SignIn
Kerala Kaumudi Online
Saturday, 20 April 2024 5.15 AM IST

സ്‌ത്രീധനം ; പൊരുതണം സന്ധിയില്ലാതെ

vismaya

സമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്ന പല ദുരാചാരങ്ങളെയും സാമൂഹിക തിന്മകളെയും വേരോടെ പിഴുതെറിഞ്ഞ ചരിത്രമുള്ള നാടാണ് നമ്മുടെ കേരളം. എന്നാൽ ആധുനിക കേരളത്തിന് അപമാനകരമായി ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീധനം എന്ന സാമൂഹ്യതിന്മ നമ്മെ അസ്വസ്ഥമാക്കുന്നു . പല ഘട്ടങ്ങളിലും സ്ത്രീധനത്തിനെതിരായി നിയമപരവും സാമൂഹികവുമായ പ്രതിരോധം തീർക്കാനുള്ള ചെറുതും വലുതുമായ ശ്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. 1961 മെയ് ഒന്നിന് പ്രാബല്യത്തിൽ വന്ന സ്ത്രീധന നിരോധന നിയമവും കൂടുതൽ ശക്തമായ നിയമം അനിവാര്യമാണെന്ന ബോദ്ധ്യത്തിൽ നിലവിൽവന്ന 2005 ലെ ഗാർഹികപീഡന നിരോധനനിയമവും സ്ത്രീ സംരക്ഷണത്തിനായുള്ള ചുവട് വയ്പുകളിൽ പ്രധാനമായിരുന്നു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെല്ലാം ശിക്ഷാർഹമാകുന്ന വിവിധ വകുപ്പുകളും ഉപവകുപ്പുകളുമെല്ലാം ചേർന്നതാണ് ഈ നിയമങ്ങൾ. എന്നാൽ ഈ നിയമങ്ങൾക്കൊന്നും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ. കൊല്ലത്തെ വിസ്മയ എന്ന പെൺകുട്ടിയുടെ അനുഭവം നമ്മുടെ മനസാക്ഷിയെ ആഴത്തിൽ മുറിവേല്‌പിച്ചിരിക്കുന്നു. വിസ്മയയുടെ അസാധാരണ മരണത്തിന് പിന്നാലെ സമാനസ്വഭാവമുള്ള നിരവധി സംഭവങ്ങൾ ഉയർന്നുവന്നു. തിരുവനന്തപുരത്തെ അർച്ചനയും അകാലത്തിൽ ജീവിതം അവസാനിപ്പിച്ചത് സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്നാണെന്നാണ് വാർത്തകൾ.

സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയുള്ള പീഡനങ്ങൾക്കെതിരെ കർശന നടപടികൾ സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. അപരാജിത എന്ന പേരിൽ സ്ത്രീധന പീഡനങ്ങൾക്കെതിരെ പരാതികൾ സ്വീകരിക്കുന്നതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംവിധാനം ആരംഭിച്ചു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കേസുകളിൽ പഴുതടച്ച അന്വേഷണം നടത്താനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമപരമായ ഈ നടപടിക്രമങ്ങൾക്ക് മാത്രമായി പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല സ്ത്രീധനവും ആർഭാട വിവാഹങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ. നമ്മുടെ അടിസ്ഥാനപരമായ കാഴ്ചപ്പാടിൽ മാറ്റം വരാതെ ഈ പ്രശ്നം പരിഹരിക്കാൻ സാദ്ധ്യമല്ല. പെൺകുട്ടികൾ ഭാരവും ബാദ്ധ്യതയുമാണ് എന്ന കാഴ്ചപ്പാടിൽ കാലമിത്ര കഴിഞ്ഞിട്ടും കാതലായ മാറ്റമുണ്ടായിട്ടില്ല. വിവാഹക്കമ്പോളത്തിൽ വരന്റെ ജോലിയും ശമ്പളവും സ്ത്രീധനത്തിന്റെ വലിപ്പം നിശ്ചയിക്കുന്നതിന്റെ ഘടകമാണ്. ഉയർന്ന ജോലിയും ശമ്പളവും ഉള്ളവർക്ക് ഉയർന്ന സ്ത്രീധനം നൽകിയാലും കുഴപ്പമില്ലെന്ന ചിന്തയാണ് നമ്മുടെ രക്ഷിതാക്കളിൽ പലരും വച്ചുപുലർത്തുന്നത്. ഈ കാഴ്ചപ്പാട് മാറണം. പെൺകുട്ടികൾക്ക് നൽകേണ്ടത് ഉയർന്ന വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്തുമാണ്. വിവാഹ കമ്പോളത്തിലെ വില്പനച്ചരക്കല്ല നമ്മുടെ പെൺകുട്ടികൾ എന്ന ബോധം അവർക്ക് പകർന്നു നൽകാൻ നമുക്കാകണം. ഭർത്താവിൽനിന്ന് മർദ്ദനമേൽക്കുമ്പോൾ നിശബ്ദമായി അത് സഹിക്കാൻ പെൺകുട്ടികൾ ബാദ്ധ്യസ്ഥരല്ലെന്ന് അവരെ പഠിപ്പിക്കണം.
ആൺകുട്ടികളെ കൂടി ബോധവത്‌കരിക്കേണ്ട ചുമതല രക്ഷിതാക്കൾക്കുണ്ട്. സ്ത്രീകളോട് മാന്യമായും അന്തസോടെയും പെരുമാറാൻ പരിശീലിക്കേണ്ടത് അവന്റെ വീട്ടിൽനിന്ന് തന്നെ ആവണം. ഈ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അത്ര എളുപ്പമല്ല. അതിനു നമ്മുടെ സമൂഹത്തിൽ ആഴത്തിലുള്ള ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ആർക്കാണ് അതിന് കഴിയുന്നത്? തീർച്ചയായും അത് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും തന്നെയാണ്. കാമ്പസുകൾ ശക്തമായ സ്ത്രീധന വിരുദ്ധ പ്രചാരവേലയുടെ കേന്ദ്രങ്ങളാകണം. ഇക്കാര്യത്തിൽ നമ്മുടെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ വലിയ ഇടപെടലുകൾ സംഘടിപ്പിക്കണം. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരു അശ്ലീലമാണെന്ന പൊതുബോധം ആദ്യമുണ്ടാകേണ്ടത് യുവജനങ്ങൾക്കിടയിലാണ്. സ്ത്രീധനം പോലെ തന്നെ എതിർക്കപ്പെടേണ്ട ഒന്നാണ് വിവാഹധൂർത്ത്. വിവാഹം സ്വന്തം സാമൂഹ്യസ്ഥിതി ബോദ്ധ്യപ്പെടുത്താനുള്ള പൊങ്ങച്ചത്തിന്റെ വേദികളായി മാറരുത്.
പെൺകുട്ടികളെക്കുറിച്ച് നാം കാലങ്ങളായി മനസിൽ സൂക്ഷിക്കുന്ന കാഴ്ചപ്പാട് മാറണം. സ്വതന്ത്രമായി ചിന്തിക്കാൻ, സ്വപ്നം കാണാൻ, സ്വന്തം കാലിൽ നിൽക്കാൻ, അരുതായ്മകളോട് സന്ധിയില്ലാതെ പൊരുതാൻ അവർക്ക് അനുവാദം നൽകുക തന്നെ വേണം. അവൾ ജീവിക്കേണ്ടത് അവളുടെ ജീവിതമാണ്, ആ ബോധത്തിലേക്ക് നമ്മുടെ സമൂഹം ഉയരണം. ഇനിയും വിസ്മയമാർ ഉണ്ടായിക്കൂടാ.

( സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ലേഖിക )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWRY, DOWRY CASE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.