SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.09 PM IST

മറവിയുടെ 'മാരക'വശം

health

ചെറുത് മുതൽ വലിയ കാര്യങ്ങൾ വരെ മറന്നുപോകുന്നുവെന്ന് പ്രായഭേദമന്യേ പരാതിപറയുന്നവരുണ്ട്. ഈ മുടിഞ്ഞ മറവി കാരണം ജീവിതത്തിൽ നേടേണ്ടിയിരുന്ന പലതും നഷ്ടപ്പെട്ടു പോയതായി പരിഭവിക്കുന്നവരും കുറവല്ല.

പല രോഗങ്ങളുടെയും താൽക്കാലിക ലക്ഷണമായി മറവി രോഗം പ്രത്യക്ഷപ്പെടാറുണ്ട്. ടെൻഷൻ, കൺഫ്യൂഷൻ, രക്തത്തിലെ ഷുഗർ ലെവലിന്റെ വ്യത്യാസം, ഓക്സിജന്റെ അളവിലെ കുറവ്, രക്തസമ്മർദ്ദം, മാനസിക രോഗങ്ങൾ എന്നിവയും ഇതിന് കാരണമാകാം. ജീവിതത്തിൽ സംഭവിച്ച വലിയ നഷ്ടങ്ങളെ അപ്പാടെ മറക്കാൻ അതിതീവ്രമായി ശ്രമിക്കുന്ന ചിലരിലെങ്കിലും അതിനൊപ്പം മറ്റ് പലതും കൂടി മറന്നു പോകുന്നതായി കാണാം.

വളരെ അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങൾ മറന്നു പോകുമ്പോഴും പഴയ കാര്യങ്ങൾ നല്ലപോലെ ഓർമ്മിക്കുന്നവരുമുണ്ട്. ഇതുതന്നെ നേരെ തിരിച്ചും സംഭവിക്കുന്നവരും കുറവല്ല. ഇവയെല്ലാം അറിയപ്പെടുന്നത് ഡിമെൻഷ്യ എന്ന പേരിലാണ്.

60 വയസിന് മുകളിലുള്ള അഞ്ച് ശതമാനം ആൾക്കാരിലും 85 വയസിന് മുകളിലുള്ള 50 ശതമാനം ആൾക്കാരിലും മസ്തിഷ്കത്തിലെ തകരാറുകൾ കാരണം സംഭവിക്കുന്ന ഡിമെൻഷ്യ കൂടി ഉൾപ്പെട്ടതാണ് അൽഷിമേഴ്സ് എന്ന രോഗം. ആയുർവേദത്തിൽ മേധാക്ഷയം എന്നാണ് പേര്. മസ് തിഷ്കത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ എളുപ്പമല്ലാത്തതിനാൽ ഈ അവസ്ഥയിൽ എത്തിയ രോഗികൾക്ക് പ്രത്യേക പരിചരണവും ക്ഷമയോടെയുള്ള പരിഗണനയും ആവശ്യമായിവരും.

പൂർണമായ പ്രയോജനം ലഭിച്ചില്ലെങ്കിലും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ചികിത്സ ഉപകാരപ്പെടും. അൽഷിമേഴ്സ് രോഗികളെ വീട്ടിലെ മറ്റ് അംഗങ്ങൾ അവഗണിക്കുന്നതായി അവർക്ക് തോന്നിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകാനാണ് സാദ്ധ്യത. അതിനാൽ രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കി കൊടുക്കാനുള്ള ബോധവത്കരണവും അതോടൊപ്പം സ്വയം മനോബലം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും ആവശ്യമാണ്. എത്ര നന്നായി രോഗിയെ പരിചരിച്ചാലും നിയന്ത്രണം നഷ്ടപ്പെട്ടുപോകുന്ന അവസരങ്ങൾ ധാരാളമായി സംഭവിക്കാമെന്നതിനാൽ ചികിത്സിക്കുന്ന ഡോക്ടർ,​ അൽഷിമേഴ്സ് രോഗിയേക്കാൾ മുൻഗണന പരിചരിക്കുന്നവർക്ക് നൽകേണ്ടി വരാറുണ്ട്.

ഇടക്കാലത്ത് കാര്യങ്ങളൊക്കെ മറന്നുപോകുന്ന രോഗി ക്രമേണ വ്യത്യസ്ത തരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങൾ പ്രദർശിപ്പിച്ചേക്കാം. വസ്തുതകൾ ശരിയായി മനസിലാക്കാനോ തിരിച്ചറിയാനോ അതിനനുസരിച്ച് പെരുമാറാനോ സാധിക്കാതെയും വന്നേക്കാം. ആടിനെ പട്ടിയാക്കുന്നതായി തോന്നുന്ന പല സംഭവങ്ങളും ഇടയ്ക്കിടെ ആവർത്തിക്കാം.

രോഗി ചിലപ്പോൾ കാണിക്കുന്ന അശ്ലീല ചേഷ്ടകളും വാക്കുകളും, അക്രമസ്വഭാവം, വിചിത്രമായ പെരുമാറ്റങ്ങൾ, മലമൂത്രവിസർജനത്തിലെ അപക്വമായ രീതികൾ തുടങ്ങിയവ രോഗിയും വീട്ടുകാരും തമ്മിലുള്ള സമാധാന അന്തരീക്ഷം തകരാറിലാക്കുന്നത് കാണാറുണ്ട്.

രോഗികൾ സ്വയം കാര്യങ്ങൾ മനസ്സിലാക്കി മറ്റുള്ളവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന പ്രതീക്ഷ മിക്കവാറും അസ്ഥാനത്തായേക്കാം. ഓർമ്മക്കുറവും ഒന്നിലും താല്പര്യമില്ലായ്മയും നിയന്ത്രിക്കാനാകാത്ത വികാരവിക്ഷോഭവും ആവർത്തിച്ചു ചെയ്യാൻ തോന്നുന്ന ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവുമൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ.

മറവി കാരണം രോഗികൾ തന്നെ ചിന്താക്കുഴപ്പത്തിലാക്കിയേക്കാം. ചിലപ്പോൾ അത് കാരണം വിഷമവുമുണ്ടാകാം. ഏറ്റവും അടുത്ത സുഹൃത്തിന്റെ പോലും പേരും ഫോൺ നമ്പറും സാധനങ്ങളുടെ പേരും കൂടി മറന്നു പോകാം. വീട്ടിലേക്കുള്ള വഴി മറന്നു പോകുന്നവരുമുണ്ട്.
ക്രമേണ വീടും ബന്ധുക്കളും മക്കളും കിടക്കുന്ന ഇടവുമൊക്കെ മറന്നു പോയേക്കാം. സംസാരിക്കാനും എഴുതാനും കഴിഞ്ഞില്ലെന്നു വരാം. ഭക്ഷണം എടുത്ത് കൊടുത്താൽ തന്നെ അത് ചവയ്ക്കണോ ഇറക്കണോ എന്ന ആശയക്കുഴപ്പം വരാം.

മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരായിപ്പോകാൻ ഇടയുള്ള ഇത്തരം രോഗികളെ അവസരോചിതമായ ഇടപെടൽ കൊണ്ട് ചേർത്തു നിർത്താൻ നമുക്ക് സാധിക്കണം. ശുചിത്വം, ഭക്ഷണം, വസ്ത്രധാരണം, മലമൂത്രവിസർജനം തുടങ്ങിയ കാര്യങ്ങളിൽ രോഗിയെ പ്രത്യേകം ശ്രദ്ധിക്കുകയും ക്ഷമയോടെ സഹായിക്കുകയും വേണം. വർദ്ധിച്ച് കൂടുതൽ വഷളാകാനിടയുള്ള ഈ രോഗത്തെ ചെറുത്തു നിർത്താനും തുടക്കത്തിലേ ചികിത്സിക്കാനും ആയുർവേദ ഔഷധങ്ങൾ പ്രയോജനപ്രദമാണ്. മസ്തിഷ്കത്തിനെ ലക്ഷ്യമാക്കി ചെയ്യുന്ന ചില ചികിത്സകൾക്കായി കിടത്തിചികിത്സയും ആവശ്യമായിവരും.

രോഗിയുടെ നിലവിലുള്ള ശാരീരിക-മാനസിക കഴിവുകൾക്കനുസരിച്ച് കുറെയെങ്കിലും കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കാനും അഭിപ്രായങ്ങൾ പറയാനും പാട്ടുപാടാനും പാട്ടും സിനിമയും ആസ്വദിക്കാനും പത്രം വായിക്കാനും സംഖ്യകൾ കൂട്ടി പറയാനുമൊക്കെ പ്രേരിപ്പിക്കുന്നവരായി ബന്ധുക്കൾ കൂടെ നിൽക്കുകയാണ് വേണ്ടത്.

രോഗിയോട് വഴക്കിടുകയോ ആക്രോശിക്കുകയോ ചെയ്യുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് ഇടവരുത്തുകയേ ഉള്ളൂ. പരിചരിക്കുന്നവരെ വേദനിപ്പിക്കുന്ന പ്രവർത്തികൾ രോഗി ആവർത്തിച്ചുകൊണ്ടിരുന്നാലും സ്നേഹത്തോടും സമാധാനത്തോടും കൂടി അവ കൈകാര്യം ചെയ്യാനുള്ള മനസാന്നിദ്ധ്യം വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ഉണ്ടായേ മതിയാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.