SignIn
Kerala Kaumudi Online
Friday, 19 April 2024 5.18 PM IST

മാനുഷികതയുടെ പണപ്പൊതി

nirmala-sitaraman

സാമ്പത്തിക പാക്കേജുകൾ പലപ്പോഴും കണക്കിന്റെ ചെപ്പടിവിദ്യയോ കൺകെട്ടോ ആയിത്തീരുകയാണ് പതിവെങ്കിൽ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 6.28 ലക്ഷം കോടിയിലധികം രൂപയുടെ കൊവിഡ് സമാശ്വാസ പാക്കേജിന്റെ ഉള്ളടക്കം ആ പതിവിന് വലിയ തിരുത്താണ്. വിപണിയിലേക്ക് കൂടുതൽ പണമെത്തിച്ച്, അതിനെ ഊർജ്ജസ്വലമാക്കുക എന്നതാണ്, സമ്പദ്മേഖലയെ വീണ്ടും ചലനാത്മകമാക്കുന്നതിനുള്ള നിശ്ചയദാർഢ്യവും ദീർഘവീക്ഷണത്തോടെയുള്ള പ്രായോഗികതയും പ്രകടമാക്കുന്ന പാക്കേജിന്റെ അടിസ്ഥാനസ്വഭാവം തന്നെ.

ധനകാര്യസ്ഥാപനങ്ങളുടെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്ന പതിവ് രീതിശാസ്ത്രത്തിനു പകരം ആരോഗ്യം, ചെറുകിട വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ അധിക വായ്പകൾ ലഭ്യമാക്കി, കൂടുതൽ പേരിലേക്ക് പണമെത്തിച്ചുള്ള ഉത്തേജന വാക്സിൻ ആണ് കൊവിഡ് നിശ്ചലതയിൽ നിന്ന് സാമ്പത്തിക പുനരുത്ഥാനത്തിന് ചിറകേകുന്ന പാക്കേജ്. ചെറുകിട വ്യവസായ മേഖലയിൽ 25 ലക്ഷം പേർക്ക് കേന്ദ്ര ഈടോടു കൂടിയുള്ള വായ്പാ പദ്ധതിയാണ് ശ്രദ്ധേയ പ്രഖ്യാപനം. 7300 കോടി രൂപ വകയിരുത്തിയുള്ള പദ്ധതി ചെറുസംരംഭകർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതു മാത്രമല്ല, ചെറുകിട വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിന് വഴിതുറക്കുന്നതുമാണ്.

വായ്പകളുടെ കാര്യത്തിൽ സാധാരണക്കാർക്കു മുന്നിലെ വലിയ കടമ്പയും കുരുക്കും വായ്പയ്ക്കുള്ള ഈടാണ്. ആ ഉറപ്പ് വായ്പാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നൽകുമെന്നതിൽ രാഷ്ട്രീയത്തിനും ധനകാര്യത്തിനുമപ്പുറത്തെ മാനുഷികതയുണ്ട്. ആ മാനുഷികതയാണ് നിർമ്മല സീതാരാമന്റെ പുതിയ പാക്കേജിന്റെ യഥാർത്ഥ വലിപ്പം. 11,000 ടൂറിസ്റ്ര് ഗൈഡുകൾക്ക് ഒരുലക്ഷം രൂപ വീതമുള്ള വായ്പയ്ക്കും ട്രാവൽ ഏജസികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കും കേന്ദ്രമാണ് ഈടു നിൽക്കുക. ഇങ്ങനെ വിതരണം ചെയ്യപ്പെടുന്ന വായ്പാ പണം ടൂറിസം വിപണന മേഖലയ്ക്ക് പുതുജീവനാകും.

ആരോഗ്യ മേഖലയിൽ ചെലവിടുന്ന 50,000 കോടി രൂപയുടെ ഭൂരിഭാഗവും വായ്പകൾക്കാണ്. പുതിയ പദ്ധതികൾക്കുള്ള വായ്പയുടെ 75 ശതമാനത്തിനും നിലവിലെ പദ്ധതികളുടെ വികസനത്തിന് വായ്പയുടെ 50 ശതമാനത്തിനും കേന്ദ്ര ഈടുണ്ടാകും. ആരോഗ്യമേഖലയിലെ സ്വകാര്യ സംരംഭങ്ങൾക്കുള്ള ഈ കൈത്താങ്ങ്, ആരോഗ്യ സേവനത്തിന്റെ വ്യാപ്തിയും ഗുണനിലവാരവും വർദ്ധിപ്പിക്കുമെന്ന് തീർച്ച. കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയാണ് 23,220 കോടിയുടെ പദ്ധതി. ഇത് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ശിശുചികിത്സാ സൗകര്യങ്ങൾ ആധുനികവത്കരിക്കാൻ സഹായകമാകും.

തൊഴിൽ സ്ഥാപനങ്ങളിൽ പുതിയ ജീവനക്കാരുടെ രണ്ടുവർഷത്തെ ഇ.പി.എഫ് വിഹിതം കേന്ദ്രം നൽകുന്ന പദ്ധതി അടുത്ത മാർച്ച് വരെ നീട്ടിയത് കൂടുതൽ തൊഴിലവസരങ്ങൾക്ക് ഇന്ധനമാകുന്ന പ്രഖ്യാപനമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ പണലഭ്യതയെക്കാൾ നിർണായകം വിനിയോഗരീതിയാണ്. അതിലെ സാമർത്ഥ്യമാണ് ഇപ്പോഴത്തെ പാക്കേജിനെ അർത്ഥപൂർണമാക്കുന്നത്.

പുതിയ പദ്ധതികൾക്കായി ശതകോടികൾ പ്രഖ്യാപിച്ച് കൈയടി നേടുന്നതിനു പകരം, അടിസ്ഥാന മേഖലകളിൽ കേന്ദ്ര ഈടോടെ വായ്പാലഭ്യത വർദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനും വിപണിക്ക് ഊർജ്ജസ്വലതയും സമ്മാനിക്കുന്ന ഈ 'പണപ്പൊതി', അതുകൊണ്ടുതന്നെ കൊവിഡ് ഘട്ടത്തിൽ ഏറ്റവും ഫലവത്തായ ധനകാര്യ ജീവൻരക്ഷാ പാക്കേജ് ആയി മാറുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID PACKAGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.