SignIn
Kerala Kaumudi Online
Friday, 19 April 2024 7.08 PM IST

ഉത്ര,​ പ്രിയങ്ക,​ വിസ് മയ,​അർച്ചന,​ സുചിത്ര... ആരാണ് അടുത്ത ഇര ?​ സ്ത്രീധന പീഡനങ്ങളിൽ ഞെട്ടിത്തരിച്ച് കേരളം

death

തിരുവനന്തപുരം: സ്ത്രീധനപീഡനവും അതേ തുടർന്നുള്ള കൊലപാതകങ്ങളും ആത്മഹത്യകളും നാൾക്കുനാൾ വർദ്ധിക്കുന്ന സംസ്ഥാനത്ത് സർക്കാരും നിയമസംവിധാനങ്ങളും നോക്കുകുത്തികളായി മാറുകയാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തി കൊലപ്പെടുത്തിയ ഇന്ത്യയിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന കേസായിരുന്നു അഞ്ചൽ സ്വദേശിനിയായ ഉത്രയുടെ കൊലപാതകം.

കേസിൽ മുഖ്യപ്രതിയായ ഭർത്താവിനെയും സംഭവത്തിന് കൂട്ടുനിന്ന ഭർത്തൃവീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾക്ക് വിധേയരാക്കുകയും ചെയ്തെങ്കിലും വീടുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ജീവൻപൊലിഞ്ഞ പ്രിയങ്ക മുതൽ സുചിത്രവരെയുള്ളവരുടെ പട്ടിക. മകളുടെ സുരക്ഷിതമായ ഭാവിയെ ഓ‌ർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബര കാറും നൽകി കെട്ടിച്ചയച്ച എത്രയെത്ര പെൺകുട്ടികളാണ് ദുരമൂത്ത ആർത്തിപണ്ടാരങ്ങളുടെ അത്യാഗ്രഹത്തിനൊടുവിൽ തീകൊളുത്തിയും വിഷംകുടിച്ചും ഒരുമുഴം കയറിലും ജീവനൊടുക്കിയത്. നിയമ നടപടികൾക്കൊപ്പം മലയാളികളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റമുണ്ടായാൽ മാത്രമേ സ്ത്രീധനത്തെചൊല്ലിയുള്ള തർക്കങ്ങളും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസവും സൗന്ദര്യവും ജോലിയുമുള്ള പെൺകുട്ടികൾപോലും വിവാഹക്കമ്പോളത്തിൽ വിലപേശലിന് വിധേയമാകുന്ന നാട്ടിൽ നിയമ നടപടികൾകൊണ്ടുമാത്രം സ്ത്രീധനമെന്ന വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെട്ട സംസ്ഥാനത്ത് 2015 ൽ സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ സംബന്ധിച്ച് 1256 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2019ൽ കേസുകളുടെ എണ്ണം 2076 ആയി. 820 കേസുകളുടെ വർദ്ധനയാണ് ഉണ്ടായത്. സ്ത്രീകൾക്ക് നേരെ നടന്ന വിവിധ അതിക്രമങ്ങളിലായി 4579 കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. ഭർതൃ വീടുകളിൽ പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2019 ൽ മാത്രം 2991 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018 നേക്കാൾ 845 കേസുകളുടെ വർദ്ധനയാണ് ഉണ്ടായത്.

സ്ത്രീകളുടെ രാത്രികാല നടത്തം വനിതാമതിലും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയ സംസ്ഥാനത്ത്,​ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

#2020 മെയ് 7

ഉത്രവധക്കേസ്

സ്ത്രീധനവും പണവും ആവശ്യപ്പെട്ടുള്ള ക്രൂര പീഡനങ്ങൾക്കൊടുവിൽ കഴിഞ്ഞ 2020 മേയ് ഏഴിന് രാവിലെയാണ് അഞ്ചൽ ഏറം വെള്ളാശ്ശേരിൽവീട്ടിൽ ഉത്രയെ (25) അഞ്ചൽ ഏറത്തുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉത്രയുടെ ഭർത്താവായ സൂരജ് പാമ്പുപിടിത്തക്കാരനായ സുരേഷിൽനിന്ന് വാങ്ങിയ മൂർഖൻ പാമ്പിനെക്കൊണ്ട് തലേന്ന് രാത്രി ഉത്രയെ കടിപ്പിക്കുകയായിരുന്നു. മാർച്ച് രണ്ടിന് പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽവച്ചും ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. അന്ന് സൂരജിന് അണലിയെ നൽകിയതും സുരേഷാണ്. ഉത്രയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറി‌ഞ്ഞത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ആറിലാണ് കേസിന്റെ വിചാരണ നടപടികൾ നടന്നുവരുന്നത്.

കൊലപാതകം, കൊലപാതകശ്രമം, വിഷം കൊടുത്ത് പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.സൂരജ് വിചാരണ തടവുകാരനായി ജയിലിൽ തുടരുകയാണ്.

2021 മെയ് 12

പ്രിയങ്കയുടെ മരണം

വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകൾ ജെ.പ്രിയങ്കയെ (25) മേയ് പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് ശേഷമാണ് കുടുംബവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി പി. രാജിനാണ് പ്രിയങ്കയുടെ ഭർത്താവ്. മരിക്കും മുമ്പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ച വട്ടപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തശേഷം പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി. പിരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉണ്ണിയുടെ അമ്മ ശാന്തമ്മയും കേസിൽ പ്രതിയാണ്. സ്ത്രീധന പീഡനം,​ ആത്മഹത്യാ പ്രേരണ,​ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസ് നെടുമങ്ങാട് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.

2021ജൂൺ21​

വിസ്മയ

സ്ത്രീധനത്തിന്റെ പേരിൽ കൊടുംപീഡനം അനുഭവിക്കേണ്ടി വന്ന ചടയമംഗലം നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെ കഴിഞ്ഞദിവസമാണ് ഭർത്തൃഗൃഹമായ കുന്നത്തൂർ ശൂരനാട് അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറാണ് വിസ്മയയുടെ ഭർത്താവ്. ഭർത്താവിൽ നിന്നുണ്ടായ ക്രൂരമായ ശാരീരിക പീഡനങ്ങളെ തുടർന്ന് ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളും മർദ്ദനമേറ്റതിന്റെ ഫോട്ടോകളും യുവതിയുടെ വീട്ടുകാർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വിസ്മയ ആത്മഹത്യചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് വീട്ടുകാരുടെ ആരോപണം. കൊല്ലം ആർ.ടി.ഒയുടെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ കരുനാഗപ്പള്ളി മൊബൈൽ പട്രോളിംഗ് സ്ക്വാഡിലെ അസി.വെഹിക്കിൾ ഇൻസ്‌പെക്ടറാണ് കിരൺകുമാർ. സ്ത്രീധനമായി നൽകിയ കാറിന് മൈലേജ് കുറവായതിനാൽ അത് വിറ്റ് നൽകണമെന്ന ആവശ്യത്തെച്ചൊല്ലിയുള്ള കലഹവും പീഡനവുമാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ വനിതാ കമ്മിഷനും മനുഷ്യാവകാശകമ്മിഷനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിരൺകുമാറിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

2021 ജൂൺ21

അർച്ചന

വാടകവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിലാണ്

വെങ്ങാനൂർ വെണ്ണിയൂർ ചിറത്തലവിളാകം വീട്ടിൽ അശോകൻ - മോളി ദമ്പതികളുടെ മകൾ അർച്ചനയെ (24) കാണപ്പെട്ടത്.

അർച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു.

വെൽഡിംഗ് തൊഴിലാളിയാണ് സുരേഷ്. സുരേഷിന്റെ മാതാപിതാക്കൾ അർച്ചനയുടെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും ഇതേചൊല്ലി അർച്ചനയും സുരേഷും തമ്മിൽ വഴക്കും പ്രശ്നങ്ങളുമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നും അർച്ചനയുടെ വീട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞദിവസം അർ‌ച്ചനയുടെ അച്ഛനമ്മമാരെ കാണാനെത്തിയപ്പോൾ സുരേഷ് കുപ്പിയിൽ ഡീസൽ വാങ്ങി കൈവശം വച്ചിരുന്നതായും അ‌ർച്ചനയുടെ വീട്ടുകാർ ആരോപിച്ചു.

അർച്ചനയെ സുരേഷ് തീകൊളുത്തി കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.


2021 ജൂൺ 22​

സുചിത്ര

സ്ത്രീധന പീഡനത്തിലും ഭർത്തൃവീട്ടിലെ പീഡനങ്ങളിലും കേരളം ഞെട്ടിത്തരിച്ചിരിക്കുന്നതിനിടെയാണ് ഇന്നലെ ആലപ്പുഴയിലെ വള്ളികുന്നത്ത് 19 കാരിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓച്ചിറ സ്വദേശി സുചിത്രയെയാണ് (19)​ വള്ളികുന്നം കടുവിനാലെ ഭർത്തൃവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് വിഷ്ണു സൈനികനാണ്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിഷ്ണു ജോലി സ്ഥലത്താണ്. മരണത്തിൽ വീട്ടുകാർ അസ്വാഭാവികത ആരോപിച്ചതിനെ തുടർന്ന് വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#സംസ്ഥാനത്തെ സ്ത്രീധന പീഡനക്കേസുകളുടെ പട്ടിക

വർഷം എണ്ണം
2009 21
2010 21
2011 15
2012 32
2013 21
2014 28
2015 8
2016 25
2017 12
2018 (അന്തിമമല്ല) 16
2019 (സെപ്തംബർ വരെ) 4

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.