SignIn
Kerala Kaumudi Online
Thursday, 25 April 2024 3.50 PM IST

ലോക്കാകാൻ നിൽക്കരുത്...

health

ലോക്ക് ഡൗൺ കഴിയാൻ കാത്തിരിക്കുകയാണ് പലരും. എങ്ങനെയെങ്കിലും ഒന്ന് വെളിയിൽ ചാടാൻ. ലോക്ക്ഡൗൺ കാരണം പലവിധ ബുദ്ധിമുട്ടുകളിൽ പെട്ടു പോയവരുണ്ട്. അവരിൽ ചിലരുടെ ജീവിതം തന്നെ വഴിമുട്ടിപ്പോകുമെന്ന അവസ്ഥ കൂടി പരിഗണിച്ചാണല്ലോ ലോക്ക്ഡൗൺ നിബന്ധനകൾക്ക് ഇളവ് നൽകിയത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് എല്ലാം സാധാരണയായതുപോലുള്ള പ്രതീതിയാണ് പൊതുനിരത്തുകളിൽ കാണുന്നത്. നമ്മുടെ ഈ നിയന്ത്രണമില്ലായ്മ വീണ്ടുമൊരു ലോക്ക് ഡൗൺ സാദ്ധ്യത തള്ളിക്കളയുന്നില്ല.

അതിനാൽ,​ വീണ്ടുമൊരു ലോക്ക് ഡൗൺ ഒഴിവാക്കാൻ

നമ്മളെകൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ നടപ്പിലാക്കിയേ മതിയാകു. ഭാവി ജീവിതം സുഗമമാക്കാൻ വേണ്ടിയുള്ള നമ്മുടെ കടമകൂടിയാണിത്. ഒഴിവാക്കാവുന്ന പല കാര്യങ്ങളും നമ്മളിപ്പോഴും ചെയ്തുവരുന്നു എന്നതാണ് വാസ്തവം.

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ പോകുന്ന അച്ഛൻ അഞ്ച് വയസ്സുള്ള കുട്ടിയെ കൂടി ഒരു കാരണവുമില്ലാതെ കൂട്ടുന്നത് എന്തിന്റെ പേരിലാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

നിയമപാലകർ കണ്ടില്ലെങ്കിൽ കൂട്ടം കൂടാനും ബന്ധുവിന്റെയും സുഹൃത്തിന്റെയും വീട്ടിൽ പോകാനും പലർക്കും മടിയില്ല.

പൊലീസിനെ പേടിച്ച് മാത്രം മാസ്ക് വയ്ക്കുന്നതും കഴുത്തിൽ മാസ്കിട്ടിരിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്.

ആശുപത്രിയിലെത്തുന്നവരിൽ 25 ശതമാനം രോഗികളോടെങ്കിലും ശരിയായി മാസ്ക് ധരിക്കാൻ ആവർത്തിച്ച് പറയേണ്ടി വരുന്നുണ്ട്.

എത്ര ദിവസമായി ഒന്ന് കറങ്ങാൻ പോയിട്ട്? എന്ന് പറയുന്നവരോട് അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങട്ടെയെന്നും അത്യാവശ്യമില്ലാത്തവർ അകത്തിരിക്കണമെന്നും അപേക്ഷയുണ്ട്.

ബന്ധുക്കളേയും കിടപ്പുരോഗികളേയും സന്ദർശിക്കാൻ ഓടിച്ചാടി പോകേണ്ടതില്ല. അത്തരം സന്ദർശനങ്ങളുടെ അടുത്തദിവസങ്ങളിൽ നിങ്ങളുടെ കൊവിഡ് പരിശോധനാഫലം ഒരുപക്ഷേ പോസിറ്റീവായാൽ നല്ല സൂപ്പർ ചീത്തവിളി പാർസലായി കിട്ടുമെന്നറിയാമല്ലോ? അതുവരെയുണ്ടായിരുന്ന സൗഹൃദമൊക്കയും അതോടെ അവസാനിക്കുകയും ചെയ്യും.

മരണവും വിവാഹവും മറ്റു ചടങ്ങുകളും ആർഭാടമാക്കാൻ സാധിക്കാത്തതിനാൽ അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ആളെക്കൂട്ടുന്ന പരിപാടികൾക്ക് പരമാവധി നിയന്ത്രണമുണ്ടെങ്കിൽ മാത്രമേ ഇനിയുമൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ കഴിയൂ. ഒരുവിധം ജീവിതോപാധികൾ നടത്തിക്കൊണ്ടിരുന്നവർക്കാർക്കും അതുപോലെതന്നെ മുന്നോട്ടു പോകാൻ സാധിക്കുന്ന അവസ്ഥയല്ല നിലവിലുള്ളത്. അതിൽ പരസ്പരം പഴിചാരിയിട്ട് കാര്യവുമില്ല. കാര്യങ്ങൾ ഗുരുതരമാകാതിരിക്കാൻ ആവശ്യമായ നിബന്ധനകൾ സ്വയം അനുസരിക്കുകയേ നിവൃത്തിയുള്ളൂ.

വ്യാപാരസ്ഥാപനങ്ങളിൽ

അതീവ ശ്രദ്ധ വേണം

അക്ഷയ സെന്ററുകൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും നമുക്ക് ഒഴിവാക്കാവുന്നവയല്ല. അവിടെയെല്ലാം നമ്മളുമായി സഹകരിക്കേണ്ടിവരുന്നവർ ഒരുപക്ഷേ കൊവിഡ് പോസിറ്റീവായവർ ആയിരിക്കാമെന്നും,​ ഒരു കാരണവശാലും ആ രോഗം എന്നെക്കൂടി ബാധിക്കരുതെന്ന രീതിയിലുള്ള മുൻകരുതലുമാണ് സ്വീകരിക്കേണ്ടത്. വ്യാപാര സ്ഥാപനങ്ങളിലെ വസ്തുക്കളിൽ ആവശ്യമുള്ളവ മാത്രം എടുക്കുക. എടുത്ത വസ്തുക്കൾ കഴിവിന്റെ പരമാവധി തിരികെ വയ്ക്കരുത്. കയ്യിലെടുത്ത് നല്ലത് നോക്കി തിരിഞ്ഞു വാങ്ങുന്നത് തൽക്കാലം ഒഴിവാക്കുക.

യാത്രകൾ

സുരക്ഷിതമാകണം

അന്യ സംസ്ഥാനത്തേക്കുള്ളവ ഉൾപ്പെടെ ഒഴിവാക്കാൻ സാധിക്കാത്ത യാത്രകൾ പരമാവധി സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കുക.

അപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഒരപകടമുണ്ടായാൽ അതുമായി നിരവധി ആളുകൾക്ക് ബന്ധപ്പെടേണ്ടിവരും.അതിൽ ആരെങ്കിലുമൊരാൾ കൊവിഡുള്ള ആളാണെങ്കിൽ എത്ര കുടുംബങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത് എന്ന് ആലോചിക്കുന്നത് നന്ന്.

അപകടമുണ്ടാകാൻ സാദ്ധ്യതയുള്ള വിധത്തിലാണ് പലരും നടക്കുന്നതെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ അവർ പരമാവധി സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ അതത് കമ്പനികൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവർ എത്തിച്ചേരുന്ന വീടുകളിലെ ഓരോ കസ്റ്റമേഴ്സും അപകടത്തിലാകും.

സംവാദങ്ങൾക്കും സ്നേഹം പങ്കിടുന്നതിനും ആവശ്യങ്ങൾ അന്വേഷിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾതന്നെ മതിയാകും. ആരും ഒരു കാരണവശാലും പരസ്പരം കാണരുതെന്നല്ല. കാണുമ്പോൾ പാലിക്കേണ്ട സുരക്ഷിതത്വങ്ങൾ പാലിച്ചും ഒഴിവാക്കേണ്ടവ ഒഴിവാക്കിയും മാത്രം ഇടപെടുക. അത് രണ്ടുകൂട്ടരുടേയും ബാദ്ധ്യതയാണ്. ഏറ്റക്കുറച്ചിലുകൾ ആവശ്യമില്ലാത്ത ഉത്തരവാദിത്തമാണ്.

സോപ്പ് നല്ലത്

സാനിറ്റൈസറിനെ അധികമാശ്രയിക്കാതെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് തന്നെയാണ് നല്ലത്. പ്രതിരോധ മരുന്ന് കഴിച്ചെന്നും രണ്ടു ഡോസ് വാക്സിനേഷനെടുത്തെന്നും പറഞ്ഞ് സുരക്ഷിതത്വത്തിൽ കുറവ് വരുത്തുന്നത് അഭികാമ്യമല്ല. ഇവ രണ്ടും ബ്രേക്ക് ദി ചെയിൻ പോളിസിയ്ക്കൊപ്പം പാലിക്കുവാൻ ശ്രദ്ധിക്കുക.

എന്തിനായാലും പുറത്തുനിന്നുമുള്ള ഒരാൾ വീടിനകത്തേക്ക് വരുന്നത് തൽക്കാലം നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ പല വീടുകളിൽ പോകാൻ സാദ്ധ്യതയുള്ള വീട്ടുജോലിക്കാരുടെ കാര്യത്തിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. വീടിന്റെ പുറംപണികളിൽ അവർക്ക് മാത്രമായി പ്രത്യേകം കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളുണ്ടെങ്കിൽ അത് മാത്രം അനുവദിക്കുക.

പഠിച്ചാൽ പോര

പാലിക്കണം

മാസ്ക് ശരിയായി ഉപയോഗിച്ചിട്ടില്ലാത്ത കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങരുത്. ഉപഭോക്താവിനേയും നിയമപാലകരേയും കാണുമ്പോൾ മാത്രം മാസ്കിടുന്നവരെ തൽക്കാലം ഒഴിവാക്കുക. പലവിധ സാധനങ്ങൾ വീടുകളിൽ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നവരേയും പ്രോത്സാഹിപ്പിക്കേണ്ടതില്ല.

കൊവിഡും അതുപോലുള്ള പകർച്ചവ്യാധികളും തരംഗങ്ങളും ആവർത്തിച്ചുകൂടാതില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലൊക്കെയും നമ്മൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ രീതികൾ പഠിച്ചേ മതിയാവൂ. ആർക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല. അനുസരിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ടും ശീലിച്ചരീതികൾ അല്ലാത്തതുകൊണ്ടുമാണ് ആശയക്കുഴപ്പവും എതിർവാദങ്ങളും ഉണ്ടാകുന്നത്. പൊതുജനനന്മ ലക്ഷ്യമാക്കി കൊവിഡിനെ പിടിച്ചുകെട്ടാൻ കൂടുതൽ ശ്രദ്ധ നൽകുന്നവരായി നമുക്കിനിയും മാറേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.