SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.27 PM IST

കപിലും കൂട്ടരും ഇംഗ്ളണ്ടിൽ ക്രിക്കറ്റ് ലോകക്കപ്പ് ഉയർത്തിയിട്ട് ഇന്ന് 38 വർഷം

kapil

ലോകടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇംഗ്ളണ്ടിലേക്ക് വണ്ടി കയറി നാണം കെട്ട തോൽവിയും ഏറ്റുവാങ്ങി നിൽക്കുകയാണ് കൊഹ്ലിയും കൂട്ടരും. എന്നാൽ ഇന്ന് തല കുനിച്ചു നിൽക്കുന്ന അതേ ഇംഗ്ളണ്ടിൽ വച്ചാണ് കൃത്യം 38 വർഷങ്ങൾക്കു മുമ്പ് കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പ് ഉയർത്തുന്നത്.

കൊഹ്ലിയുടെ ഇന്നത്തെ ഇന്ത്യയും കപിലിന്റെ അന്നത്തെ ഇന്ത്യയും തമ്മിൽ വലിയൊരു വ്യത്യാസം ഉണ്ടായിരുന്നു. ഇത്തവണ ഇന്ത്യ ഇംഗ്ളണ്ടിലേക്ക് തിരിച്ചപ്പോൾ, അവർ മടങ്ങിവരുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പായും അവരുടെ കൈകളിൽ ഉണ്ടാകുമെന്ന ആരാധകരുടെ പ്രതീക്ഷകളുടെ അമിതഭാരം അവരുടെ തലയ്ക്കു മീതെ ഉണ്ടായിരുന്നെങ്കിൽ, കപിലിനും കൂട്ടർക്കും അത്തരമൊരു ഭാരം ഇല്ലായിരുന്നു. ഒരു പക്ഷേ തങ്ങൾ ലോകക്കപ്പ് വിജയിക്കുമെന്ന് കപിലോ ടീമംഗങ്ങളോ പോലും കരുതിയിട്ടുണ്ടാകില്ല. 1983ലെ ലോകക്കപ്പിനു മുമ്പ് നടന്ന രണ്ട് ലോകക്കപ്പിലും ഇന്ത്യ ഒരേയൊരു ടീമിനെ മാത്രമാണ് തോല്പിച്ചിട്ടുള്ളത്. ഈസ്റ്റ് ആഫ്രിക്ക എന്ന ചെറിയൊരു ക്രിക്കറ്റ് ടീമിനെ. അന്നത്തെ ഇന്ത്യൻ ടീമിന്റെ നിലവാരം അറിയാൻ ഇതിലും വലിയ തെളിവ് ആവശ്യമില്ല.

ഹണിമൂൺ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ അന്ന് ലോകക്കപ്പിനു പോയത് എന്ന് അന്നത്തെ ഇന്ത്യൻ ഓപ്പണറായിരുന്ന കൃഷ്ണമചാരി ശ്രീകാന്ത് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിരുന്നില്ല. ലോകക്കപ്പിൽ നിന്ന് നേരത്തെ പുറത്തായാൽ അമേരിക്കയിൽ ഒരു പര്യടനത്തിന് ബി സി സി ഐക്ക് പദ്ധതിയുണ്ടെന്ന് സുനിൽ ഗവാസ്ക്കർ നൽകിയ വിവരത്തെ തുടർന്ന് ഹണിമൂൺ ആഘോഷിക്കാനുള്ള തയ്യാറെടുപ്പോടുകൂടിയാണ് ശ്രീകാന്ത് അന്ന് ഇംഗ്ളണ്ടിലേക്ക് വണ്ടി കയറുന്നത്. "ഇന്ത്യ അന്ന് കപ്പുയർത്തി, അമേരിക്കൻ പര്യടനം നടന്നില്ല, എന്റെ ഹണിമൂൺ കുളമായി," പിന്നീട് ശ്രീകാന്ത് ഒരു ടി വി ഷോയിൽ പറഞ്ഞു.

ഫൈനലിൽ എല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു. മുമ്പ് നടന്ന രണ്ട് ലോകക്കപ്പുകളും വിജയിച്ച വെസ്റ്റിൻഡീസ് ഇന്ത്യക്ക് വേണ്ട പ്രാധാന്യം കൊടുത്തുവോ എന്നും സംശയമാണ്. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച വെസ്റ്റിൻഡീസ് നായകൻ ക്ളൈവ് ലോയി‌ഡിന്റെ കണക്കുകൂട്ടൽ പോലെ തന്നെ ഇന്ത്യയെ വെറും 183 റണ്ണിന് വെസ്റ്റിൻഡീസ് ചുരുട്ടികെട്ടി. മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസിന് മികച്ച തുടക്കമാണ് ഓപ്പണർമാ‌ർ നൽകിയത്. വെസ്റ്റിൻഡീസ് വളരെ വേഗത്തിൽ വിജയം കൈപിടിയിലൊതുക്കുമെന്ന് തോന്നിപ്പിച്ചപോഴാണ് റിച്ചാർഡ്സിന് പിഴയ്ക്കുന്നത്. അമർനാഥിന്റെ പന്തിൽ വമ്പനടിക്കു ശ്രമിച്ച റിച്ചാഡ്സിന്റെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് മീറ്ററുകളോളം പിന്നിലേക്ക് ഓടി കപിൽ കൈപിടിയിലൊതുക്കി. ആ വിക്കറ്റോടു കൂടി കളിയുടെ ഗതി മാറി.ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺ എന്ന നിലയിൽ നിന്ന് 76 - 6 എന്ന അവസ്ഥയിലേക്ക് വെസ്റ്റിൻഡീസ് തകർന്നു. പിന്നീട് നടന്നത് ചരിത്രമാണ്. വെസ്റ്റിൻഡീസിനെ 52 ഓവറിൽ വെറും 140 റൺസിന് ചുരുട്ടികെട്ടിയ ഇന്ത്യ 43 റൺസിന്റെ വിജയം സ്വന്തമാക്കി.

ആ വിജയം ഇന്ത്യക്ക് നൽകിയ നേട്ടങ്ങൾ നിരവധിയാണ്. ലോകക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ബി സി സി ഐ, ഇന്ന് ലോകത്തിലെ തന്നെ സമ്പന്നമായ കായിക അസോസിയേഷനുകളിൽ ഒന്നാണ്. ലോക ക്രിക്കറ്റിന്റെ കേന്ദ്രമായ ഐ സി സിയെ വരെ നിയന്ത്രിക്കുന്ന തലത്തിലേക്ക് ബി സി സി ഐ വളർന്നുവെങ്കിൽ, അതിനുള്ള തുടക്കം ഇംഗ്ളണ്ടിലെ ലോ‌‌ർ‌ഡ്സ് മൈതാനത്ത് 38 വർഷം മുമ്പ് കപിൽ ദേവും, മൊഹീന്ദർ അമർനാഥും, സുനിൽ ഗവാസ്കറും എല്ലാം ചേർന്ന് കുറിച്ച ചരിത്രത്തിൽ നിന്നുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA WORLD CUP WIN, 1983 WORLD CUP, KAPIL DEV, SUNIL GAVASKAR, LORDS CRICKET STADIUM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.