ആലപ്പുഴ: കൊവിഡ് മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇതിന്റെ ഭാഗമായി ആലപ്പുഴ മെഡി. ആശുപത്രിയിലെ ട്രയാജ് സംവിധാനം (കൂടുതൽ പേർക്കുള്ള അടിയന്തര ചികിത്സ) ശക്തമാക്കി.
വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ എന്നിവ ട്രയാജിലെ എല്ലാ കിടക്കകളിലും സജ്ജീകരിച്ചു. നിലവിലുള്ള 285 കിടക്കകൾ കൂടാതെ 150 കിടക്കകൾ കൂടി മെഡി. ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്കായി സജ്ജീകരിക്കും. അധികമായി 12 ഐ.സി.യു കിടക്കകൾ, കുട്ടികൾക്കായി 28 ഹൈ- ഡിപെൻഡൻസി യൂണിറ്റുകൾ എന്നിവ ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു.
കുട്ടികൾക്ക് എങ്ങനെയാണ് കൊവിഡ് ബാധിക്കുന്നത്, എങ്ങനെയെയാണ് അവരിൽ രൂക്ഷമാകുന്നത്, കൊവിഡാനന്തരം മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ അഥവാ മിസ്ക് എന്ന അവസ്ഥ നേരിടാൻ വേണ്ടുന്ന കാര്യങ്ങൾ തുടങ്ങിയവ മെഡി. ആശുപത്രിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പീഡിയാട്രിക് വെന്റിലേറ്റർ പരിശോധന നൽകും.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് നിലവിൽ ജില്ലയിലെ കൊവിഡ് ആശുപത്രികളിലും സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, ഡി.സി.സി എന്നിവിടങ്ങളിലുമായി 4550 കിടക്കകൾ ലഭ്യമാണ്. 877 കിടക്കകളിൽ ഓക്സിജൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ ആശുപത്രികളിൽ 20 കിടക്കകൾ വീതം ആകെ 9 ആശുപത്രികളിലായി 180 കിടക്കകൾ സജ്ജീകരിക്കും.
.....................
ഏഴ് പ്രധാന ആശുപത്രികളിലായി 82 ഐ.സി.യു കിടക്കകൾ
46 വെന്റിലേറ്ററുകൾ, 564 ഓക്സിജൻ സപ്ലൈ കിടക്കകൾ
....................................
# മൂന്നു ഘട്ടങ്ങളായി ഒരുക്കങ്ങൾ
മൂന്നാം തരംഗത്തെ നേരിടാൻ ആലപ്പുഴ വനിതാ-ശിശു ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിലും ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ രണ്ടാം ഘട്ടത്തിലും കൂടുതൽ ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കും. മൂന്നാം ഘട്ടത്തിൽ മാവേലിക്കര ജില്ല ആശുപത്രി, നൂറനാട് ലെപ്രസി സാനിട്ടോറിയം എന്നീ കേന്ദ്രങ്ങളെ ഉൾപ്പെടുത്തും.
..........................
കുട്ടികളിലെ മിസ്കിന് നൽകേണ്ടി വരുന്ന വിലയേറിയ ഇൻട്ര വീനസ് ഇമ്യൂണോ ഗ്ലോബ്ലിൻ ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ 2000 ലിറ്ററിന്റെ ഓക്സിജൻ ജനറേഷൻ പ്ലാന്റ് ഒരു സന്നദ്ധ സംഘന മുഖേന സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു
ഡോ. ആർ.വി. രാംലാൽ, സൂപ്രണ്ട്, ആലപ്പുഴ മെഡി. ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |