SignIn
Kerala Kaumudi Online
Thursday, 25 April 2024 12.18 AM IST

നൃത്തം ഉപാസനയാക്കി ഉഷ ടീച്ചർ

kalamandalam-usha-teacher

തൃപ്രയാർ: 'നൃത്തം ഒരിക്കലും തെരഞ്ഞെടുത്ത ജീവനോപാധി ആയിരുന്നില്ല. നൃത്തം എന്നെ തിരഞ്ഞെടുക്കുകയായിരുന്നു'. അനുഗ്രഹീത കലാകാരി കലാമണ്ഡലം ഉഷ ടീച്ചറുടേതാണ് ഈ വാക്കുകൾ. ആരിൽ നിന്നും അങ്ങനെ പ്രത്യേകമായ ശിഷ്യത്വം സ്വീകരിച്ചിട്ടില്ല അവർ.

എന്നാൽ നൃത്ത കലാരംഗത്ത് ഇന്ന് നിരവധി ഭക്തിനിർഭരവും മനോഹരവുമായ മെഗാ നൃത്തരൂപങ്ങൾ കാഴ്ചവച്ച ഈ കലാകാരിക്ക് കലാരംഗത്ത് സ്വന്തം ജീവിതാനുഭവങ്ങൾ പറയുമ്പോൾ അറിയാതെ കണ്ണ് നിറയും.

പഠന കാലത്ത് തൃശൂരിലെ കോൺവെന്റ് വിദ്യാലയത്തിൽ സംഘനൃത്തത്തിൽ പങ്കെടുക്കാനായി പരിശീലനം നേടുകയും പരിപാടിയുടെ സമയത്ത് നൃത്തത്തിനുള്ള വസ്ത്രവും ആഭരണവും വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ സംഘത്തിൽ നിന്ന് പുറത്താകുകയും ചെയ്തത് ഓർക്കുമ്പോൾ ഉഷ ടീച്ചർക്ക് കണ്ണ് നിറയും.

ആ സമയം വിദ്യാലയത്തിന്റെ ചുമതലക്കാരനായ ഫാദർ അരികിലെത്തി സമാശ്വസിപ്പിച്ച് വലിയ ഒരു കലാകാരിയായിത്തീരുമെന്ന് അനുഗ്രഹിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ വേദിയിൽ നൃത്ത മത്സരത്തിന് വിധികർത്താവായെത്തി ഉഷ ടീച്ചർ. ഉള്ളം നിറയെ, ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആരാധിച്ച് നിശബ്ദമായ ഈ കലാകാരിയുടെ കലാ ജീവിതം എന്നും അത്ഭുതമാണ്.

തൃശൂരിലും തൃപ്രയാറിലുമായി പ്രവർത്തിക്കുന്ന 'നടന സാത്വിക' എന്ന സ്ഥാപനത്തിലെ പ്രധാന പരിശീലകയാണ് ഉഷ ടീച്ചർ. ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള 'ഗുരുദേവചരിതം', തൃപ്രയാർ ക്ഷേത്ര ചരിത്രത്തെ ആസ്പദമാക്കിയുള്ള 'ശ്രീരാമചരിതം', ശ്രീകൃഷ്ണ രാധമാരെക്കുറിച്ചുള്ള 'രാധാമാധവം' തുടങ്ങിയ നിരവധി മെഗാ നൃത്തരൂപങ്ങൾ ഉഷ ടീച്ചറുടെ നേതൃത്വത്തിൽ അരങ്ങുകളിലെത്തി.

രാമായണത്തിലെ സുന്ദരകാണ്ഡത്തെ ആസ്പദമാക്കിയുളള നൃത്താവിഷ്‌കാരത്തിന്റെ അണിയറ പ്രവർത്തനങ്ങളിലായിരുന്നു ടീച്ചറും സംഘവും. എന്നാൽ അപ്രതീക്ഷിതമായാണ് കൊവിഡെത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇടപ്പള്ളിയിൽ 'രാധായന'ത്തിന്റെ അവതരണം. തിരുമേനിയുടെ ജന്മദിനത്തിൽ കൈതപ്രത്തിന്റെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഒരു വീഡിയോ തയ്യാറാക്കി ഉഷ ടീച്ചർ പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന് സമർപ്പിച്ചിരുന്നു.

സാമൂഹിക രംഗത്തും ആദ്ധ്യാത്മിക കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രവർത്തിക്കുന്ന നിരവധി പ്രമുഖരുമായി വളരെ അടുത്ത സുഹൃത് ബന്ധം കാത്തുസൂക്ഷിക്കുന്നു. കവി കെ. ദിനേശ് രാജ രചിച്ച് ദിനേശ് തൃപ്രയാർ ഈണം നൽകിയ 'വാഗോപഹാരം' എന്ന ഒരു നൃത്താവിഷ്‌കാരവും ടീച്ചറുടെ നേതൃത്വത്തിൽ ചെമ്മാപ്പിള്ളി എ.എൽ.പി സ്‌കൂളിൽ അവതരിപ്പിച്ചിരുന്നു. തൃപ്രയാർ ക്ഷേത്രത്തിൽ ആറ് പതിറ്റാണ്ടിലേറെക്കാലം മേൽശാന്തിയായി സേവനമനുഷ്ഠിച്ച നകർണ്ണ് മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ ജീവിതാനുഭവങ്ങൾ കൂടി ഉൾക്കൊള്ളിച്ചതായിരുന്നു 'ശ്രീരാമചരിതം.'

തൃശൂരിലാണ് ടീച്ചറും കുടുംബവും താമസിക്കുന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന ഫ്രെഡിയാണ് ഭർത്താവ്. മകൾ ഒലീവിയയും അമ്മയെപ്പോലെ തന്നെ നൃത്തകലാരംഗത്ത് സജീവമാണ്. വലിയൊരു ശിഷ്യസമ്പത്തിനും ഉടമയാണ് ഉഷടീച്ചർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DANCE, USHA TEACHER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.