SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.16 AM IST

പറക്കണം കരിപ്പൂരിന്

calicut-airport

കൊവിഡ് പ്രതിസന്ധികൾക്കിടയിലും നാടണയാൻ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് കരിപ്പൂർ വിമാനത്താവളത്തെയാണ്. കൊവിഡിന് പിന്നാലെ 2020 മേയ് മുതൽ ഇതുവരെ 4.60 ലക്ഷം പേരാണ് കരിപ്പൂർ വഴി ജന്മനാട്ടിലേക്ക് പറന്നിറങ്ങിയത്. കൊച്ചി വഴി 4.15 ലക്ഷം പേരും തിരുവനന്തപുരത്ത് 3.12 ലക്ഷവും കണ്ണൂർ വഴി 1.84 ലക്ഷം പേരും തിരിച്ചെത്തി. വലിയ വിമാനങ്ങളുടെ സർവീസ് നിറുത്തിവച്ചത് അടക്കം പലവിധ പ്രതിസന്ധികൾക്കിടയിലാണ് കരിപ്പൂരിനെ പ്രവാസികൾ കൈവിടാതെ മുറുകെ പിടിച്ചത്. കരിപ്പൂരിനോട് പ്രവാസികൾക്കുള്ള ഈ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരുവിഹിതം പോലും എയർപോർട്ട് അതോറിറ്റിക്കോ വ്യോമയാന വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ല. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ മിക്കതും സ്തംഭിച്ച അവസ്ഥയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷന്റെ (ഡി.ജി.സി.ഐ) നിർദ്ദേശപ്രകാരം റൺവേയുടെ ഇരുവശങ്ങളും മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലികൾ തുടങ്ങിയെങ്കിലും ഇതും മുടങ്ങി. ആവശ്യത്തിന് മണ്ണ് ലഭിക്കാത്തതാണ് തടസമായതെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഇതു മറികടക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പൂട്ടിയതിന് സമം
വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആരംഭിച്ച ലാന്റ് അക്വിസിഷൻ ഓഫീസ് അടച്ചുപൂട്ടാനും ഇതിനിടെ നീക്കങ്ങളുണ്ടായി. 2011 ജനുവരി 27ന് ആണ് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നതിനായി വിമാനത്താവളത്തിന് സമീപം ഓഫീസ് ആരംഭിച്ചത്. പഴയ കമ്മ്യൂണിക്കേഷൻ കാര്യാലയത്തിലായിരുന്ന ഓഫീസ് 2017ൽ വിമാനത്താവളത്തിലെ ഭരണ വിഭാഗത്തോട് ചേർന്നുള്ള മുറിയിലേക്ക് മാറ്റി. എന്നാൽ ഓഫീസ് പ്രവർത്തനം തുടങ്ങി പത്തുവർഷം പിന്നിട്ടിട്ടും ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാനായില്ല. ഭൂമിയേറ്റെടുക്കുന്നതിലെ തടസങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതിന് പകരം ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ വിവിധ ഇടങ്ങളിലേക്ക് പുനർവിന്യസിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിന് ഇത് വിലങ്ങാവുമെന്ന തിരിച്ചറിവിൽ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ നടപടി നിറുത്തിവച്ചു.

എവിടെ അന്വേഷണ റിപ്പോർട്ട് ?
കരിപ്പൂരിലെ വിമാന അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. 2020 ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽ നിന്നെത്തിയ എയർഇന്ത്യയുടെ വിമാനം റൺവേയിൽ നിന്ന് താഴേക്ക് പതിച്ച് നിരവധി യാത്രക്കാരുടെ ജീവനെടുത്തത്. അപകടമുണ്ടായി പത്ത് മാസം പിന്നിട്ടിട്ടും ഇതുവരെ റിപ്പോർട്ട് പുറത്തുവരാത്തത് വിമാനത്താവളത്തിന്റെ നിലനില്‌പിന് തന്നെ ഭീഷണി ഉയർത്തുന്നുണ്ട്. റൺവേയുടെ തകരാറാണ് അപകടത്തിന് വഴിവച്ചതെന്നും അതല്ല പൈലറ്റിന്റെ പിഴവാണ് പ്രധാന കാരണമെന്നും അടക്കം വാദങ്ങൾ നീളുന്നുണ്ട്. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂ. കരിപ്പൂരിൽ നിന്നും സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാർ കൂടുതലും. നേരത്തെ വലിയ വിമാനങ്ങളും ഇടത്തരം വിമാനങ്ങളുമായിരുന്നു ഈ സെക്ടറിൽ സർവീസ് നടത്തിയിരുന്നത്. വലിയ വിമാനങ്ങളുടെ വിലക്കിന് പിന്നാലെ യാത്രക്കാർ ദുരിതത്തിലായി. സുരക്ഷ മുൻനിറുത്തിയുള്ള തീരുമാനമായതിനാൽ പ്രതിഷേധങ്ങളും വിലപോയില്ല. അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കും എന്നായിരുന്നു വ്യോമയാന മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. ഇതു പിന്നീട് ആറുമാസമാക്കി ഉയർത്തി. ഇപ്പോൾ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അധികൃതർ മിണ്ടുന്നേയില്ല.

വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡി.ജി.സി.ഐയുടെ നിർദ്ദേശപ്രകാരം വിവിധ നടപടികൾ എയർപോർട്ട് അതോറിറ്റി ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. കൊവിഡ് രണ്ടാംതരംഗത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് സൗദി അറേബ്യയും യു.എ.ഇയും വിലക്കേർപ്പെടുത്തിയിരുന്നു. ദുബായിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശിക്കുന്നതിന് കഴിഞ്ഞ ദിവസം യു.എ.ഇ അനുമതി നൽകിയിട്ടുണ്ട്. നിബന്ധനകൾ സംബന്ധിച്ച അവ്യക്തതകളെ തുടർന്ന് ടിക്കറ്റ് ബുക്കിംഗ് വിമാന കമ്പനികൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും വൈകാതെ പുനരാരംഭിക്കും. ദുബായിലേക്കും മറ്റ് എമിറേറ്റ്സുകളിലേക്കും യാത്ര ചെയ്യാനുമായേക്കും. പിന്നാലെ സൗദിയും വിലക്ക് പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ്. പതിനായിരക്കണക്കിന് പ്രവാസികളാണ് ഇതും പ്രതീക്ഷിച്ചു കഴിയുന്നത്. ഇരു രാജ്യങ്ങളും വിലക്ക് പൂർണമായും പിൻവലിക്കുന്നതോടെ കരിപ്പൂർ വഴിയുള്ള യാത്രക്കാരുടെ എണ്ണം പലയിരട്ടിയായി വർദ്ധിക്കും. എന്നാൽ ചെറുവിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താനാവൂ എന്നത് വലിയ വെല്ലുവിളിയാവും തീർക്കുക. ഇതോടെ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും. കരിപ്പൂർ മാത്രമാണ് പൂർണമായും പൊതുമേഖലയിലുള്ള സംസ്ഥാനത്തെ ഏക വിമാനത്താവളം. 2019ലെ പ്രളയത്തിൽ മറ്റ് വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടപ്പോഴും കരിപ്പൂർ മാത്രമാണ് പ്രവർത്തിപ്പിക്കാനായത്. ഭൂനിരപ്പിൽ നിന്നും ഏറെ ഉയർന്നുള്ള കരിപ്പൂർ വിമാനത്താവളത്തിന്റെ സ്ഥാനമാണ് തുണയായത്. രക്ഷാപ്രവർത്തനത്തിന് എത്തിയ കേന്ദ്രസേനയുടെ വലിയ വിമാനങ്ങൾ ഇറക്കാനായതും കരിപ്പൂരിലാണ്. ഇവിടെ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേന്ദ്ര സേന പുറപ്പെട്ടത്. കരിപ്പൂരിനെ തകർക്കാൻ അണിയറയിൽ തന്ത്രങ്ങൾക്ക് മൂർച്ച കൂടുമ്പോഴും കരിപ്പൂരിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അനുദിനം വർദ്ധിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.