പത്തനംതിട്ട : മുപ്പത്തിയാറ് വർഷത്തെ സേവനത്തിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് വേറിട്ട വിടവാങ്ങൽ ഒരുക്കി കുട്ടിപ്പൊലീസ്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പതിനാല് ജില്ലകളിൽ നിന്ന് എസ്.പി.സി കേഡറ്റുകൾ തയ്യാറാക്കിയ മികവാർന്ന കരകൗശല നിർമ്മിതികൾ ഉപഹാരമായി കൈമാറി. പത്തനംതിട്ട ജില്ലാ നോഡൽ ഓഫീസിന്റെ നേതൃത്വത്തിൽ നല്കിയ സമ്മാനങ്ങൾ വേറിട്ടതായി. കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളില സീനിയർ കേഡറ്റ് അശ്വിൻ എസ്. കുമാർ വരച്ച ഡി.ജി.പിയുടെ ഛായാചിത്രം, അടൂർ ബോയ്സ് എച്ച്.എസ്.എസിലെ ആദർശ് നിർമ്മിച്ച പൊലീസ് ജീപ്പ് മാതൃക, ചിറ്റാർ ജി.എച്ച്.എസ്.എസിലെ സജ്നാ എസ്. സലീം വരച്ച ഗ്ലാസ്സ് പെയിന്റിംഗ്, തെങ്ങമം ജി.എച്ച്.എസിലെ കേഡറ്റ് അദ്വൈതിന്റെ ഓയിൽ പെയിന്റിംഗ് എന്നിവ പ്രത്യേക പരാമർശം നേടി. നോഡൽ ഓഫീസർ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരമാണ് ജില്ലയിലെ കേഡറ്റുകൾ ഇവ നിർമ്മിച്ചത്. അഡീഷനൽ നോഡൽ ഓഫീസർ ജി.സുരേഷ് കുമാർ, സി.പി.ഒ പ്രതിനിധി ഫിലിപ്പ് ജോർജ് എന്നിവർ ജില്ലയ്ക്കു വേണ്ടി ഉപഹാരങ്ങൾ കൈമാറി. എസ്.പി.സി സംസ്ഥാന ചെയർമാൻ എ.ഡി.ജി.പി മനോജ് ഏബ്രഹാം, കൺവീനർ ഐ.ജി പി. വിജയൻ, ഡോ.വൈഭവ് സക്സേന, എസ്.പി. മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |