SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.16 PM IST

മരങ്ങളേ സ്വസ്‌തി

wood

ഭൂമി തരുന്ന മരങ്ങൾ. കമ്പനികൾ പണിത വാളുകൾ. നിയമം അറിയാത്തവർ എഴുതിയ ഉത്തരവ്. വനംകാരുടെ പാസുകൾ. മരം വെട്ടടാ, വെട്ട്. കടത്തടാ, കടത്ത്. വയനാട്ടിലും തൃശൂരും തുടങ്ങി കേരളമാകെ. ഒക്കെ പട്ടയ ഭൂമിയാണോ. നോക്കണ്ട. വനഭൂമിയാണോ. അതും നോക്കണ്ട. രണ്ടായാലും ഭൂമി മരം തന്നല്ലൊ. പിന്നെന്താ. അതു വെട്ടിക്കോട്ടെ. അതാണ് കർഷകപ്രേമ സുഭിക്ഷത.

മരം മുറിച്ചോളാൻ ഇറക്കിയ ഉത്തരവ് സുന്ദരം. ലളിതം. സൗകര്യപ്രദം. കഴിഞ്ഞ സർക്കാരിന്റെ ഒരു അതിബുദ്ധി. നിയമവകുപ്പ് നിഷിദ്ധം. പഴയ കരാറുകൾക്കും വേണ്ടായിരുന്നു. മരംവെട്ടു കാര്യത്തിനും വേണ്ട. ആ വകുപ്പ് ചുമ്മാ. സംഗതി അപ്പോ ജോറായില്ലെ. കാര്യങ്ങൾ വേഗത്തിൽ. ഭരണതലത്തിൽ ചുവപ്പുനാടയില്ല. ജാഗ്രത ഇവിടെ മാത്രം വേണ്ട. വേണ്ടതു കത്തിയ്ക്കു മൂർച്ചയും പാസിനു മാമൂലുകളും.

ഇപ്പോ നടക്കുന്നത് മരം കൊള്ളയല്ല. മരം കൊയ്‌ത്താണ്. ചെയ്യുന്നത് കടും വെട്ടുകാർ. അവരെ മാഫിയ എന്നു വിളിക്കുന്നു. സർക്കാരും മറ്റു രാഷ്ട്രീയക്കാരും. അവർ ശക്തർ. സ്വാധീനത്തിൽ പ്രബലർ. കയ്യിൽ കാശുണ്ട്. അവർക്കു 1964-ലെ ഭൂപതിവ് ചട്ടം വെറും 'ശു.' 2019ലും 2005ലും ചട്ടങ്ങൾ പിറന്നല്ലോ. അതുമതി. സംഗതികൾ 'ജെം ജെം' എന്നു നടന്നു കിട്ടി.

ഇപ്പോൾ എന്താണ്. ഇവിടെ ആകെ 'കൺഫൂഷൻ' ആണ്. ജനം ചിന്തിക്കുന്നു. മരം കൊള്ളയ്ക്കു ആരാ ഉത്തരവാദി. മുൻ ഗവൺമെന്റാണോ. അന്നത്തെ പാർട്ടിക്കാരാണോ. ഈ ഗവൺമെന്റാണോ. വനംവകുപ്പാണോ. റവന്യൂ വകുപ്പാണോ. മരം ഭൂമിയിൽ കുരുത്തു നിന്നതാണോ. കർഷകർ നട്ടതാണോ. മരം വനഭൂമിയിലേതാണോ. പട്ടയ ഭൂമിയിലേതാണോ. ആദിവാസികളുടെ ഭൂമിയേത്. ഏതു ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തി. കടത്തിയതിൽ എത്ര പിടിച്ചെടുത്തു. പിടിച്ചെടുത്തവ എവിടെ. പൊലീസ് ഭാഷയിൽ അതു തൊണ്ടി മുതലല്ലേ. ഏതു സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു. അല്ല കോടതിയിൽ ഹാജരാക്കിയോ. എഫ്.ഐ.ആർ ആയല്ലോ. കൈക്കൂലി ഉണ്ടായിരുന്നോ. എങ്കിൽ കൊടുത്തതാര്. ആർക്ക്. കർഷകർക്കു നൽകിയ ആനുകൂല്യമായിരുന്നല്ലോ ഒക്‌ടോബറിൽ ജനിച്ച വിവാദ ഉത്തരവ്. ഇനി അവരുടെ നഷ്ടം ആര് നികത്തും. പത്തുപ്രാവശ്യം സർവകക്ഷി യോഗം നടന്നില്ലേ. ഏഴെണ്ണത്തിലും ഭരണത്തലൻ ഉണ്ടായിരുന്നല്ലോ. കർഷകരുടെ കാര്യം ഏതു പടിയായി. അവർക്കു 'രാജകീയ' മരം നിഷിദ്ധമാണോ. തേക്കും ഈട്ടിയുമൊക്കെ സംരക്ഷിക്കേണ്ടവയല്ലെ. ലക്ഷങ്ങളുടെ കോടികളുടെ മുതലാണ്. ഇനി വല്ലതും ബാക്കിയുണ്ടോ. ചോദ്യങ്ങളുടെ കൂമ്പാരം. ജനാധിപത്യമല്ലെ. ചോദിപ്പ് നടക്കും. തുടരും. ഉത്തരങ്ങൾ ഉണ്ടാകുന്നില്ല. ഉള്ളതു മരം കടത്തലുകളുടെ ഘോഷയാത്രകൾ മാത്രം. ഒരു അകലവും പാലിക്കേണ്ട.

എന്തായാലും അന്വേഷണം തുടങ്ങിയല്ലൊ. അന്വേഷണമാണേൽ പലതുണ്ട്. പരീക്ഷണങ്ങൾ ഒരുപാട്. പല ജാതി. പല ഏജൻസികൾ. പക്ഷെ കോടതിയുടെ മേൽനോട്ടത്തിലായിരുന്നെങ്കിൽ. ഉരുകിയ മഞ്ഞുമലയുടെ ബാക്കിയെങ്കിലും ഉണ്ടായേനെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.