സംവിധായകനും കഥാകൃത്തും ഫോട്ടോഗ്രാഫറും നിർമ്മാതാവുമായ ആന്റണി ഇൗസ്റ്റ്മാൻ ഒാർമ്മയായി
'ഉറക്കം കൊട്ടാരത്തിലാണ്, പക്ഷേ ജീവിതം ഭിക്ഷക്കാരന്റേതാണ്." മകന്റെ ആഡംബര ഗൃഹത്തിൽ താമസിക്കുമ്പോഴും അടുത്ത സുഹൃത്തുക്കളോട് സ്വകാര്യമായി ആന്റണി ഇൗസ്റ്റ്മാൻ പറയുമായിരുന്നു.
ഒരുപാടുപേരെ സിനിമയിൽ അവതരിപ്പിക്കുകയും ഒരുപാട് പേർക്ക് അവസരങ്ങൾ വാങ്ങി നൽകുകയും ചെയ്തയാളാണെങ്കിലും ദുരിതകാലത്ത് പലരും ആന്റണി ഇൗസ്റ്റ്മാനെ തിരിഞ്ഞുനോക്കിയില്ല.
ഒരു ലോഡ്ജിലെ വാടക മുറിയിൽ കുറെക്കാലം അനാഥനെപ്പോലെ ജീവിച്ചിട്ടുണ്ട് അദ്ദേഹം. അക്കാദമിയിൽ നിന്ന് ലഭിച്ചിരുന്ന നാലായിരം രൂപയുടെ പെൻഷൻ മാത്രമായിരുന്നു ഏക വരുമാവും ആശ്രയവും.
ആന്റണി ഇൗസ്റ്റ്മാന്റെ ശുപാർശയിലാണ് ഒരു പ്രമുഖ സംവിധായകന്റെ ആദ്യകാല ചിത്രങ്ങളിലൊന്നിൽ സിൽക്ക് സ്മിത അഭിനയിച്ചത്. സിൽക്കിന് പ്രതിഫലം നൽകണമെന്ന് ആന്റണി ഇൗസ്റ്റ്മാൻ നിർമ്മാതാവിനോട് പറഞ്ഞെങ്കിലും ആന്റണി ഇൗസ്റ്റ്മാനോടുള്ള ആദരവും കടപ്പാടും കാരണം സിൽക്ക് ആ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്നേറ്റു. ആന്റണി ഇൗസ്റ്റ്മാന്റെ മകന്റെ കല്യാണത്തിന് സിൽക്ക് സ്മിത പങ്കെടുത്തിരുന്നു.
ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിൽക്ക് സ്മിതയെ മലയാളത്തിലവതരിപ്പിച്ചത് ആന്റണി ഇൗസ്റ്റ്മാനാണ്. മരിക്കുംവരെ സിൽക്ക് സ്മിത ആദരവോടെ കണ്ടിരുന്ന അപൂർവം സിനിമാ പ്രവർത്തകരിലൊരാളായിരുന്നു ആന്റണി ഇൗസ്റ്റ്മാൻ.സംവിധായകൻ, നിർമ്മാണ പങ്കാളി, കഥാകൃത്ത്... തുടങ്ങി നിരവധി മേഖലകളിൽ ആന്റണി ഇൗസ്റ്റ്മാൻ പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ ഇൗ തീരത്ത്, സൺഡേ 7 പി.എം, ഇൗ ലോകം ഇവിടെ കുറെ മനുഷ്യർ, മാണിക്യൻ, പാർവതീപരിണയം , തസ്ക്കര വീരൻ, ക്ളൈമാക്സ് തുടങ്ങിയ ഒട്ടേറെ സിനിമകൾക്ക് കഥയെഴുതിയ ആന്റണി ഇൗസ്റ്റ്മാൻ ചില സിനിമകളുടെ നിർമ്മാണ പങ്കാളിയുമായി.ഇണയെത്തേടി, അമ്പട ഞാനെ , വയൽ, ഐസ്ക്രീം, മൃദുല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
തൃശൂർ കുന്ദംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുര്യാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ആഗസ്റ്റ് 26ന് ആണ് ജനനം. ചൊവ്വന്നൂർ സെന്റ് തോമസ് സ്കൂളിലും കുന്ദംകുളം ഗവ. ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
അറുപതുകളുടെ പകുതിയോടെയാണ് ആന്റണി ഫോട്ടോഗ്രാഫറായി ജീവിതമാരംഭിക്കുന്നത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് മാറിയ അദ്ദേഹം ഇൗസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ തുടങ്ങുകയും ആന്റണി ഇൗസ്റ്റ്മാൻ എന്നറിയപ്പെടുകയും ചെയ്തു. തുടക്കകാലത്ത് പത്രങ്ങൾക്കും വാരികകൾക്കും
വേണ്ടി ഫോട്ടോയെടുത്തിരുന്ന അദ്ദേഹം പിന്നീട് എറണാകുളത്ത് കാർട്ടൂണിസ്റ്റ് തോമസിന്റെ ഡിസൈനേഴ്സ് എന്ന പരസ്യ സ്ഥാപനത്തിൽ മോഡൽ ഫോട്ടോഗ്രാഫറായി.
സിൽക്ക് സ്മിതയ്ക്കൊപ്പം സംഗീത സംവിധായകൻ ജോൺസൺ, കലാശാല ബാബു തുടങ്ങിയവർ അരങ്ങേറിയ ഇണയെത്തേടിയാണ് ആന്റണി ഇൗസ്റ്റ്മാൻ സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |