SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.00 AM IST

​ ​ത​ട്ടി​പ്പു​കാ​ർ​ ​വി​ല​സും​ ലോ​ക്ക് ​ഡൗ​ൺ കാ​ലം

photo

സമ്പൂർണമായാലും ട്രിപ്പിൾ ആയാലും ഭാഗികമായാലും ലോക്ക് ഡൗൺ കാലം വൻ തട്ടിപ്പുകൾക്കും വഞ്ചനകൾക്കും വഴിയൊരുക്കിയെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കുഴൽപ്പണവും കള്ളക്കടത്തും മദ്യക്കടത്തും വ്യാജമദ്യനിർമ്മാണവും കോടികളുടെ മരംമുറിയും സൈബർ തട്ടിപ്പുകളുമെല്ലാം വ്യാപിച്ചു. ഡോർ ഡെലിവറിയായി വീട്ടിലെത്തുന്ന തട്ടിപ്പുകളുമുണ്ടായി. എസ്.എം.എസിലൂടെയും മെയിലിലൂടെയും വാട്ട്‌സാപ്പിലൂടെയും മാത്രമല്ല, ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റേഡ് പോസ്റ്റ് വഴിയും പണം തട്ടിയെടുത്തു ക്രിമിനൽ സംഘങ്ങൾ. വ്യാപാര വെബ്‌ സൈറ്റുകളിൽ നിന്ന് ഔദ്യോഗിക കത്താണെന്ന വ്യാജേനയാണ്, ലക്ഷങ്ങളുടെ സമ്മാനം നേടിയ വിവരവുമായി പലയിടങ്ങളിലും പോസ്റ്റെത്തിയത്. സമ്മാനത്തുക കിട്ടാൻ ജി.എസ്.ടിയും ലെവിയും മറ്റും നൽകണമെന്ന് പറഞ്ഞ് ഒരു ലക്ഷത്തോളം രൂപ ആദ്യം അയയ്ക്കാൻ പറയും. അക്കൗണ്ട് നമ്പറും പേരും വിലാസവും മൊബൈൽ നമ്പറും ഇ - മെയിലോ വാട്ട്‌സാപ്പോ ചെയ്യാനും നിർദ്ദേശിക്കും. അയച്ച പണം നഷ്ടപ്പെട്ട പലരുമുണ്ടെങ്കിലും പരാതിപ്പെടുന്നവർ കുറവാണ്. സമൂഹത്തിലെ ഉന്നത നിലയിലുള്ളവർ നാണക്കേട് കാരണം പുറത്തു പറയുകയുമില്ല. അതുകൊണ്ടുതന്നെ അന്വേഷണവും നടക്കില്ല. പരാതി പറഞ്ഞാലും കേസാക്കി രജിസ്റ്റർ ചെയ്യാൻ ഇഷ്ടമില്ലാത്തവരുമേറെ. പൊലീസിനെ അറിയിച്ച് മറ്റുളളവർ ഈ തട്ടിപ്പിൽ പെടരുതെന്ന സന്ദേശം നൽകാൻ അഭ്യർത്ഥിക്കുന്നവരുമുണ്ട്. ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും വെരിഫിക്കേഷനായി ബന്ധപ്പെടണമെന്നും പറഞ്ഞ് ടെക്സ്റ്റ് മെസേജുകളും ഫോൺ കോളുകളും വഴിയുള്ള തട്ടിപ്പുമുണ്ട്. വ്യാജ ആപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും ആപ്ലിക്കേഷൻ ഓപ്പൺ ആകുമ്പോൾ 'ഐ.ഡി. നമ്പർ ' തരാനും ആവശ്യപ്പെടും. സ്‌ക്രീനിൽ കാണുന്ന 'എഗ്രീ' ബട്ടൺ അമർത്തിയ ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പത്ത് രൂപയ്ക്ക് റീചാർജ് ചെയ്യാനും നിർദ്ദേശിക്കും. റീചാർജ് തുകയോടൊപ്പം നഷ്ടപ്പെടുന്നത് പതിനായിരങ്ങളാകും. സ്‌ക്രീനിൽ ടൈപ്പ് ചെയ്യുന്ന എ.ടി.എം. കാർഡ് നമ്പറും രഹസ്യ ഒ.ടി.പി. വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരന്റെ കൈയിലാണെത്തുക. ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ ആവശ്യമില്ലെന്ന് പരസ്യം നൽകി ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽക്കുന്നതായി വ്യാജപരസ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയിൽപ്പെട്ടിരുന്നു. മോട്ടോർ വാഹനം എന്ന നിർവചനത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമുണ്ടെന്നും ഓടിക്കാൻ ലൈസൻസ് ആവശ്യമാണെന്നും വ്യക്തമാക്കി, രജിസ്‌ട്രേഷൻ ആവശ്യമുള്ള വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയതോടെയാണ് തട്ടിപ്പുകാർ കുടുങ്ങിയത്. ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞ് കയറ്റം പണം തട്ടിപ്പിനല്ലെങ്കിലും ഓൺലൈൻ ക്ലാസുകളിലേക്കും വ്യാജന്മാർ നുഴഞ്ഞുകയറുന്നതായി പൊലീസ് മുന്നറിയിപ്പും പുറത്തുവന്നു. പൊതുവിദ്യാലയത്തിന്റെ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് 'വ്യാജ വിദ്യാർത്ഥി' ഡാൻസ് ചെയ്ത സംഭവവുമുണ്ടായി. ഓൺലൈൻ വഴി പ്രവേശനം നേടിയവരെ അദ്ധ്യാപകർക്ക് പരിചയമില്ലാത്തതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസ് നടത്തുന്നതിനാൽ അന്വേഷണത്തിനും പരിമിതിയുണ്ട്. ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കുട്ടികളിൽ നിന്നു തന്നെയാണ് ചോരുന്നത്. ഇവ കൈമാറാതിരിക്കണമെന്നാണ് പൊലീസ് നിർദ്ദേശം.

പൊലീസിന്റെ കരുത്തായി ഡോഗ് സ്ക്വാഡ്

കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ, പൊലീസ് സേനയ്ക്ക് അധികഭാരമാണ്. കൊവിഡ് നിയന്ത്രണങ്ങളും മറ്റും കാരണം തിരക്കോട് തിരക്കിലാണവർ. അതുകൊണ്ടു തന്നെ ഡോഗ് സ്‌ക്വാഡിനെ ശക്തമാക്കിയിരിക്കുകയാണ് പൊലീസ് ഒരു തൂവാലയിൽ നിന്നോ, ചോരതുള്ളിയിൽ നിന്നോ മണംപിടിച്ച് കേസുകൾ തെളിയിക്കുന്ന ശ്വാനവീരൻമാരേക്കാൾ ബുദ്ധിയും ആക്രമണസ്വഭാവവും ഒത്തുചേരുന്ന ബൽജിയം മലിനോയ്‌സ് ഇനത്തിലുളള നായ്ക്കൾ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡിന് ഇനിയും ശൗര്യമേറും. മാവോയിസ്റ്റ്, ഭീകരാക്രമണ ഭീഷണികളെ അടക്കം ഫലപ്രദമായി നേരിടാൻ കഴിയുന്നവയാണ് 'ബൽജിയം മലിനോയ്‌സ്'. കൊടുംഭീകരനും, ഐ.എസ് തലവനുമായ ബാഗ്ദാദിയെ ആക്രമിച്ച് കുടുക്കിയ വീരശൂരനായ 'ബൽജിയം മലിനോയ്‌സ് ' എത്ര പ്രതിസന്ധിഘട്ടത്തിലും ശത്രുവിനെ വിടാതെ പിന്തുടരും. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണിവർ. സേനയിൽ 39 എണ്ണമാണ് ഈ വീരൻമാരുള്ളത്.ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ റിട്രീവർ, ഡോബർമാൻ എന്നീ വിഭാഗത്തിലുള്ള ഡോഗുകളാണ് പൊലീസ് ഡോഗ് ടീമിൽ ആദ്യം ഉണ്ടായിരുന്നത്. പുതുതായി ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നിവയും ഈയിടെ ബൽജിയം മലിനോയ്സ് എന്നീ വിഭാഗങ്ങളിൽ നിന്നായി 37 നായ്ക്കുട്ടികളും ചേർന്നു. ഏതൊരു അതിക്രമത്തിലും, കൊലപാതകത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു സാഹചര്യതെളിവ് അവശേഷിക്കുമ്പോൾ സത്യം മണത്തറിയുന്നതിനായാണ് ഡോഗ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. മോഷണം, കൊലപാതകം, ബോംബ് ഭീഷണി, റെയ്ഡ്, ചടങ്ങുകളിൽ സുരക്ഷ, മയക്കുമരുന്ന് കടത്ത് തടയുക, പ്രകൃതി ദുരന്തങ്ങളിൽ സഹായിയ്ക്കുക...തുടങ്ങിയ നിരവധി ജോലികളുണ്ട് ഡോഗ് സ്ക്വാഡിന്. പൊലീസ് സേനയ്ക്കായി സേവനം ചെയ്ത് മരണപ്പെടുന്ന ശ്വാനന്മാർക്കായുള്ള അന്ത്യവിശ്രമ കേന്ദ്രവും, കുടീരവും കേരളപൊലീസ് അക്കാഡമിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തിരുന്നു. ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി കുടീരം സമർപ്പിച്ചത്. അക്കാഡമിയിലെ വിശ്രാന്തിയോട് ചേർന്നാണ് കുടീരം. ഒപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കേരള പൊലീസ് സർവീസിലെ ഓരോ ശ്വാനന്മാരുടെയും ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ പ്രദർശിപ്പിച്ച് ഓരോ ഡോഗിന്റെയും ഓർമ്മയ്ക്ക് പ്രത്യേകം ബലികൂടീരങ്ങൾ ഇവിടെ തയ്യാറാക്കുന്നുണ്ട്. സേവന കാലാവധി പൂർത്തിയാക്കുന്ന പൊലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായാണ് വിശ്രാന്തി എന്ന പേരിൽ റിട്ടയർമെയന്റ് ഹോം. സേനയിൽ പരിശീലനം പൂർത്തിയാക്കി മരണപ്പെട്ട ഡോഗുകൾക്കെല്ലാം ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓണർ നൽകുന്നുണ്ട്. 2019 മേയ് 29 ന് ആരംഭിച്ച വിശ്രാന്തിയിൽ 18 ഡോഗുകളുണ്ട്. വെറ്റിനറി ഡോക്ടർമാരുടെ സേവനവും ശ്രദ്ധയും ലഭ്യമാക്കുന്നുണ്ട്. ചുരുക്കത്തിൽ പൊലീസ് സേനയുടെ കരുത്തും ബുദ്ധിയും കൂട്ടുന്നത് ഈ വീരൻമാരുടെ സ്ക്വാഡ് കൂടിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.