ദൃശ്യം - 2ന്റെ തമിഴ് റീമേക്കായ പാപനാശം - 2ൽ ഗൗതമിക്ക് പകരം നദിയ
നദിയാമൊയ്തു കമലഹാസന്റെ നായികയാകാനൊരുങ്ങുന്നു. ദൃശ്യം - 2ന്റെ തമിഴ് റീമേക്കായ പാപനാശം -2ൽ ആണ് നദിയ കമലഹാസന്റെ നായികയാകുന്നത്.
ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ ഗൗതമിയായിരുന്നു കമലിന്റെ നായികയായത്. എന്നാൽ ഒരുമിച്ച് ജീവിച്ചിരുന്ന ഇരുവരും ഇരുവഴി പിരിഞ്ഞതോടെ പാപനാശം - 2ൽ ഗൗതമിയെ അഭിനയിപ്പിക്കേണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫിനോട് കമൽ നിർദ്ദേശിച്ചിരുന്നു. കമലിന്റെ ജീവിതത്തിൽ നിന്നെന്നപോലെ സിനിമയിൽ നിന്നും അകന്ന് നിൽക്കാനാണ് ഗൗതമിക്കും ഇഷ്ടം. അക്കാര്യം ഒരഭിമുഖത്തിൽ ഗൗതമി തുറന്ന് പറയുകയും ചെയ്തു.
ദൃശ്യം സീരിസിന്റെ മലയാളം, തെലുങ്ക്, കന്നഡ പതുപ്പുകളിൽ നായികയായ മീന പാപനാശം 2-ൽ ഗൗതമിയുടെ പകരക്കാരിയാകുമെന്നാണ് കേട്ടിരുന്നത്. എന്നാൽ ദൃശ്യത്തിന്റെ മൂന്ന് പതിപ്പുകളിൽ നായികയായ മീനയ്ക്ക് പകരം മറ്റൊരു നായികയെ അഭിനയിപ്പിക്കാനാണ് കമലഹാസന്റെ തീരുമാനമത്രെ. നദിയാമൊയ്തുവിന് നറുക്ക് വീണത് അങ്ങനെയാണ്.
മലയാളത്തിൽ ആശാ ശരത് അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷം തെലുങ്കിലവതരിപ്പിച്ചത് നദിയയായിരുന്നു.
തെലുങ്കിൽ നായകന്റെ എതിരാളിയായിരുന്ന നദിയ തമിഴിൽ നായകന്റെ ജോടിയാകുന്നത് കൗതുകകരമാണ്.
1984ൽ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ഫാസിൽ മലയാളത്തിൽ പരിചയപ്പെടുത്തിയ നാദിയ തമിഴിൽ അരങ്ങേറിയത് ഫാസിൽ തന്നെ ഒരുക്കിയ ആ ചിത്രത്തിന്റെ റീമേക്കായ പൂവേ പൂ ചൂടവായിലൂടെയായിരുന്നു.
തമിഴിൽ രജനികാന്ത്, വിജയകാന്ത്, സത്യരാജ്, പ്രഭു, റഹ്മാൻ, ശിവകുമാർ, രാംകി, സുരേഷ്, മോഹൻ തുടങ്ങിയ ഒട്ടേറെ മുൻനിര നായകന്മാർക്കൊപ്പം നദിയ അഭിനയിച്ചിട്ടുണ്ടെങ്കിലും കമലഹാസനൊപ്പം ഇതാദ്യമാണ്.
മോഹൻലാലിന്റെ നായികയായഭിനയിച്ച നീരാളിയാണ് നദിയാമൊയ്തുവിന്റേതായി ഒടുവിൽ റിലീസായ മലയാള സിനിമ. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്മപർവത്തിലും നദിയ ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഗാനി എന്ന തെലുങ്ക് ചിത്രത്തിൽ വരുൺ തേജിന്റെ അമ്മയായഭിനയിച്ച് വരുകയാണ് നദിയ ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |