SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.29 PM IST

ഇന്ത്യയ്ക്ക് ലഭിച്ച വലിയ നേട്ടം

fdi

കൊവിഡും ലോക്ക‌്‌ഡൗണും മറ്റുമായി ഇന്ത്യയിലെ മാത്രമല്ല ലോകത്തിന്റെ തന്നെ സാമ്പത്തികരംഗം മരവിച്ച് കിടക്കുകയാണ്. കൊവിഡ് ആഘാതത്തിൽ നിന്ന് ഇന്ത്യയ്ക്ക് കരകയറാൻ ഏറ്റവും കുറഞ്ഞത് ഒരു വർഷം വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അശുഭകരമായ വാർത്തകളുടെ കുത്തൊഴുക്കിനിടയിൽ ഇന്ത്യൻ സാമ്പത്തികരംഗത്തിന് വളരെ പ്രതീക്ഷ നൽകുന്ന ഒരു വസ്തുത ഉണ്ടായിരിക്കുന്നു. ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 2019നെ അപക്ഷിച്ച് 2020- ൽ 27 ശതമാനം വർദ്ധിച്ചു എന്നതാണത്. കഴിഞ്ഞ വർഷം ഇന്ത്യ നേടിയത് 6400 കോടി ഡോളറാണ്. കൊവിഡ് വ്യാപനം തരിശാക്കിയ സമ്പദ് വ്യവസ്ഥയ്ക്ക് അതിവേഗം തിരിച്ചുകയറാനുള്ള പാലമാണത്. എഫ്.ഡി.ഐയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉദാരവത്‌കരണ നയങ്ങളും കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ ഭരണവുമാണ് കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കാൻ ഇടയാക്കിയത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാംസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

2020-ൽ ആഗോളതലത്തിൽ എഫ്.ഡി.ഐ 35 ശതമാനം ഇടിഞ്ഞപ്പോഴാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഇന്ത്യയിലെ നിക്ഷേപം 2019ൽ 5100 കോടി ഡോളറായിരുന്നു. അതാണ് 27 ശതമാനം ഉയർന്ന് 6400 കോടി ഡോളറിലെത്തിയത്. ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ച സംസ്ഥാനങ്ങളിൽ ഗുജറാത്തും മഹാരാഷ്ട്രയും ഉൾപ്പെടുന്നു. ഈ പട്ടികയിൽ വളരെ താഴെയാണ് കേരളം. വിദേശനിക്ഷേപം കൂടുമ്പോഴാണ് ഒരു രാജ്യവും സംസ്ഥാനവും സാമ്പത്തിക വളർച്ചയിൽ കുതിച്ചുചാട്ടം നടത്തുന്നത്. ആശയങ്ങൾക്ക് നമ്മൾ പിറകിലല്ല. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറാകുന്ന തൊഴിൽസേനയും നമുക്കുണ്ട്. പണമാണ് ആവശ്യത്തിന് ഇല്ലാത്തത്. ഈ കുറവാകും വിദേശനിക്ഷേപത്തിലൂടെ നികത്തപ്പെടുന്നത്. ചൈന ലോകസാമ്പത്തിക ശക്തിയായത് എൺപതുകളിൽ ഡെംഗ് സിയാവോ പിംഗ് നടത്തിയ സാമ്പത്തിക പരിഷ്കാര നടപടികളിലൂടെ ആയിരുന്നു. കുറഞ്ഞ വേതനത്തിൽ അച്ചടക്കമുള്ള തൊഴിലാളികളെ മാത്രമാണ് ചൈന നൽകിയത്. ആപ്പിൾ അമേരിക്കൻ കമ്പനിയാണെങ്കിലും അതിന്റെ ഫോൺ നിർമ്മിക്കുന്നത് ചൈനയിലാണ്. കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കും എന്നതാണ് വിദേശനിക്ഷേപത്തിന്റെ ഏറ്റവും വലിയ പ്രയോജനം. വിദേശ കമ്പനികൾ വരുമ്പോൾ ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് മുന്നിൽ അന്താരാഷ്ട്ര മാർക്കറ്റുകൾ തുറക്കപ്പെടും.
വിദേശനിക്ഷേപത്തിനുള്ള പല വിലക്കുകളും നീക്കി ഉദാരീകരണ നടപടി സ്വീകരിച്ചത് 1991-ൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗാണ്. അതിന് മുമ്പ് ഇന്ത്യ വിദേശ നിക്ഷേപകർക്ക് ഒട്ടും ആകർഷകമായിരുന്നില്ല. ഗൾഫ് യുദ്ധത്തിന് ശേഷം പെട്രോൾ വില കൂടുകയും വിദേശനാണ്യ വരുമാനത്തിന്റെ വിടവ് കൂടുകയും ചെയ്ത അന്തരാള ഘട്ടത്തിലാണ് ഇന്ത്യ വിദേശനിക്ഷേപത്തിനുള്ള പല വിലക്കുകളും നീക്കിയത്. ഇതിനെ വിമർശിക്കുന്നവർ ഇപ്പോഴും ഉണ്ടെങ്കിലും അതുകൊണ്ട് ഇന്ത്യയ്ക്ക് ഗുണമല്ലാതെ വലിയ ദോഷമൊന്നും സംഭവിച്ചിട്ടില്ല.

വ്യവസായരംഗത്ത് കൂടുതൽ വിദേശനിക്ഷേപം ആർജ്ജിക്കാനുള്ള നടപടികൾ കേരളവും ത്വരിതപ്പെടുത്തണം. വിദേശ നിക്ഷേപത്തിനൊപ്പം പുതിയ ടെക്നോളജിയും വരും. ഇത്തരം അറിവ് കൈമാറ്റത്തിലൂടെ അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിവുള്ള നാടാണ് കേരളം. ഇവിടത്തെ ഖനന മേഖലയിൽ പുതിയ ടെക്‌നോളജി വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. കരിമണൽ സമ്പത്തിന്റെ യഥാർത്ഥ വില ഇന്നും നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല എന്നത് ദുഃഖകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREIGN DIRECT INVESTMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.