SignIn
Kerala Kaumudi Online
Thursday, 25 April 2024 9.31 AM IST

രാകിമിനുക്കിയ കർമതേജസ്

alayil-swami

ആലയിൽ സ്വാമി എന്ന ഭഗവാൻ ചിന്താലയേശൻ സമാധിയായതോടെ ഭാരതത്തിന്റെ ആദ്ധ്യാത്മിക ഭൂമികയിൽ ഒരു സിദ്ധപുരുഷൻ കൂടി ദേഹം വെടിഞ്ഞു. ആരായിരുന്നു ആലയിൽ സ്വാമി ? അവധൂതനാണ്, കർമ്മയോഗിയാണ്. സാധുസംരക്ഷണം വ്രതമായി സ്വീകരിക്കുകയും ജനമനസുകളിൽ ഈശ്വര അഭിവാഞ്ജ വളർത്തുകയും ചെയ്ത യോഗീശ്വരനാണ്. 1934 ജൂൺ 18-നാണ് ഭൂജാതനായത്. ചെറിയ പ്രായത്തിൽ തന്നെ പിതാവിൽനിന്നും കേട്ടുപഠിച്ച രാമായണമാണ് ആദ്ധ്യാത്മിക ജീവിതത്തിന് മുതൽക്കൂട്ടായത്. സാമാന്യവിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം ശാന്തിപഠനത്തിന് ചേർന്നു. പുരോഗമന ചിന്താഗതിക്കാരനായ ഒരു ബ്രാഹ്മണശ്രേഷ്ഠനും തിരുവല്ല കുഴിക്കാട്ടില്ലത്ത് ഭട്ടതിരിപ്പാടും കാണിപ്പയ്യൂർ നമ്പൂതിരിപ്പാടും ചേർന്ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം തുടങ്ങിയ ശാന്തിപഠന ക്ലാസിലാണ് ബ്രാഹ്മണനല്ലാത്ത ചിന്താലയേശൻ ചേർന്നത്. അക്കാലത്തെപ്പറ്റി അദ്ദേഹം അനുസ്മരിക്കുന്നതിങ്ങനെ: ശാന്തി പഠിക്കാൻ കുറച്ച് കുട്ടികളുണ്ടായിരുന്നു. കൂടുതൽ പേരും പൂണൂലിട്ടവരാണ്. ഇല്ലാത്തവരായി ഞാനും ആദിവാസിക്കുട്ടികളും മാത്രം. എനിക്ക് പൂണൂലില്ലാത്തത് എന്താണെന്ന് പലരും ചോദിച്ചു. ഞാൻ പറഞ്ഞു 'എനിക്ക് പൂണുനൂൽ വേണ്ട. പൂണുനൂലെന്ന് പറയുന്നത് എന്താണ്? ശരിയായ അർത്ഥത്തിലും തത്വത്തിലുമാണോ പൂണൂൽ ധരിക്കുന്നത് ? ബ്രഹ്മജ്ഞാനിയുടെ ലക്ഷണമാണ് പൂണുനൂൽ. ഇപ്പോഴത്തെ പൂണുനൂലിനെ ഊണു നൂലാക്കി എന്നു പറയുന്നതാവും ശരി. ഈ ക്ഷേത്രമുണ്ടാക്കിയവന്റെ ജാതിക്കാരനാണ് ഞാൻ. എന്നെ പഠിപ്പിക്കാൻ ഇഷ്ടമുണ്ടെങ്കിൽ പഠിപ്പിച്ചാൽ മതി. അതിനുശേഷം എന്നെയും പഠിപ്പിച്ചു. ഞാൻ നന്നായി പഠിച്ചു. '
പഠനശേഷം കുലത്തൊഴിലായ ഇരുമ്പ് പണിയിലാണ് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്. സത്യസന്ധമായി ജോലിചെയ്തും അമ്മയെ സഹായിച്ചും പരോപകാരപ്രവൃത്തികൾ ചെയ്തും മുന്നോട്ടുപോയി. ആദ്ധ്യാത്മികപാതയിലെ മറ്റൊരു വഴിത്തിരിവ് അജ്ഞാതനായ ഒരു അവധൂതനുമായുള്ള ബന്ധമാണ്. ഈ അവധൂതൻ കൂടെക്കൂടെ പ്രത്യക്ഷപ്പെടുകയും ആദ്ധ്യാത്മിക സാധനയുടെ പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തിരുന്നത്രേ. മുതിർന്നപ്പോൾ ഒറ്റയ്ക്കും കൂട്ടമായും തീർത്ഥയാത്രകൾ നടത്തുകയും ഭാരതത്തിൽ അങ്ങോളമിങ്ങോളം അവധൂതനായി അലയുകയും ചെയ്തു അദ്ദേഹം. തന്റെ അവധൂത വൃത്തിയും തീർത്ഥയാത്രകളും കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ അദ്ദേഹം കള്ളിക്കാട്ട് ചിന്താലയ ആശ്രമം സ്ഥാപിച്ചു. തുടർന്ന് പോത്തൻകോട്ടും നെയ്യാറ്റിൻകരയിലെ മരുതൂരും ആശ്രമങ്ങൾ സ്ഥാപിച്ചു.

ചിന്താലയേശന്റെ തത്വശാസ്ത്രം ഇപ്രകാരമാണ് : ഈശ്വരൻ ഒന്നേയുള്ളൂ.
ഈശ്വരന് നാശമില്ല. ഈശ്വരൻ ജനിക്കുകയുമില്ല, മരിക്കുകയുമില്ല. ബ്രഹ്മത്തിന് സുഖവുമില്ല ദുഃഖവുമില്ല. ബ്രഹ്മം ഒന്നിനോടും അടുക്കുകയുമില്ല. ഒന്നും അങ്ങോട്ട് അടുക്കുകയുമില്ല. അറിവിനൊത്ത സ്വഭാവം സ്വഭാവത്തിനൊത്ത ചിന്ത, ചിന്തയ്‌ക്കൊത്ത പ്രവൃത്തി, പ്രവൃത്തിക്കൊത്ത ജീവിതം, ജീവിതത്തിനൊത്ത അനുഭവം, അനുഭവത്തിനൊത്ത കാഴ്ചപ്പാട് ;.പരോപകാര തല്പരതയും കരുണയും അദ്ദേഹത്തിനുണ്ടായിരുന്നു. തമിഴ് ശൈവസിദ്ധാന്തത്തിലും കർണാടക സംഗീതത്തിലും അഗാധമായ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഒൻപതുവർഷം മുൻപാണ് സ്വാമിയെ ആദ്യമായി ഈ ലേഖകൻ കാണുന്നത്. പോത്തൻകോട്ടെ ചിന്താലയ ആശ്രമത്തിൽ, പ്രിയ സുഹൃത്ത് ബാബുവും ഒപ്പമുണ്ടായിരുന്നു. മുൻപൊരിക്കൽ സ്വാമിയെ കാണാൻ ശ്രമിച്ച് പരാജയപ്പെട്ടതിനാൽ അനുവാദം കിട്ടുമോയെന്ന് ആശങ്കയുമുണ്ടായിരുന്നു. ഞങ്ങൾക്കുള്ള വിളി വന്നപ്പോൾ ഒരു മുന്നറിയിപ്പു കൂടിയുണ്ടായിരുന്നു, 'ചെല്ലുക ഒന്ന് കാണുക മടങ്ങുക. അത്രമാത്രം. പാദനമസ്‌കാരമൊന്നും പാടില്ല. ' കണ്ടപാടെ വിലക്കുകൾ മറന്ന് തൊഴുതു, ജടയും നീണ്ട താടിയുമുള്ള,​ വെറുമൊരു ഒറ്റമുണ്ട് മാത്രം ധരിച്ച ഒരാൾ. ഇടയ്ക്ക് കണ്ണുകൾ അടയ്ക്കുന്നു, തീക്ഷ്ണമായ നോട്ടം ഹൃദയം തുളയ്ക്കുന്നതുപോലെ തോന്നി. അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു, എവിടുന്നാ വരുന്നത്, എന്തിനാ
വരുന്നത്. ഞങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ കൈ ഉയർത്തി പറഞ്ഞത് മതി എന്ന അർത്ഥത്തിൽ, പോയി വല്ലതും കഴിച്ചിട്ടു വരൂ എന്ന് പറഞ്ഞു. അകത്തുകയറി സദ്യ കഴിച്ചു. പിന്നെ ഞങ്ങൾ കൊണ്ടുചെന്ന പഴങ്ങൾ സ്വീകരിച്ചിട്ട് ഞങ്ങൾക്കു തന്നെ തന്നു. ഇരിക്കാൻ ആംഗ്യം കാണിച്ചപ്പോൾ ഞങ്ങൾ ഇരുന്നു. ഞങ്ങൾ ചോദിയ്ക്കാൻ കരുതിയ ചോദ്യങ്ങൾക്കെല്ലാം മറുപടി തന്നു.
ഏറ്റവുമൊടുവിൽ സ്വാമിയെ കണ്ടത് 2019-ൽ കള്ളിക്കാട്ടുള്ള ആശ്രമത്തിൽ വച്ചാണ്. ആത്മമിത്രമായ ഹുസൈൻ സാറും ശശിസാറും ഒപ്പമുണ്ടായിരുന്നു. സ്വാമി ഒന്നും സംസാരിച്ചില്ല.
തീക്ഷ്ണവും കരുണാർദ്രവുമായ ഒരു നോട്ടം മാത്രം. അതിനുശേഷം സ്വാമിയെ കാണാൻ പല കാരണങ്ങൾകൊണ്ടും കഴിഞ്ഞില്ല. സമാധിവാർത്ത അറിഞ്ഞപ്പോൾ ആദ്യ കൂടിക്കാഴ്ചയിലെ വാചകം ഓർമ്മവന്നു. ' ഞാൻ ഇരുമ്പു പണിക്കാരനാണ്. ഇരുമ്പ് രാകിക്കൊണ്ടിരിക്കുകയാണ്. രാകി രാകി തീരാറായ ഒരു ഇരുമ്പ് കഷണമാണ് ഞാൻ.' അനുദിനം തുരുമ്പെടുത്തു കൊണ്ടിരിക്കുന്ന മനുഷ്യജന്മം എന്ന ഇരുമ്പുകഷണം രാകിമിനുക്കേണ്ടത് നമ്മുടെ കടമയാണെന്ന മഹത്തായ സന്ദേശമാണ് ആലയിൽ സ്വാമി നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALAYIL SWAMI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.