SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.45 PM IST

വെളിപ്പെടുന്നത് അതേ ഭീകരമുഖം

drone-attack

ഞായറാഴ്ച നട്ടപ്പാതിരയ്ക്ക് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണം അതിർത്തിക്കപ്പുറത്തുള്ള ശത്രുവിന്റെ പുതിയൊരു ഒളിയാക്രമണ പദ്ധതിയുടെ ആദ്യ പരീക്ഷണമെന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. ആയുധങ്ങളും വഹിച്ചുകൊണ്ടുള്ള പാക് ഡ്രോണുകൾ മുമ്പും പലതവണ അതിർത്തി കടന്നെത്തിയിട്ടുണ്ടെങ്കിലും സേനാ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ സുരക്ഷാമാനങ്ങളും വളരെ വലുതാണ്. രണ്ടു ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ സ്ഫോടനങ്ങളിൽ ഒരു കെട്ടിടത്തിന്റെ സീലിംഗ് അല്പം തകരുകയും രണ്ട് വ്യോമസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതൊഴിച്ചാൽ വലിയ നാശനഷ്ടമില്ലാത്തത് ആശ്വാസകരമാണ്. എങ്കിലും ഏറ്റവുമധികം സുരക്ഷയോടെ പ്രവർത്തിക്കുന്ന വ്യോമസേനാ കേന്ദ്രത്തിൽ ഇതുപോലൊരു സാഹസത്തിനു മുതിർന്ന ശത്രുവിന്റെ കണക്കുകൂട്ടൽ വളരെ വ്യക്തമാണ്. ഒരുപക്ഷേ വെറുമൊരു പരീക്ഷണത്തിനു മാത്രം ഉദ്ദേശിച്ചുള്ള ഒളിയാക്രമണമാകാം ഇത്. ആധുനിക യുദ്ധമുറകളിൽ പുതിയ ഇനമായ ഡ്രോണുകൾ മാരകമായ വിനാശം വിതയ്ക്കാൻ പര്യാപ്തമായവയാണെന്ന് ഈയിടെ നടന്ന ഇസ്രയേൽ - പാലസ്തീൻ ഏറ്റുമുട്ടലുകളിൽ ലോകം കണ്ടതാണ്. പാകിസ്ഥാനിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യൻ അതിർത്തി കടന്ന് ഇരുനൂറ്റിനാല്പത്തിനാല് ഡ്രോണുകൾ കടന്നെത്തിയതായി സേനാകേന്ദ്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രം വച്ചു നോക്കുമ്പോൾ ഞായറാഴ്ച വെളുപ്പിന് വ്യോമസേനാ കേന്ദ്രത്തിനു നേരെ നടന്ന ഡ്രോൺ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയുടെ ഭാഗമാണ്. ആക്രമണം നടന്ന വ്യോമകേന്ദ്രത്തിൽ നിന്ന് കേവലം 14 കിലോമീറ്റർ അകലെ നിന്നാകാം ഡ്രോൺ അയച്ചതെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു. അതിനർത്ഥം ജമ്മുവിൽത്തന്നെ ശത്രുവിന്റെ ആൾക്കാർ ഒളികേന്ദ്രമുണ്ടാക്കി എന്തിനും തയ്യാറായി പതുങ്ങിയിരിപ്പുണ്ടെന്നാണ്. ഇവിടെ പ്രവർത്തിക്കുന്ന വിധ്വംസക ശക്തികൾക്ക് അതിർത്തിക്കപ്പുറത്തുനിന്ന് ഡ്രോണുകൾ വഴി ആയുധങ്ങളെത്തിച്ചു കൊടുക്കാറുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. അതിനപ്പുറം കൂടുതൽ വ്യക്തവും മാരകവുമായ ലക്ഷ്യങ്ങളും ഇത്തരം ദൗത്യങ്ങൾക്കുണ്ടെന്നു തെളിയുകയാണിപ്പോൾ.

ഡ്രോൺ ആക്രമണത്തിനു തിരഞ്ഞെടുത്ത സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ജമ്മുകാശ്മീരിൽ നിയമസഭ പുന:സ്ഥാപിക്കാനും നിയമസഭാ തിരഞ്ഞെടുപ്പു നടത്താനും ഉദ്ദേശിച്ച് അവിടത്തെ രാഷ്ട്രീയകക്ഷി നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചകൾക്കു തൊട്ടുപിന്നാലെയാണ് സമാധാനത്തിനു ഭംഗമുണ്ടാക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത്. മുൻപും ഇതുപോലുള്ള സമാധാന ശ്രമങ്ങളുണ്ടാകുമ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടന്നിട്ടുണ്ട്. ഇപ്പോഴത്തെ
ഡ്രോൺ ആക്രമണ പദ്ധതിക്കു പിന്നിലും പാകിസ്ഥാന്റെ കരങ്ങൾ തന്നെയാവും. നൂറുകണക്കിനുള്ള അനുഭവങ്ങൾ അതിനു മതിയായ തെളിവാണ്. ഡ്രോൺ സാങ്കേതികവിദ്യയിൽ പാകിസ്ഥാന് ചൈനയുടെ സഹായവും ആവോളം ലഭിക്കുന്നുണ്ട്. സേനാ താവളങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷാ കവചങ്ങൾ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിച്ചിരുന്ന ജമ്മു വ്യോമകേന്ദ്രത്തിലെത്തിയ ഡ്രോണുകളിലൊന്ന് ഒഴിഞ്ഞ സ്ഥലത്തു വീണ് സ്ഫോടകവസ്തു പൊട്ടിയതുകൊണ്ടു മാത്രമാണ് നാശം വിപുലമാകാതിരുന്നത്. വിധ്വംസക ശക്തികൾക്കെതിരെ ജാഗ്രതയും കരുതലും പരമാവധി ശക്തിപ്പെടുത്തുകയാണ് പ്രധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRONE ATTACK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.