SignIn
Kerala Kaumudi Online
Friday, 29 March 2024 5.41 AM IST

പെൺ​മക്കളെ വി​ല്‌പനച്ചരക്കാക്കരുത്

photo

യോഗനാദം ജൂലായ് ഒന്നാംലക്കം മുഖപ്രസംഗം

..........................................

പണവും പദവിയും കുടുംബമഹിമയും വിദ്യാഭ്യാസ നിലവാരവുമൊക്കെ സ്ത്രീധനത്തിന് മുന്നിൽ തോറ്റുപോയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഏതാനും ആഴ്ചകളായി കേരളത്തിൽ അരങ്ങേറുന്നത്. ഈ മഹാമാരിക്കാലത്ത് പെൺകുട്ടികളുടെ കണ്ണീരുപ്പിൽ നീറുകയാണ് കേരളം. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ നിലവാരങ്ങളുടെ മേനി പറഞ്ഞ് അഹങ്കരിക്കുന്ന മലയാളികൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട രീതിയിലേക്ക് സ്ത്രീധനമെന്ന അനാചാരം നമ്മെ കൊണ്ടെത്തിച്ചു. സാമ്പത്തികമായി നല്ലനിലയിലെ കുടുംബത്തിൽ പിറന്ന ബി.എ.എം.എസ് വിദ്യാർത്ഥിനിയും അസി. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ കിരണിന്റെ ഭാര്യയുമായ വിസ്മയ മുതൽ എറണാകുളം വാത്തുരുത്തി കോളനി​യിലെ ഒറ്റമുറി വാടകവീട്ടിൽ കഴിഞ്ഞ കൂലിപ്പണിക്കാരൻ തമിഴ്നാട് സ്വദേശി കാർത്തിക്കിന്റെ ഭാര്യ കനിമൊഴി വരെ ഒരാഴ്ചയ്ക്കിടെ കേരളത്തിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പെൺകുട്ടികളിൽ ചിലരാണ്. വരന് നൽകിയ കാറിന്റെ മേനിക്കുറവാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചതെങ്കിൽ സ്ത്രീധന ബാക്കിയായ ആറുപവനാണ് കനിമൊഴിയെ ഒരു കഷണം കയറിൽ ജീവിതമവസാനിപ്പിക്കുന്നതിൽ എത്തിച്ചത്.

പിറന്ന വീട്ടിൽ രണ്ട് പതിറ്റാണ്ടിലേറെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുജനങ്ങളുടെയും സ്നേഹപരിലാളനകൾ അനുഭവിച്ച് വളർന്ന ഒരു പെൺകുട്ടി തികച്ചും അപരിചിതമായ അന്തരീക്ഷത്തിലേക്ക് പറിച്ചുനടുന്ന പ്രക്രിയയാണ് സാധാരണ വിവാഹങ്ങളിലൂടെ ഉരുത്തിരിയുന്നത്. അവൾക്ക് പതിവിലേറെ ശ്രദ്ധയും സ്നേഹവും പകരാൻ ബാദ്ധ്യതപ്പെട്ടവരാണ് ഭർത്താവും ബന്ധുക്കളും. പൊന്നിന്റെയും പണത്തിന്റെയും സൗന്ദര്യത്തി​ന്റെയും കുടുംബത്തി​ന്റെയും കുറവുകളും കുറ്റങ്ങളും കണ്ടെത്തി അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നവർ ക്രിമിനലുകളാണ്. ഒരു ദയാവായ്‌പിനും അവർ അർഹരല്ല.

വിവാഹത്തിന് സ്ത്രീധനം ചോദിക്കുന്നവർ മനുഷ്യനല്ല. ആത്മാഭിമാനമുള്ള ഒരാണും തന്റെ ജീവിതസഖിയാകാൻ പെൺകുട്ടിയിൽ നിന്ന് സമ്പത്ത് ആവശ്യപ്പെടില്ല. സ്വന്തം മകളുടെ അന്തസിന്റെ മൂല്യം കളയുന്നവരാണ് സ്ത്രീധനം നൽകുന്ന മാതാപിതാക്കളും. വിവാഹമെന്ന ബന്ധത്തിന്റെ പവിത്രത അറിയാത്ത, പെണ്ണിന്റെ മൂല്യമറിയാത്തവരുടെ കൂട്ടത്തിലേക്ക് ബലികൊടുക്കാനായി വളർത്തുന്നതല്ല മകളെന്ന ബോധമാണ് മാതാപിതാക്കൾക്ക് ഉണ്ടാകേണ്ടത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങളെ ഭയന്ന് ജീവതസമ്പാദ്യവും വീടും പറമ്പും വരെ വിറ്റ് കടക്കെണിയിലായി സ്ത്രീധനം നൽകി പെൺമക്കളെ കെട്ടിച്ചുവിടുന്ന മാതാപിതാക്കളും ഇക്കാര്യത്തിൽ ഒരുപോലെ തെറ്റുകാരണെന്ന് പറയേണ്ടി​വരും.
ഇതിലും വലിയ അനാചാരങ്ങളെ തുടച്ചുനീക്കിയ നാടാണിത്. സർക്കാരും സമൂഹവും ഒത്തുപിടിച്ചാൽ സ്ത്രീധനം ഇല്ലാതാക്കുക പ്രയാസമുള്ള കാര്യമേയല്ല. 1961 മുതൽ രാജ്യത്ത് സ്ത്രീധന നി​രോധന നി​യമം നി​ലവി​ലുണ്ട്. സ്ത്രീധനം ചോദി​ക്കുന്നതും നൽകുന്നതും കുറ്റമാണ്.

കേരളത്തി​ൽ മൂന്ന് മേഖലാ സ്ത്രീധന നി​രോധന ഓഫീസർമാരുണ്ടെങ്കി​ലും സാമൂഹ്യനീതി​ വകുപ്പ് വി​ഭജി​ച്ച് വനി​താ - ശി​ശുവി​കസന വകുപ്പ് രൂപീകരി​ച്ച ശേഷം ​ ഈ തസ്തി​കകൾ ഇല്ലാതായി​. പകരം സൃഷ്ടി​ച്ച വനി​താ സംരക്ഷണ ഓഫീസർമാരുടെ പ്രവർത്തനം കാര്യക്ഷമവുമല്ല. സതിയും അയിത്തവും ശൈശവ വിവാഹവും ഇല്ലാതാക്കിയ നമ്മുടെ രാജ്യത്ത് സ്ത്രീധന സമ്പ്രദായത്തെ വേരോടെ പറിച്ചെറിയേണ്ട സമയം അതിക്രമിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ആത്മാർത്ഥമായ സമീപനം സ്വീകരിക്കണം. വനിതാക്ഷേമത്തിന് ഊന്നൽ നൽകുന്ന ഇടതു സർക്കാരിന് അതിന് ബാദ്ധ്യതയുണ്ട്. ശക്തമായ ബോധവത്കരണത്തി​നും ആവശ്യമെങ്കി​ൽ കർശനമായ നി​യമനി​ർമ്മാണങ്ങൾക്കും തയ്യാറാകണം.

സ്ത്രീധനം ഉൾപ്പടെയുള്ള ദാമ്പത്യപ്രശ്നങ്ങളി​ൽ പുതി​യ കാലത്തെ ടെലി​വി​ഷൻ സീരി​യലുകളും വലി​യ പങ്കുവഹി​ക്കുന്നുണ്ട്. ഉന്നത സാംസ്കാരിക നിലവാരമുള്ളവരാണെന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹത്തി​ന് അപമാനകരമാണ് മലയാളം ടി​.വി​ ചാനലുകളിലെ തരംതാണ ജനപ്രിയ പരമ്പരകൾ. അമ്മായിഅമ്മപ്പോരും സ്ത്രീധനപ്രശ്നങ്ങളും അവിഹിതബന്ധങ്ങളും കുടുംബകലഹങ്ങളും പ്രമേയമായി വരുന്ന സീരിയലുകൾ പ്രായഭേദമെന്യേ മലയാളി മനസുകളെ മലീമസപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രത്യക്ഷ തെളിവുകളാണ് കേരളത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും. സ്ത്രീധനത്തെ നേരി​ടുമ്പോൾ തന്നെ ഇത്തരം സീരിയലുകളെ നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ട സമയവും വൈകി​ക്കഴി​ഞ്ഞു. സീരി​യലുകളെ സെൻസർഷി​പ്പി​ന്റെ പരി​ധി​യി​ൽപ്പെടുത്തുകയെങ്കി​ലും വേണം.

പെൺകുട്ടിക്ക് മികച്ച വിദ്യാഭ്യാസം നൽകി അവളെ സ്വന്തം കാലിൽ നിറുത്തി ആത്മവിശ്വാസമുള്ളവരാക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. സ്വന്തം വരുമാനമുള്ളവരാക്കിത്തീർത്ത് അവരി​ൽ ആത്മാഭിമാനം പകരണം.

രക്ഷിതാക്കളുടെ പണവും സമ്പത്തും ഉൗറ്റിയെടുത്ത് മറ്റൊരുവന് നൽകാനുള്ള കൈമാറ്റച്ചരക്കല്ല തങ്ങളെന്ന് പെൺകുട്ടികൾ തിരിച്ചറിയണം. മതവും വിശ്വാസവും മറ്റും ഇതിന് വിഘാതമാകേണ്ട കാര്യമില്ല. സഹി​ക്കാൻ പറ്റാത്ത എന്തെങ്കി​ലും സമീപനം ഭർത്താവി​ൽ നി​ന്നോ അയാളുടെ വീട്ടി​ൽ നി​ന്നോ ഉണ്ടായാൽ അത് ഉചി​തമായ വേദി​യി​ൽ ഉന്നയി​ക്കാനുള്ള മി​നി​മം ധൈര്യമെങ്കി​ലും പെൺ​മക്കളി​ൽ സൃഷ്ടി​​ക്കേണ്ടതുണ്ട്. പ്രണയി​ച്ചവനൊപ്പം പതി​നെട്ടാം വയസി​ൽ സ്വന്തം കുടുംബത്തെ ഉപേക്ഷി​ച്ചു പോയി​, പി​ന്നീട് ദാമ്പത്യം തകർന്നപ്പോൾ കൈക്കുഞ്ഞുമായി​ ഒറ്റയ്ക്ക് തെരുവി​ലേക്കി​റങ്ങി​ അസംഖ്യം പ്രതി​സന്ധി​കളെയും ഉപദ്രവങ്ങളെയും നേരി​ട്ട് പണി​യെടുത്തും പഠി​ച്ചും എസ്.ഐ ജോലി​ നേടി​യെടുത്ത ആനി​ ശി​വയാണി​പ്പോൾ കേരളത്തി​ലെ താരം. ആനി​യുടെ ആത്മധൈര്യവും നി​ശ്ചയദാർഢ്യവുമാണ് നമ്മുടെ മക്കളി​ൽ വളർത്തി​യെടുക്കേണ്ടത്.

എന്തായാലും എസ്.എൻ.ഡി.പി യോഗം സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സർവശക്തിയുമെടുത്ത് പോരാടാൻ തീരുമാനി​ച്ചു കഴി​ഞ്ഞു. ബോധവത്കരണത്തി​ലൂടെയും പി​ന്തുണയി​ലൂടെയും പെൺകുട്ടികളെ ശാക്തീകരിക്കലാണ് ഇതിൽ പ്രധാനം. നല്ല വിദ്യാഭ്യാസവും തൊഴിലും നേടിയെടുക്കാനായി പരിശീലന, മാർഗനിർദേശക ക്ളാസുകളും, അന്തസും ആത്മാഭിമാനവും വളർത്താനുള്ള കൗൺസലിംഗുകളുമൊക്കെ ചേർന്ന വിപുലമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ കീഴിലുള്ള കുമാരീസംഘങ്ങൾ വഴി വനിതാസംഘത്തിന്റെയും യൂത്ത്മൂവ്മെന്റിന്റെയും പങ്കാളിത്തത്തോടെയാകും ഇവ നടപ്പാക്കുക.

സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് പോലെയാണെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. ഗുരുമാർഗത്തിൽ ചരിക്കുന്ന എല്ലാവർക്കും അതുതന്നെയാണ് അന്തിമവാക്ക്. അത് മറക്കാതി​രി​ക്കുക....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.