ആറ്റിങ്ങൽ: മാമം നാളികേര കോംപ്ലക്സിൽ വീണ്ടും വെളിച്ചെണ്ണ ഉത്പാദനം ആരംഭിക്കുന്നു. പലതവണ ആരംഭിച്ച് മുടങ്ങിയതാണ് വീണ്ടും ഇന്ന് മുതൽ പ്രതീക്ഷയോടെ തുടങ്ങുന്നത്. ഇതെങ്കിലും ശരിയായി പ്രവർത്തിക്കണേ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.
കേരജം ബ്രാൻഡ് വെളിച്ചെണ്ണയാണ് ഇവിടെ ഉദ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഇപ്പോൾ സ്വകാര്യ മില്ലുകളുടെ പങ്കാളിത്തത്തോടെയാണ് കോർപ്പറേഷൻ വെളിച്ചെണ്ണ ഉദ്പാദിപ്പിക്കുന്നത്. മാമം കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചാൽ കോർപ്പറേഷന്റെ സ്വന്തം മില്ലിൽ നിന്നുള്ള ഉത്പന്നം തന്നെ വിപണിയിൽ എത്തിക്കാനാവും. ഇത് കോർപ്പറേഷന് ഗുണകരവുമാകുമെന്നാണ് പ്രതീക്ഷ.
മാമം നാളികേര കോംപ്ലക്സിൽ മുൻപ് പ്രവർത്തനം ആരംഭിച്ച വെന്ത വെളിച്ചണ്ണ ( വെർജിൻ കോക്കനട്ട് ഓയിൽ) ഉത്പാദനയൂണിറ്റുകൂടി ഇതോടൊപ്പം പ്രവർത്തിപ്പിക്കാനാണ് നീക്കം. ഈ ഉത്പന്നത്തിന് ഉയർന്ന വിലയായതിനാൽ ആവശ്യക്കാർ കുറവാണ്. ഇതാണ് യൂണിറ്റ് ആരംഭിച്ചെങ്കിലും കാര്യക്ഷമായി പ്രവർത്തിപ്പിക്കാൻ കഴിയാതെ പോയത്.
പദ്ധതി ചെലവ് - 5 കോടി രൂപ
സംസ്ഥാന സർക്കാരിന്റെയും ആർ.കെ.വി.വൈയുടെയും സാമ്പത്തിക സഹായത്തോടെ
ആധുനിക യന്ത്ര സാമഗ്രികൾ
വെളിച്ചെണ്ണ ഉത്പാദനത്തിന് ആധുനിക യന്ത്ര സാമഗ്രികളാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. 30 മെട്രിക് ടൺ കൊപ്ര ആട്ടുന്നതിനുള്ള സംവിധാനമാണിത്. യന്ത്ര സാമഗ്രികൾ മൊത്തമായി പ്രവർത്തിപ്പിച്ചാൽ 20,000 ലിറ്റർ വെളിച്ചെണ്ണ ഒരു ദിവസം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
കൊപ്ര സംഭരണം വെല്ലുവിളിയാകുന്നു
വെളിച്ചെണ്ണ ഉത്പാദന സാമഗ്രികൾ തയ്യാറായെങ്കിലും കൊപ്ര സംഭരണം കോർപ്പറേഷന് വെല്ലുവിളിയാകുകതന്നെ ചെയ്യും. തിരുവനന്തപുരം ജില്ലയിൽ കൊപ്രയുടെ ലഭ്യത വളരെക്കുറവാണ്. ഉള്ളതിന് താങ്ങാനാവാത്ത വിലയുമാണ്. മറ്റ് ജില്ലകളിൽ നിന്നോ സമീപ സംസ്ഥാനങ്ങളിൽ നിന്നോ കരാർ അടിസ്ഥാനത്തിൽ കൊപ്ര എത്തിച്ചാലേ കോംപ്ലക്സ് പ്രവർത്തിപ്പിക്കാനാവൂ.
ഉദ്ഘാടനം നാളെ
ആറ്റിങ്ങൽ: ആറ്റിങ്ങൽ നാളികേര കോംപ്ലക്സിൽ വെളിച്ചെണ്ണ പ്ലാന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3 ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക്
1979- പ്രവർത്തനം ആരംഭിച്ചു
1983 - പ്രവർത്തനത്തിൽ മികച്ച മുന്നേറ്റം
1989 - കേരഫെഡിന് കൂലിക്ക് കൊപ്ര ആട്ടുന്ന തരത്തിലേക്ക് പ്രവർത്തനം താഴ്ന്നു
1992 - നഷ്ടം കാരണം പ്രവർത്തനം നിറുത്തിവച്ചു
2010 - വെർജിൻ കോക്കനട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
40 ലക്ഷത്തിലേറെ കേര കർഷകർ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്. ഇവരെ സഹായിക്കാനും സംരക്ഷിക്കാനുമാണ് വിപുലമായ രീതിയിൽ വെളിച്ചെണ്ണ ഉത്പാദനത്തിന് കോർപ്പറേഷൻ തയ്യാറായത്.
എം. നാരായണൻ, ചെയർമാൻ,
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |