ഇറക്കിവിട്ടത് 21 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയടക്കം
എടവണ്ണ : വണ്ടൂരിനടുത്ത് ഭാര്യയെയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങളടക്കം നാല് കുട്ടികളെയും മദ്യപിച്ചെത്തിയ ഭർത്താവ് രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 50 വയസ് പ്രായമുള്ള ഭാര്യാമാതാവിനെയും ഇറക്കിവിട്ടു. സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശി ഷമീറിനെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയായ ഷമീർ ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. ജൂൺ 19ന് രാത്രി പത്തോടെ മദ്യപിച്ച് വീട്ടിലെത്തിയ ഷമീർ ഭാര്യയോട് വഴക്കിട്ട് ഇവരെ റോഡിലേക്കിറക്കി വിട്ടു. സമീപത്തെ സ്കൂളിന് സമീപം നിന്ന് കരയുകയായിരുന്ന ഇവരെ ആശാ പ്രവർത്തകരും വാർഡംഗം കെ.പി. ഭാസ്കരനും ചേർന്ന് തൊട്ടടുത്ത അംഗനവാടിയിലേക്ക് മാറ്റി. 21ന് മലപ്പുറം സ്നേഹിതയിൽ എത്തിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സ്ഥിരമായതിനാൽ പലതവണ പൊലീസ് ഇടപെട്ടിരുന്നെന്ന് വണ്ടൂർ സി.ഐ ദിനേശ് കോറോത്ത് പറഞ്ഞു. ഭാര്യയുടെ പരാതിയിലാണ് കേസ്. പ്രതി ഒളിവിലാണ്. വീട് പൂട്ടിക്കിടക്കുകയാണ്. കൊണ്ടോട്ടി സ്വദേശിയായ ഷമീർ അഞ്ചുവർഷം മുമ്പാണ് വണ്ടൂരിൽ വീട് വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |