SignIn
Kerala Kaumudi Online
Friday, 29 March 2024 4.52 PM IST

ശിവൻ ഇനി ചരിത്രത്തിന്റെ ഫ്രെയിമിൽ

sivan

ആധുനിക സാങ്കേതിക സംവിധാനങ്ങൾ വരും മുമ്പേ, ഫോട്ടോഗ്രഫിയെ ഒരു കലയായി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച പ്രതിഭയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ശിവൻ എന്ന ശിവശങ്കരൻനായർ. പ്രസ് ഫോട്ടോഗ്രഫിയിലെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ശിവന്റെ കർമ്മ മേഖല ചലച്ചിത്രം ഉൾപ്പെടെ പലരംഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

ഐക്യകേരള രൂപീകരണത്തിനു മുമ്പു തന്നെ പ്രസ് ഫോട്ടോഗ്രാഫറായി ശിവൻ പ്രവർത്തനം തുടങ്ങിയിരുന്നു. ഒരർത്ഥത്തിൽ കേരള രൂപീകരണത്തിന് മുമ്പും പിമ്പും ശിവൻ എടുത്ത ചിത്രങ്ങൾ ഈ നാടിന്റെ ചരിത്രം കൂടിയാണ്. കേരളപ്പിറവി ദിനത്തിൽ ആക്ടിംഗ് ഗവർണർ പി.എസ്.റാവു പ്രതിജഞ ചൊല്ലുന്ന ചിത്രമെടുത്ത ശിവൻ തന്നെയാണ് മറ്റൊരു ചരിത്രമുഹൂർത്തമായ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭാ രൂപീകരണത്തിന്റെ സത്യപ്രതിജഞാ ചടങ്ങും കാമറയിൽ പകർത്തിയത്.

മഹാത്മാഗാന്ധിയായിരുന്നു ശിവന്റെ ഹീറോ. ലളിതമായ ജീവിതം നയിച്ച ശിവൻ തൂവെള്ള വസ്ത്രങ്ങൾ മാത്രമെ ധരിക്കുമായിരുന്നുള്ളൂ. ശിവന്റെ ആദർശത്തിന് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം, അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലൈഫിൽ ശിവനെടുത്ത, കുഞ്ഞുമായി നിൽക്കുന്ന അമ്മയുടെ ചിത്രം ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രതീകമെന്നോണം കുഞ്ഞിനെ കൈകളിലേന്തി ഭിക്ഷ യാചിക്കുന്ന സ്ത്രീ എന്ന തെറ്റായ കാപ്ഷനിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹം വലിയ പ്രതിഫലമുള്ള ആ കോൺട്രാക്ട് ഉപേക്ഷിക്കുകയും ആ പ്രസിദ്ധീകരണത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രധാനമന്ത്രി ശിവനെ അഭിനന്ദിച്ച് കത്തെഴുതുകയുണ്ടായി.

വയനാട്ടിലെ ആദിവാസികളുടെ ജീവിതവും കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചാരുതയും ആദ്യമായി ലോകമറിഞ്ഞത് ശിവന്റെ ഫ്രെയിമുകളിലൂടെയായിരുന്നു.

രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് ശിവൻ സിനിമാ രംഗത്തേക്ക് കടന്നത്. ചെമ്മീൻ എന്ന ചിത്രത്തെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകന്റെ മനസിൽ ആദ്യം തെളിയുന്നത് ശിവനെടുത്ത നിശ്ചല ചിത്രങ്ങളായിരുന്നു.

പി.കേശവദേവിന്റെ സ്വപ്നം എന്ന നോവൽ സിനിമയായി നിർമ്മിച്ച ശിവൻ യാഗം, അഭയം, കൊച്ചുകൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ദേശീയ -അന്തർദ്ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. സംഗീതജഞൻ ശെമ്മങ്കുടിയുടേതടക്കം ഇരുപത്തിയഞ്ചിലധികം ഡോക്യുമെന്റെറികളും സംവിധാനം ചെയ്തു. കുട്ടികൾക്കുവേണ്ടി സിനിമയൊരുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

1959 ൽ തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷന് സമീപം ശിവൻ ആരംഭിച്ച ശിവൻസ് സ്റ്റുഡിയോ തലസ്ഥാനത്തിന്റെ തിലകക്കുറിയായി മാറിയ സാംസ്കാരിക സ്ഥാപനമാണ്. തന്റെ അടുത്ത തലമുറയെ കലാകൈരളിക്ക് സമർപ്പിക്കാൻ കഴിഞ്ഞത് ശിവന്റെ സൗഭാഗ്യമാണ്. മക്കളായ സംഗീത് ശിവനും സന്തോഷ് ശിവനും സ‌‌ഞ്ജീവ് ശിവനും രാജ്യാന്തര കീർത്തി നേടിയപ്പോൾ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാൻ മകൾ സരിതയുടെ പേരിൽ സരിതാ ഫിലിംസ് തുടങ്ങുകയും പ്രിയ പത്നി ചന്ദ്രമണി ശിവന്റെ പേരിൽ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

പ്രതിഭാശാലികളായ കലാകാരന്മാരും എഴുത്തുകാരും ഏറെയുള്ള നാടാണ് നമ്മുടേത് . എന്നാൽ മനുഷ്യത്വവും പ്രതിഭയും ഒത്തുചേർന്നവർ അവരിൽ വിരളമാണെന്നു പറയാം. ശിവൻ മനുഷ്യസ്നേഹിയായ കലാകാരനായിരുന്നു. പത്രാധിപരുടെ കാലം മുതൽക്കെ കേരളകൗമുദിയെ ഹൃദയത്തിൽ കൊണ്ടുനടന്ന വ്യക്തിയായിരുന്നു ശിവൻ. ഞങ്ങളുടെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.