SignIn
Kerala Kaumudi Online
Thursday, 25 April 2024 6.59 AM IST

മരണക്കെണിയായി സ്‌ത്രീധന പീഡനങ്ങൾ

photo

സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണ്. പക്ഷേ അത് കേരളത്തിൽ അംഗീകരിക്കപ്പെട്ട ഒരു കാര്യം പോലെ ഇപ്പോഴും നിർബാധം നടക്കുന്നുണ്ട്. വ്യക്തിത്വമുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും ഈ ഇടപാടിന് നിൽക്കില്ല. പെണ്ണ് കാണാൻ വരുമ്പോൾ എന്ത് തരും എന്നൊക്കെ പണ്ട് കാരണവന്മാർ ചോദിക്കുമായിരുന്നു. ഇന്നങ്ങനെ ചോദിച്ചതിന്റെ പേരിൽത്തന്നെ കല്യാണം മുടങ്ങിയ ഒട്ടേറെ സംഭവങ്ങളുണ്ട്. എന്നിരുന്നാലും സ്ത്രീധനം ഏർപ്പാട് ഇപ്പോഴും നാട്ടുനടപ്പായി തുടരുന്നു. സ്ത്രീ ശാക്തീകരണമൊക്കെ ഇത്രയേറെ ശക്തിപ്പെട്ടിട്ടും സ്ത്രീധനത്തിന്റെ ഇരയായി ഒട്ടേറെ പെൺകുട്ടികളുടെ ജീവനുകൾ പൊലിയുകയും ചെയ്യുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ ദാരുണ സംഭവം ആരുടെയും മനസിനെ പിടിച്ചുലയ്ക്കാൻ പോന്നതാണ്. സാധാരണ വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും കുറവായ പെൺകുട്ടികളാണ് പീഡനങ്ങൾ വലിയ ഒരളവോളം സഹിക്കുന്നത്. പക്ഷേ ഇവിടെ മെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പിടിച്ചുനിൽക്കാനാവാതെ പൊലിഞ്ഞത്. അപ്പോൾ ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്ന സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ആ വിവരം പെൺകുട്ടികൾ അമ്മമാരോടാണ് സാധാരണ പങ്കിടുക. ചിലർ സുഹൃത്തുക്കളോടും പറയും. അവരൊക്കെ സന്ദർഭത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ഇത്തരം ദാരുണ സംഭവങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുന്നതാണ്. സ്വതവേ മനോബലം കുറഞ്ഞ പെൺകുട്ടികളാണ് പല കാര്യങ്ങൾ കണക്കിലെടുത്ത് പീഡനം സഹിച്ച് തുടരാൻ തയ്യാറാവുക. ഇതിൽ അധികം പേരും സ്വന്തമായി ജോലിയില്ലാത്ത പെൺകുട്ടികളായിരിക്കും. പീഡനത്തിൽ നിന്ന് പെൺകുട്ടികൾക്ക് രക്ഷപ്പെടാനുള്ള ഏറ്റവും പ്രധാന മാർഗം സ്വന്തമായി ഒരു ജോലി സമ്പാദിക്കുക എന്നതാണ്. പക്ഷേ അതെത്ര പേർക്ക് കഴിയും. നാലാലൊരു നിവൃത്തിയുണ്ടെങ്കിൽ ജോലി കിട്ടാതെ പെൺകുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കില്ലെന്ന് രക്ഷാകർത്താക്കളും തീരുമാനിക്കണം. വിവാഹമല്ല ജീവിതമാണ് വലുത് എന്ന തലത്തിലേക്ക് സമൂഹത്തിന്റെ ചിന്താഗതിയും മാറേണ്ടതുണ്ട്.

കുന്നത്തൂർ ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറിന്റെ ഭാര്യ വിസ്മയ പീഡനം സഹിക്കവയ്യാതെ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയാൽ പോലും കൊലപാതകത്തിന് കേസെടുക്കുകയാണ് ചെയ്യേണ്ടത്. നൂറ് പവനും ഒരേക്കറിലധികം സ്ഥലവും കാറും സ്ത്രീധനമായി നൽകിയാണ് വിസ്മയയെ മാതാപിതാക്കൾ കെട്ടിച്ചയച്ചത്. എന്നിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഈ പെൺകുട്ടിയെ ഉപദ്രവിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഭർത്താവ് ഒളിച്ച് വച്ചിട്ടുള്ള മറ്റ് പല കാരണങ്ങളും ഉണ്ടായിരിക്കും. ഇതിലേക്കൊക്കെ അന്വേഷണം നീളുകയും കാലവിളംബം കൂടാതെ മാതൃകാപരമായി കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം. പീഡനം സഹിച്ച് പിടിച്ച് നിൽക്കാൻ കഴിയാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടികളെ ഭർത്താവിന്റെ കാരാഗൃഹത്തിലേക്ക് വീണ്ടും തള്ളിവിടുന്നതിന് മുൻപ് മാതാപിതാക്കളും രണ്ട് വട്ടം ചിന്തിക്കണമെന്നതിലേക്കും ഈ സംഭവം വിരൽചൂണ്ടുന്നു.

കൊറോണ കാലത്ത് അടച്ചിട്ടിരുന്ന പല വീടുകളും ശാന്തമായിരുന്നില്ല എന്നതു കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. ഇത്തരം സംഭവങ്ങൾ തടയാൻ നിലവിലുള്ളതിന് പുറമെ പുതുതായി സർക്കാർ തലത്തിലോ കോടതി തലത്തിലോ പുതിയ സംവിധാനങ്ങൾ രൂപീകരിക്കാൻ കഴിയുമോ എന്ന് സാമൂഹ്യശാസ്ത്രജ്ഞർ ചിന്തിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.