SignIn
Kerala Kaumudi Online
Thursday, 25 April 2024 12.37 PM IST

ടെക് ഭീമന്മാരും സർക്കാരുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

photo

ഇന്റർനെറ്റ് സാങ്കേതികവിദ്യ നയിക്കുന്ന ഇന്നത്തെ ദൈനംദിന ജീവിതത്തിൽ വമ്പൻ ടെക് കമ്പനികളുടെ സ്വാധീനം ഏറെ ആഴത്തിലാണ്. ഈ കമ്പനികളുടെ ഉത്പന്നങ്ങളില്ലാതെ ജീവിതം സാദ്ധ്യമാകില്ലെന്ന അവസ്ഥ ഇവർ നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചെന്നതിന് തെളിവാണ്. വൻതോതിലുള്ള വാണിജ്യ വിപുലീകരണത്തിലൂടെ ഇവയുടെയെല്ലാം വിപണിമൂല്യവും വർധിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്ത് കമ്പനികളിൽ എട്ടെണ്ണവും സാങ്കേതികവിദ്യ അധിഷ്ഠിത സംരംഭങ്ങളാണ്. അവരുടെ വരുമാനം ഭൂരിഭാഗം ആധുനിക രാഷ്ട്രങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ വലുതാണ്. പല രാജ്യങ്ങളുടെയും ഖജനാവിലെ നീക്കിയിരിപ്പിനെക്കാൾ വലിയ തുകയാണ് ടെക് ഭീമന്മാരുടെ വാർഷിക മിച്ചം.

വിപണി കീഴടക്കിക്കൊണ്ടുള്ള ഇവരുടെ തേരോട്ടത്തിനിടയ്ക്ക് സർക്കാരുകളുമായുള്ള ഏറ്റമുട്ടൽ നിത്യസംഭവമായി മാറുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ആഗോളതലത്തിലെ വിവിധ രാഷ്ട്രങ്ങളും ടെക് ഭീമന്മാരുമായുള്ള പോരാട്ടം ദൃശ്യമായിരുന്നു. ആന്റിട്രസ്റ്റ് നിയമനടപടികളാണ് ഏറ്റവും വലിയ യുദ്ധഭൂമി. ലോകത്തെ സുപ്രധാന ടെക് ഭീമന്മാരായ ഗൂഗിൾ, ആമസോൺ, ആപ്പിൾ, അലിബാബ, ഫേസ്ബുക്ക്, ഫ്ളിപ്കാർട്ട് എന്നിവ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ അന്വേഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

വമ്പന്മാരായ ടെക് കമ്പനികൾ ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ സൂക്ഷിപ്പുകാരായി മാറിയെന്നതാണ് പ്രധാന കാരണം. കോടിക്കണക്കിന് പേരാണ് ഇവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഉപഭോക്താക്കളും സംരംഭകരും ഇവരുടെ ദാക്ഷിണ്യത്തിലാണ് വിപണി പ്രവേശനം നടത്തുന്നതെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. വിപണി പ്രവേശനത്തിന് വൻ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണ് ടെക്ഭീമന്മാരുടെ തന്ത്രം. അതുവഴി അസന്മാർഗിക വാണിജ്യരീതികൾ, വമ്പൻ യൂസർ ഫീ, മത്സരം ഒഴിവാക്കൽ, ചെറുകമ്പനികളെ ഇല്ലായ്മ ചെയ്യൽ മുതലായവ ടെക് ഭീമന്മാർ നടത്തി വരുന്നു.

കുത്തക കോർപറേഷനുകളുടെ ചിറകരിയുന്ന കാര്യത്തിൽ അമേരിക്ക എന്നും മുൻപന്തിയിലാണ്. വിപണിയിലെ മാത്സര്യം കൂട്ടുന്നത് ദ്രുതഗതിയിലാക്കുന്നതിനുള്ള നടപടികൾ അവർ എന്നും കൈക്കൊണ്ടിട്ടുണ്ട്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് തിയോഡർ റൂസ്‌വെൽറ്റ് ലോകത്തിലെ ഏറ്റവും വലിയ റെയിൽ കമ്പനിയായ ജെ.പി മോർഗന്റെ നോർത്തേൺ സെക്യൂരിറ്റീസ്, ഏറ്റവും വലിയ എണ്ണക്കമ്പനിയായ റോക്‌ഫെല്ലറുടെ സ്റ്റാൻഡാർഡ് ഓയിൽ, എന്നിവ വിഘടിപ്പിച്ചത് ഓർക്കാവുന്നതാണ്. മൈക്രോസോഫ്റ്റ്, എടി ആന്റ് ടി എന്നിവയുടെ വിഘടനം തുടങ്ങിയവ സമീപകാല ഉദാഹരണങ്ങളാണ്.

വിപണിയിലെ മറ്റ് ഉത്പന്നങ്ങൾക്ക് മേൽ സ്വന്തം ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിൽപന ടെക് കമ്പനികൾ പ്രാമുഖ്യം നൽകുന്നത് തടയാൻ അമേരിക്കൻ കോൺഗ്രസ് അഞ്ച് ബില്ലുകളാണ് അവതരിപ്പിച്ചത്. റിപ്പബ്ലിക്കൻസിന്റെയും ഡെമോക്രാറ്റുകളുടെയും പിന്തുണയോടെയായിരുന്നു ഇത്. നിർദ്ദിഷ്ട ബില്ലുകൾ വഴി ഈ കമ്പനികളുടെയെല്ലാം പ്രാഥമിക വിപണന വേദി അവരുടെ മറ്റ് വാണിജ്യ താത്പര്യങ്ങളിൽ നിന്നും മാറ്റിനിറുത്തേണ്ടി വരും. ടെക് വമ്പന്മാരുടെ നിശിത വിമർശകയായ ലീന ഖാനെയാണ് അടുത്തകാലത്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനത്തിന്റെ മേധാവിയാക്കിയത്.

വിപണിയിലെ മാത്സര്യവിരുദ്ധ സമീപനങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടാണ് യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ പോകുന്നത്. ഇന്ത്യയാകട്ടെ 2018 ൽ തന്നെ സ്വന്തം ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിൽ നിന്ന് ഇ - കോമേഴ്സ് വ്യാപാര കമ്പനികളെ വിലക്കിയിട്ടുണ്ട്. നിഴൽ വാണിജ്യ കേന്ദ്രങ്ങളിലൂടെ ഈ നിയന്ത്രണം മറികടക്കാൻ ടെക് ഭീമന്മാർ നടത്തിയ ശ്രമത്തിൽ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങി.

മധ്യസ്ഥ നിയമപരിരക്ഷ സംബന്ധിച്ചാണ് ട്വിറ്ററും കേന്ദ്രസർക്കാറും തമ്മിൽ കൊമ്പുകോർത്തിരിക്കുന്നത്. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ വേദിയിൽ വരുന്ന ഉള്ളടക്കം നിക്ഷിപ്ത താത്പര്യങ്ങൾക്കായി കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തരമായ സംവിധാനമുണ്ടാക്കി. എന്നാൽ നിരുത്തരവാദികളും തിരഞ്ഞെടുക്കപ്പെടാത്തതുമായ ചിലയാളുകൾ പൊതുചർച്ചയെ സ്വാധീനിക്കുന്നത് ആശാസ്യമല്ലാത്ത കാര്യമായാണ് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ കാണുന്നത്. ആരുടെ സ്വരം വേണമെങ്കിലും അടിച്ചമർത്താനും ചിലരുടെ സ്വരം മാത്രം കേൾപ്പിക്കാനുമുള്ള സ്വാധീനമുണ്ടാകുന്നത് ശരിയല്ലെന്നും സർക്കാരുകൾ കരുതുന്നു. രാജ്യത്തെ രാഷ്ട്രചർച്ചയും അതിന്റെ ദിശയുമെല്ലാം ഇതുവഴി സ്വാധീനിക്കപ്പെടുകയാണ്.

യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചിരിക്കുന്ന ഡിജിറ്റൽ സർവീസസ് ആക്ടിനെ വേണമെങ്കിൽ ഇന്ത്യയ്ക്ക് മാതൃകയാക്കാം. സാങ്കേതികവേദിയുടെ പ്രവർത്തനം, ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനുള്ള അൽഗോരിതങ്ങൾ എന്നിവ സംബന്ധിച്ച ഉറച്ച തീരുമാനങ്ങൾ നിയന്ത്രണ സംവിധാനത്തെ അറിയിക്കണം. ഉള്ളടക്കം കൂട്ടിച്ചേർക്കുകയോ തുടച്ചുനീക്കുകയോ ചെയ്യുന്നതിന്റെ യുക്തി മാനദണ്ഡവും പരസ്യപ്പെടുത്തണം.

യൂറോപ്യൻ ആക്ടുകൾ ലംഘിക്കുന്നവർക്ക് കമ്പനിയുടെ ആകെ വരുമാനത്തിന്റെ 10 ശതമാനം വരെ പിഴ ഈടാക്കുകയും ഇത് പാലിക്കാത്തവരെ നിരോധിക്കുകയും ചെയ്യുകയാണ് യൂറോപ്യൻ യൂണിയൻ വിഭാവനം ചെയ്യുന്നത്.

ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വഴി സാങ്കേതികവിദ്യാ മേഖലയുടെ പങ്ക് കൂടുതൽ മെച്ചവും കാര്യക്ഷമവുമാവുകയേ ഉള്ളൂ. നയപരിപാടികളിലെ ആശയക്കുഴപ്പം സർക്കാരിന്റെ അനിയന്ത്രിത ഇടപെടലിനു മാത്രമേ സഹായിക്കൂ. അധികാരികളിലെ വ്യക്ത്യാധിഷ്ഠിതമായ ഭ്രമം മൂലം നികുതി വകുപ്പിനെക്കൊണ്ടോ, നിയന്ത്രണ അതോറിറ്റികളെക്കൊണ്ടോ കമ്പനികൾക്കെതിരെ അന്വേഷണം നടത്താനുള്ള സാദ്ധ്യതകളേറും.

രാജ്യത്തെ രാഷ്ട്രീയ ഗതിവിഗതികൾ സ്വതന്ത്രമായി നില്‌ക്കുന്നതിനും നവ ഡിജിറ്റൽ കോളനിവത്കരണം ഉണ്ടാകാതിരിക്കുന്നതിനും നിയന്ത്രണങ്ങളും നിയന്ത്രണ സംവിധാനങ്ങളും അത്യന്താപേക്ഷിതമാണ്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാകട്ടെ വ്യാജപ്രചരണങ്ങൾക്കും വഴിവിട്ട രാഷ്ട്രീയ നീക്കങ്ങൾക്കും ഇത്തരം നവഡിജിറ്റൽ രീതികൾ അവലംബിച്ചതായി പല തവണ ആരോപണവിധേയമായിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായുള്ള നയപരിപാടികൾക്ക് രൂപം നൽകുന്നതിൽ കേന്ദ്രസർക്കാരിനൊപ്പം പ്രവർത്തിക്കുന്നതിനായി ഐ.ടി കാര്യങ്ങൾക്കായുള്ള പാർലമെന്ററി കാര്യസമിതി പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം നൽകണം. സാങ്കേതികരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി അധികാരവും സ്വാതന്ത്ര്യവും നൽകണം. എന്നാൽ മാത്രമേ അധികാര ദുർവിനിയോഗമില്ലാതെ ഏവർക്കും നീതിയുക്തമായ നവസാങ്കേതികവിദ്യയുടെ ഗുണഫലം അനുഭവിക്കാനുള്ള സംവിധാനം പ്രാവർത്തികമാവുകയുള്ളൂ.

( ലേഖകൻ കെ.പി.സി.സി ഡിജിറ്റൽ മീഡിയയുടെ കൺവീനറും അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദധാരിയുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECH GIANTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.