ലക്നൗ: യു.പിയിലെ ഗാസിപ്പൂർ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന കർഷകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ കിസാൻ യൂണിയന്റെ പരാതിയിലാണ് നടപടി. കലാപം, ഉപദ്രവമുണ്ടാക്കൽ, ക്രിമിനൽ ഭീഷണി തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10.30ഓടെ വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രക്ഷോഭ സ്ഥലത്തേക്ക് അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിട്ടെന്നും കർഷകരെ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. സമാധാനമായി പ്രക്ഷോഭം തുടരുന്ന തങ്ങളെ പൊലീസിന്റെ മുമ്പിൽവച്ച് അടിച്ചോടിച്ചുവെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. അക്രമം നടന്നതിന് പിന്നാലെ പ്രക്ഷോഭം നടത്തുന്ന 200ഓളം ബി.കെ.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |