SignIn
Kerala Kaumudi Online
Thursday, 25 April 2024 6.49 AM IST

വി.ഐ.പി സുരക്ഷയും പൊതുജനവും

vandana-mishra

രാഷ്ട്രപതിയുടെ കാൺപൂർ സന്ദർശനത്തിനിടെ യഥാസമയം ആശുപത്രിയിലെത്താൻ സാധിക്കാതെ പോയ വന്ദനമിശ്ര എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിന് വലിയ വാർത്താപ്രാധാന്യം കിട്ടിയില്ല. വി.ഐ.പിയുടെ വാഹനവ്യൂഹത്തിനു പോകാനായി മറ്റു വാഹനങ്ങളെല്ലാം പിടിച്ചിട്ടത് കാരണം നിർണായക സമയത്തിനുള്ളിൽ ആ ഹതഭാഗ്യയ്‌ക്ക്
ആശുപത്രിയിലെത്താനായില്ല. സംഭവത്തിൽ രാഷ്ട്രപതി ഉചിതമാംവിധം അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. അത് അദ്ദേഹത്തിന്റെ മാന്യതയും മനുഷ്യത്വവും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ട് സാധാരണ മനുഷ്യർക്കുണ്ടാകുന്ന കഷ്ടപ്പാടുകൾ ചെറുതല്ല. ന്യൂഡൽഹിയിൽ പക്ഷെ, ഈ പീഡാനുഭവമില്ല.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വാഹനങ്ങൾക്ക് പോകാൻ വേണ്ടി രണ്ടോ മൂന്നോ മിനിട്ടു മാത്രമേ ട്രാഫിക് നിറുത്താറുള്ളൂ. എന്നാൽ വി.ഐ.പികൾ മറ്റു നഗരങ്ങൾ സന്ദർശിക്കുമ്പോൾ കഥയാകെ മാറും. സുരക്ഷാ ചുമതലയുള്ള കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സംയുക്തമായി സുരക്ഷാ സംവിധാനമൊരുക്കി ഓരോ
സന്ദർശനത്തിലും നിയന്ത്രണങ്ങളുടെ പുതിയ ഭാഷ്യങ്ങൾ രചിക്കുന്നു.
എൺപതുകളിൽ ഞാൻ കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന കാലത്ത് നടന്ന ഒരു രാഷ്ട്രപതി സന്ദർശനം ഓർത്തുപോകുന്നു. അന്ന് പഠിച്ച പ്രധാന പാഠം തീരുമാനങ്ങൾ വക്രീകരിക്കപ്പെടുമെന്നതാണ് . സംഭവപരമ്പര ഇങ്ങനെ. രാഷ്ട്രപതിക്ക് നഗരത്തിലെ പൊതുപരിപാടി വൈകുന്നേരം നാലുമണിക്ക്. അദ്ദേഹത്തിന്റെ പ്രത്യേക വിമാനം കരിപ്പൂരിൽ ഇറങ്ങുന്നത് രാവിലെ പത്തിന്. അവലോകന യോഗത്തിൽ സ്‌കൂളുകൾക്ക് അവധി കൊടുക്കേണ്ടെന്ന് തീരുമാനിക്കുന്നു. കാരണം സ്‌കൂൾ വാഹനങ്ങൾ ഒമ്പതരയ്ക്ക് മുമ്പ് നിരത്തുകളിൽ നിന്ന് ഒഴിയും. രാഷ്ട്രപതിയുടെ വാഹനവ്യൂഹം നഗരത്തിലെത്തുമ്പോൾ പത്തര
മണിയാകും. റോഡുകൾ ഒമ്പതേ മുക്കാലിനേ അടയ്ക്കാവൂ. ഇതായിരുന്നു
ധാരണ. നിർദ്ദിഷ്ടദിവസം രാവിലെ എട്ടുമണി മുതൽ കളക്ടർക്ക് ഫോൺ കോളുകളുടെ പ്രവാഹം. സ്‌കൂൾ ബസുകളെല്ലാം റോഡിൽ പിടിച്ചിട്ടിരിക്കുന്നു. എന്തിനിങ്ങനെ കഷ്ടപ്പെടുത്തി? അവധി കൊടുത്തുകൂടായിരുന്നോ ? ഇതൊക്കെയാണ് രക്ഷിതാക്കളുടെ അരിശം
മൂത്ത ന്യായമായ ചോദ്യങ്ങൾ. എന്താണ് സംഭവിച്ചത്? മീറ്റിംഗിൽ പങ്കെടുത്ത എസ്‌.പി തന്റെ തൊട്ടുതാഴെയുള്ള ഓഫീസറോട്
പറയുന്നൂ: 'റോഡുകൾ ഒമ്പതരയ്ക്ക് അടച്ചാൽ മതി . ആ ഓഫീസർ സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം കൊടുത്തപ്പോളത് ഒമ്പതു മണിയായി. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കിട്ടിയ വിവരം എട്ടുമണിക്ക് റോഡ് അടയ്ക്കണമെന്നാണ്. എല്ലാവരും തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ പതിനഞ്ചു മിനിറ്റും മുപ്പതു മിനിറ്റും കൂട്ടിച്ചേർത്ത് സ്വന്തം നിലഭദ്രമാക്കി. സ്‌കൂൾ കുട്ടികളും ബസുകളും അധ്യാപകരും പെരുവഴിയിൽ !

വി.ഐ.പി സന്ദർശനത്തിന്റെ കാര്യത്തിൽ തീരുമാനങ്ങൾ ഓരോ ശ്രേണിയിലും സ്വയം രക്ഷയെ മുൻനിറുത്തി വക്രീകരിക്കപ്പെടും. കോഴിക്കോടും കാൺപൂരിലും മാത്രമല്ല അനേകം നഗരങ്ങളിൽ നടന്നിട്ടുള്ള ഇത്തരം സംഭവങ്ങളിൽ പോലീസ് സേനയെ മാത്രമായി പഴിക്കുന്നത് ശരിയല്ല. വി.ഐ.പി സുരക്ഷയെക്കുറിച്ചു കൃത്യമായ ചിട്ടകളും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും അനുസരിക്കാൻ സംസ്ഥാന പൊലീസിന് ബാദ്ധ്യതയുണ്ട്. സന്ദർശിക്കുന്ന വി.ഐ.പി യുടെ സുരക്ഷ ആ സംസ്ഥാനത്തിന്റെ ചുമതലയാണ്. സുരക്ഷാ ക്രമീകരണങ്ങൾ രണ്ടു വിധത്തിലാണല്ലോ. സൂക്ഷ്മസുരക്ഷയും സ്ഥൂലസുരക്ഷയും. ഇന്റലിജൻസ് വിഭാഗം എല്ലാ കാര്യങ്ങളും നേരത്തെ നിരീക്ഷിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നത് സൂക്ഷ്മസുരക്ഷ. അതാണ് വാസ്തവത്തിൽ പരമപ്രധാനം. എവിടെയെല്ലാം സൂക്ഷ്മസുരക്ഷ ഫലപ്രദമായില്ലയോ അവിടെയെല്ലാം വീഴ്ചകൾ സംഭവിച്ചിട്ടുമുണ്ട്. ഇതൊന്നും സാധാരണ മനുഷ്യർ അറിയുന്നതേയില്ല. എന്നാൽ സ്ഥൂലക്രമീകരങ്ങൾ അങ്ങനെയല്ല. ജനങ്ങളെ അത് നേരിട്ട് ബാധിക്കും. അവരുടെ സഞ്ചാരസ്വാതന്ത്ര്യം താത്‌കാലികമായി തടസപ്പെടും. അതിന്റെ ഭാഗമായി റോഡ് ബ്ലോക്ക് ചെയ്യുന്നു, വഴിതിരിച്ചു വിടുന്നു, തിരിച്ചുവിട്ട വഴി വാഹനങ്ങൾ കൊണ്ട് നിറയുന്നു, വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പോകേണ്ടവർക്കു ബുദ്ധിമുട്ടുകളുണ്ടാവുന്നു; ചിലപ്പോൾ ആശുപത്രിയിലേക്കുള്ള വാഹനങ്ങളൂം പിടിച്ചിട്ടവയുടെ കൂട്ടത്തിൽപ്പെട്ടെന്നു വരാം. റോഡിൽ നിൽക്കുന്ന പൊലീസുകാരന്, ഉചിതമായ തീരുമാനങ്ങൾ
സ്വീകരിച്ചുകൊള്ളൂ, ആവശ്യം മനസിലാക്കി വാഹനങ്ങൾ അനുവദിച്ചുകൊള്ളൂ എന്ന അനുവാദം കൊടുക്കുന്ന ഒരവസ്ഥ സംഭവ്യമല്ല. പ്രായോഗികവുമല്ല. സാധാരണ പൗരന്റെ യഥാർത്ഥ ബുദ്ധിമുട്ടുകൾ ആരാണ് പരിഹരിക്കേണ്ടത്? വി.ഐ.പി സുരക്ഷ സംബന്ധിച്ച് നിലവിലുള്ള
കാഴ്ചപ്പാടും ശൈലിയും ശാസ്ത്രീയമായി പരിഷ്‌കരിക്കുകയും പുതിയ
സൂക്ഷ്മസുരക്ഷാ ശൈലി ആവിഷ്‌കരിക്കുകയും ചെയ്യാൻ സമയമായി. ന്യൂസീലൻഡിലെപ്പോലെ ഓവർ സ്പീഡിന് പ്രധാനമന്ത്രിക്കു ഫൈൻ ചുമത്തേണ്ട. സ്വീഡനിലെപ്പോലെ വി.ഐ.പികൾ ബസിൽ മറ്റുള്ളവരോടൊപ്പം സഞ്ചരിക്കുകയും വേണ്ട. (വല്ലപ്പോഴും ഒരു.വി.ഐപിക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.) സാധാരണ മനുഷ്യർക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നു അംഗീകരിക്കുകയും ഏറ്റവും കുറഞ്ഞ നിയന്ത്രണം
മാത്രമേ നടപ്പാക്കാവൂ എന്ന് തീരുമാനിക്കുകയും വേണം. ഏറ്റവും ഉയർന്ന തലങ്ങളിൽ പുനരാലോചന നടത്തിയെങ്കിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ.

റോഡിൽ നമ്മളെ തടഞ്ഞു നിറുത്തുന്ന പാവം പൊലീസുകാരനോട്
കയർത്തിട്ട് കാര്യമേതുമില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് 75 തികയുന്ന അടുത്തവർഷം ഈ മാറ്റം നടപ്പിലാക്കാൻ പറ്റിയ സന്ദർഭമാണ്. പൗരാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും പരിരക്ഷിക്കുന്ന ജനാധിപത്യ രാജ്യത്തിനു അത്തരമൊരു മാറ്റം ഭൂഷണമായിരിക്കും. സാധാരണക്കാരുടെ സൗകര്യങ്ങൾക്ക് വില കുറയുകയും പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനു ഭരണകൂടത്തിന് താത്‌പര്യം വളരുകയും ചെയ്യുമ്പോൾ നാം വീണ്ടും ഫ്യൂഡൽ മൂല്യങ്ങളിലേക്കു മടങ്ങുകയാണ്. സ്വാതന്ത്ര്യത്തിലേക്ക് വളരുന്ന ഒരു ജനാധിപത്യത്തിൽ വന്ദനമിശ്രയുടെ മരണവും സമാന സംഭവങ്ങളും ആവർത്തിക്കാൻ പാടില്ല. വി.ഐ.പി സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷെ സാധാരണ ഭാരതപൗരന്റെ ജീവനുമുണ്ടല്ലോ വിലയും പ്രാധാന്യവും. വി.ഐ.പി സന്ദർശനത്തിന്റെ നിയന്ത്രണങ്ങളിൽ ഇനി ഒരു വന്ദനമിശ്ര മരിക്കാൻ പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, VANDANA MISHRA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.