതും ഈ അവസരത്തിൽ പറയാതെ വയ്യ!!
പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്തീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇനി ഉണ്ടാകരുതെന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു.
വിസ്മയയുടെ ദാരുണ അന്ത്യത്തിലേയ്ക്ക് നയിച്ച സകല സംഭവങ്ങളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് കെ.പി.സി സി അദ്ധ്യക്ഷൻ എന്ന നിലയിൽ ശക്തമായി ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISMAYA DEATH, SUDHAKARAN, KIRANKUMAR, SREERAM VENKITTARAMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.