ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. കേന്ദ്രസർക്കാർ 75 ശതമാനം വാക്സിനും നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്ന നയം നടപ്പാക്കി തുടങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
വാക്സിനേഷൻ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ജൂൺ 21മുതലാണ് പുതിയ ഘട്ടത്തിന് തുടക്കമായത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്ത് ഇതുവരെ 31 കോടി ഡോസ് കൊവിഡ് വാക്സിൻ കുത്തിവച്ചു.
കൊവിഡ് കേസുകൾ അരലക്ഷത്തിന് താഴെ
രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് പ്രതിദിന വർദ്ധനവ് അരലക്ഷത്തിന് താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,698 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 3,01,83,143 ആയി. 1,183 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 64,818 പേർ രോഗമുക്തി നേടി. രാജ്യത്തിപ്പോൾ ചികിത്സയിലുള്ളത് 5,95,565 പേരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |