SignIn
Kerala Kaumudi Online
Thursday, 25 April 2024 4.53 PM IST

എതിരില്ലാതെ മരയ്ക്കാർ, 600 സ്‌ക്രീനുകളിൽ റിലീസ്

marakkar

മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനൊരുങ്ങുന്നു.കേരളത്തിൽ മാത്രം 600 തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധി കാരണം പലതവണ റിലീസ് മാറ്റിവച്ച ചിത്രം ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മരയ്ക്കാർ റിലീസായി മൂന്നാഴ്ചയോളം മറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല. മൂന്നാഴ്ച കഴിഞ്ഞ് ഒ.ടി.ടി പ്ളാറ്റ് ഫോമിലും ചിത്രം റിലീസ് ചെയ്യും.

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷനു (ഫിയോക്ക് ) മായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടന്ന ചർച്ചയിലാണ് മരയ്ക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാൻ തീരുമാനമായത്.മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടിയോളമാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ കോൺഫിഡന്റ് സി.ജെ. റോയിയും മൂൺ ഷോട്ട് എന്റർടെയ്‌ൻമെന്റ്സ് സന്തോഷ് ടി. കുരുവിളയുമാണ്.

2020 മാർച്ച് 20ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന മരയ്ക്കാർ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദ്ര എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്. മോഹൻലാലിനൊപ്പം പ്രഭു അർജുൻ, കിച്ച സുദീപ്, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി, മുകേഷ്, നെടുമുടിവേണു, സിദ്ദിഖ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.വൻ മുതൽമുടക്കിലൊരുങ്ങി രണ്ടു വർഷത്തോളമായി റിലീസിന് കാത്തിരിക്കുന്നതിനാലാണ് മരയ്ക്കാറിനൊപ്പം മറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന തീരുമാനം നിർമ്മാതാക്കളുടെയും തിയേറ്ററുടമകളുടെയും സംഘടനകൾ കൈക്കൊണ്ടത്.

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തിയേറ്ററുകൾ എന്നുമുതൽ തുറന്ന് പ്രവർത്തിക്കാമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടുത്ത മാസത്തോടെ പ്രദർശനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.2019 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മരയ്ക്കാരെ കേരളത്തിനകത്തും പുറത്തുമുള്ള സിനിമാപ്രേമികൾ ആവേശപൂർവ്വമാണ് കാത്തിരിക്കുന്നത്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥാണ് മരയ്ക്കാറിന്റെ വിഷ്വൽ ഇഫക്ട്സ് കൈകാര്യം ചെയ്യുന്നത്. മരയ്ക്കാറിലൂടെ സിദ്ധാർത്ഥും ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.