SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 PM IST

അഭിമാനത്തിന്റെ അളവ് സ്ത്രീധനത്തിന്റെ വലിപ്പമല്ല

vani-devi

സ്ത്രീധന പീഡനങ്ങൾക്ക് പിന്നിലുള്ളത് മാനസിക പ്രശ്‌നങ്ങൾ മാത്രമല്ല സാമൂഹ്യ പ്രശ്‌നങ്ങളും കൂടിയാണ്. ഈ രണ്ട് തലങ്ങളിൽ നിന്നാണ് വിഷയത്തെ സമീപിക്കേണ്ടത്. കുടുംബം എന്നതിനെ കുറിച്ച് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മനസിൽ ഉണ്ടാക്കുന്ന സങ്കല്പവും വിവാഹം അത്യന്താ പേക്ഷിതമാണെന്ന തരത്തിൽ ഇരുവരിലും അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. 60 വർഷം മുമ്പ് രാജ്യത്ത് നിയമം മൂലം നിരോധിച്ച സംവിധാനം ഇപ്പോഴും തുടരുന്നു എന്നത് ഗൗരവമായി കാരണം.

വിവാഹസമയത്ത് ധരിക്കുന്ന സ്വർണം പെൺകുട്ടിയുടെ വീട്ടുകാരുടെ അഭിമാനപ്രശ്‌നമായി കാണുന്നവരാണ് നമുക്ക് ചുറ്റും. സ്ത്രീധനം ചോദിച്ചില്ലെങ്കിലും പണമുള്ള വീട്ടിൽ നിന്ന് കല്യാണം കഴിച്ചാൽ ചോദിക്കാതെ കിട്ടും എന്ന ധാരണയുള്ള പുരുഷന്റെ വീട്ടുകാരും ഏറെയാണ്. മകൾക്ക് ഇത്ര കൊടുത്തു, മകന് ഇത്ര കിട്ടി എന്ന് 'അഭിമാനം" കൊള്ളുന്ന മാതാപിതാക്കളുടെ ചിന്താഗതി മാറണം. അഭിമാനത്തെ സ്ത്രീധനം കൊണ്ട് അളക്കുന്നത് അവസാനിപ്പിക്കണം. ആൺ-പെൺ വ്യത്യാസമില്ലാതെ സമത്വചിന്താഗതി പുലർത്തുന്ന കാഴ്ചപ്പാടും വിദ്യാഭ്യാസവും പെൺമക്കൾക്ക് നൽകിയാൽ അതാണ് ഏറ്റവും വലിയ സമ്പാദ്യം.

അടിച്ചേല്പിക്കരുത്

12 വയസിന് മുമ്പ് കുട്ടികളുടെ മനസിലേക്കെത്തുന്ന ആശയങ്ങൾ അവരുടെ ഉള്ളിൽ പതിയും. അത് മാറ്റുക എളുപ്പമല്ല. നീ പെണ്ണാണെന്നും അടങ്ങിയൊതുങ്ങി കഴിയണമെന്ന് പെൺകുട്ടികളോടും പെണ്ണുങ്ങൾ ഇങ്ങനെയാണെന്നുള്ള അബദ്ധധാരണ ആൺകുട്ടികളിലുമുണ്ടാക്കരുത്. കുട്ടികൾ കളിപ്പാട്ടത്തിന് വഴക്കിട്ടാൽ പെൺകുട്ടിയോട് നീ പെണ്ണല്ലേ വിട്ടുകൊടുത്തുകൂടെ, ക്ഷമിച്ചു കൂടെ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവർ ലിംഗ വ്യത്യാസം കുട്ടികളിലേക്ക് അടിച്ചേല്പിക്കുന്നവരാണ്. ഇതോടെ പെൺകുട്ടിയുടെ മനസിലെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയാകും. നിലപാടുകൾ വ്യക്തമാക്കുന്ന പെൺകുട്ടികൾ അഹങ്കാരികളായി മുദ്രകുത്തപ്പെടുന്നു. പതിയെ അവർ സ്വന്തം നിലപാടുകൾ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവയ്ക്കുന്നു.

 സമ്മർദ്ദത്തിലാക്കരുത്

സ്വന്തം വീട് വിറ്റും കടംവാങ്ങിയും സ്ത്രീധനം നൽകിയാണ് മിക്കപെൺകുട്ടികളെയും വിവാഹം കഴിപ്പിക്കുന്നത്. ഇതോടെ വിവാഹം കഴിഞ്ഞ ശേഷം പെൺകുട്ടിയുടെ ചിന്തകൾ നിരവധിയാണ്. ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായാൽ അവൾ പുറത്ത് പറയാൻ മടിക്കും. ഉള്ളതെല്ലാം വിറ്റുപെറുക്കി തന്നെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ ഭർത്തൃവീട്ടിലെ പ്രശ്‌നങ്ങൾ അറിഞ്ഞാൽ തകർന്നു പോകുമെന്ന സമ്മർദ്ദത്തിലേക്ക് അവൾ എത്തും.

മറ്റൊന്ന് ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നമാണെന്ന് പറഞ്ഞ് മകൾ വീട്ടിൽ വന്നാൽ അത് അഭിമാനക്ഷതമായി കാണുന്ന മാതാപിതാക്കളും പെൺകുട്ടികൾക്ക് മറ്റൊരു സമ്മർദ്ദമാണ്. ഉയർന്ന സാമ്പത്തിക നിലവാരമുണ്ടാകാമെങ്കിലും മകളുടെ വേദനയ്ക്ക് കൃത്യമായ പരിഹാരം കാണില്ല. മകളെക്കാൾ വലുതായി സമൂഹത്തെ കാണുന്ന തെറ്റായ കാഴ്ചപ്പാടും മാറണം. ഭർത്താവ് മദ്യപിച്ച് മർദ്ദിക്കാറുണ്ടെന്ന് പെൺമക്കൾ പറയുമ്പോൾ ആൺപിള്ളേരാകുമ്പോൾ അൽപം കുടിച്ചെന്നിരിക്കും ഒരു കുഞ്ഞാകുമ്പോൾ മാറ്റം വരുമെന്ന് ആശ്വസിപ്പിക്കുന്നവരാണ് ഏറെയും. മകളുടെ ഭാഗത്ത് നിന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.

 വിവാഹമോചനം അപമാനമല്ല

സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിവാഹമോചനമെന്ന പരിഹാരത്തിലേക്കെത്തുന്നത് അപമാനമായി കാണുന്ന കാഴ്ചപ്പാട് ശരിയല്ല. ആണും പെണ്ണും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നതാണ് കുടുംബം. വിവാഹം കഴിച്ചാൽ അവൾ ഭർത്താവിന്റെ കൂടെയാണോയെന്ന് മാത്രമാണ് എല്ലാവരും നോക്കാറുള്ളത്. സന്തോഷത്തോടെയാണോ കഴിയുന്നതെന്ന് അന്വേഷിക്കാറില്ല. വിവാഹം കഴിഞ്ഞ ശേഷം പെൺകുട്ടി അവളുടെ വീട്ടിൽ നിന്നാൽ എന്തോ പ്രശ്‌നമുണ്ടെന്ന ചിന്താഗതിയും അതിനെ ചുറ്റിപ്പറ്റി കഥ മെനയുന്നവരുമാണ് നാടിന്റെ ശാപം. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം ഭരണഘടനയിൽ ഉറപ്പാക്കുന്നുണ്ട്. ആ ഉറപ്പ് മാത്രം മതി ജീവനൊടുക്കാതെ മുന്നോട്ട് പോകാൻ. ഒരു പറ്റം ആളുകൾക്ക് വേണ്ടി നാൾക്കുനാൾ തള്ളി നീക്കുന്ന ജീവിതം ശാശ്വതമല്ല, ഒരിക്കൽ അത് പൊട്ടിത്തെറിക്കും.

 പൊലീസിന് ഒത്തു തീർപ്പ് വേണ്ട

സ്ത്രീധന പീഡനം സംബന്ധിച്ച പരാതി മൂർച്ഛിക്കുമ്പോഴാണ് പൊലീസിന് മുന്നിലെത്തുന്നത്. എന്നാൽ, അതൊരു കുടുംബപ്രശ്‌നമല്ലേ എന്ന് കണ്ട് കേസ് രജിസ്റ്റർ ചെയ്യാതെ ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്. അത് പുരുഷന് മേൽക്കൈ നൽകും. അതോടെ കൂടുതൽ ശക്തമായ അടിച്ചമർത്തലിന് സാഹചര്യമൊരുങ്ങും. നിയമത്തിന്റെ പിൻബലവും തനിക്കില്ലാതായി എന്ന നിസ്സഹായാവസ്ഥ സ്ത്രീകൾക്കുണ്ടാകും. അങ്ങേയറ്റം ക്ഷമിച്ചിട്ടാണ് അവൾ നിയമപരിരക്ഷ തേടുന്നതെന്ന് മനസിലാക്കണം. പോക്സോ കേസുകൾക്ക് സമാനമായ രീതിയിൽ കേസെടുത്ത് കർശന നടപടികളിലേക്ക് കടക്കുകയാണ് വേണ്ടത്. പ്രശ്നത്തിന് പരിഹാരമായെന്ന് സ്ത്രീയ്ക്കും കൈവിട്ട കളിയാണെന്ന് പുരുഷനും ബോദ്ധ്യപ്പെടണം. ഇത്തരം സാഹചര്യത്തിൽ പൊലീസിനെ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകയും വേണം.

ലേഖികയുടെ ഫോൺ: 9496814274

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.