SignIn
Kerala Kaumudi Online
Thursday, 25 April 2024 6.02 AM IST

'ക്വട്ടേഷൻ' കുരുക്കിൽ സി.പി.എം, ആക്രമണത്തിന് പ്രതിപക്ഷം

cpm

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് വിവാദങ്ങളുടെ കുരുക്കഴിക്കാൻ സി.പി.എം കിണഞ്ഞ് ശ്രമിക്കുന്നതിനിടയിൽ, വിഷയം സർക്കാരിനും സി.പി.എമ്മിനുമെതിരായ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷം. തുടർഭരണത്തിന്റെ തിളക്കം കെടുത്തുന്ന നിലയിലേക്ക് അടിക്കടി ഉയരുന്ന വിവാദങ്ങൾ ഇടതുനേതൃത്വത്തെയും അസ്വസ്ഥമാക്കുന്നു.

വനിതാകമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് എം.സി. ജോസഫൈന് രാജിവയ്‌ക്കേണ്ടി വന്നതിന് പിന്നാലെയാണ് സ്വർണക്കടത്ത് വിവാദവും സി.പി.എമ്മിനെ വലയ്ക്കുന്നത്. പാർട്ടി സൈബർ പോരാളികളുടെ മറവിൽ ക്വട്ടേഷൻ സംഘങ്ങളുടെ വഴിവിട്ട നീക്കങ്ങളുടെ തെളിവുകളാണ് പുറത്തുവരുന്നത്. ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും ഡി.വൈ.എഫ്.ഐ നേതാവായ സജേഷിനെയും പാർട്ടി പുറന്തള്ളിയിട്ടും വിവാദത്തിൽ നിന്ന് തലയൂരാനാകാത്തതിന് കാരണം മുൻകാലങ്ങളിൽ കണ്ണൂരിലെ നേതാക്കൾക്കായി ഇവർ നടത്തിയ 'പോരാട്ട'ങ്ങളുടെ ചൂടും ചൂരുമാണെന്ന് പാർട്ടിയിൽ പലരും തിരിച്ചറിയുന്നുണ്ട്.

സി.പി.എമ്മിലെ പ്രതിസന്ധി മുതലെടുത്തായിരുന്നു ഇന്നലെ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. സൈബറിടങ്ങളിൽ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഓരോ ക്രിമിനൽ കേസിലെയും പ്രധാന ആസൂത്രകരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ സ്വർണ്ണക്കടത്തിന്റെ പങ്കു പറ്റുന്നവരായി സി.പി.എം മാറിയെന്ന് തെളിഞ്ഞെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആക്ഷേപം.

കൊടകര കുഴൽപ്പണക്കേസിലെ മെല്ലെപ്പോക്കും ആയുധമാക്കിയ പ്രതിപക്ഷം, അത് തേച്ചുമായ്ച്ച് ബി.ജെ.പിയുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും ആക്ഷേപിച്ചു. പൊലീസിനെയും അതുവഴി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയുമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയാക്രമണത്തേക്കാൾ, സമൂഹത്തിൽ ഈ വിവാദങ്ങൾ സൃഷ്ടിക്കുന്ന അനുരണനങ്ങളാണ് സി.പി.എം നേതൃത്വം ഉറ്റുനോക്കുന്നത്. വിവാദങ്ങൾ ആളിക്കത്തും മുമ്പുതന്നെ തടയിടാൻ നേതൃത്വം മുന്നിട്ടിറങ്ങിയത് ഈ ജാഗ്രതയുടെ ഭാഗമാണ്.

പരാതിക്കാരിയോട് മോശമായി പ്രതികരിച്ചെന്ന ആക്ഷേപത്തിൽ വനിതാകമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈനോട് രാജി ചോദിച്ചു വാങ്ങിയ സി.പി.എം നേതൃത്വം, കരിപ്പൂർ വിവാദത്തിലും സമാന നീക്കങ്ങളാണ് നടത്തുന്നത്. ക്വട്ടേഷൻ ബന്ധമുണ്ടെന്ന് കണ്ടെത്തിയവരെയെല്ലാം പുറത്താക്കുക മാത്രമല്ല, അവരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്ന കണ്ണൂർ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ പാർട്ടി നിലപാടിൽ കളങ്കമില്ലെന്ന് വരുത്താനുള്ള തീവ്രശ്രമമാണ് നടത്തുന്നത്. പുതിയ വിവാദത്തിന്റെ വെളിച്ചത്തിൽ പാർട്ടിയിൽ ബ്രാഞ്ച് തലം മുതൽ ശുദ്ധീകരണപ്രക്രിയയും തുടങ്ങിയിട്ടുണ്ട്. അപ്പോഴും, ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും പൂർവകാലബന്ധം പാർട്ടിക്ക് മേൽ അശനിപാതമായി പതിക്കുന്നതാണ് പ്രതിസന്ധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.