SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 AM IST

തീവ്രവാദം : ബെഹ്റ പറഞ്ഞതും പറയാഞ്ഞതും

loknath-behra

"കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകൾ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എൻജിനീയേഴ്സ്. അവർക്ക് ഇൗ ടൈപ്പ് ആളെ വേണം. അവരുടെ ഒരു ലാർജർ ഗോളുണ്ടല്ലോ, അതുകൊണ്ട് ഇൗ ആളുകളെ ഏതുരീതിയിലും റാഡിക്കലൈസ് ചെയ്തു കൊണ്ടുപോകാം........ ഒരുകാര്യം പറയാം. പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ന്യൂട്രൈലൈസ് ചെയ്യാൻ ഞങ്ങൾക്ക് കഴിയും. അടുത്തകാലത്ത് അതു കുറഞ്ഞിട്ടുണ്ടല്ലോ?എങ്ങനെയാണിത്? ഞങ്ങൾ ഒരു സിസ്റ്റമിക് രീതിയിൽ അതു കൈകാര്യം ചെയ്യുന്നുണ്ട്. ന്യൂട്രലൈസേഷൻ, ഡീറാഡിക്കലൈസേഷൻ, കൗണ്ടർ റാഡിക്കലൈസേഷൻ ഇൗ മൂന്നു കാര്യങ്ങൾ കേരളത്തിൽ നല്ലരീതിയിൽ പോകുന്നുണ്ട്...."

സ്ഥാനമൊഴിയുന്നതിനു മുമ്പ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഒരു ദൃശ്യമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്. അദ്ദേഹം പറയും മുമ്പേ ഇന്നാട്ടിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ഇതറിയാമായിരുന്നു. പക്ഷേ, പൊലീസ് മേധാവിയായിരുന്ന ഒരാൾ അതു സ്ഥിരീകരിച്ചു എന്നതാണ് പ്രധാനം.

ബെഹ്റയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കമൊന്നും ഉണ്ടാക്കിയില്ല. മലയാളത്തിൽ ഏറെ പ്രചാരമുള്ള ദിനപത്രം അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും തമസ്കരിച്ചു. മറ്റുപത്രങ്ങളും ഏറെക്കുറേ അതേ മാതൃക പിന്തുടർന്നു. 24 മണിക്കൂറും വാർത്തകളാൽ മലയാളികളെ സംഭ്രാന്തരാക്കുന്ന ടി.വി. ചാനലുകൾ ഇൗ വിഷയം പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇതേക്കുറിച്ച് ഏതെങ്കിലും തരത്തിൽ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. അങ്ങിങ്ങ് ചിലരൊക്കെ സെൻകുമാറിനെപ്പോലെ ബെഹ്റയും സംഘപരിവാറുകാരനാണെന്ന് ആക്ഷേപം ഉന്നയിച്ചു. അതിനപ്പുറം തീക്ഷ്ണമായ എതിർവാദങ്ങളുമുണ്ടായില്ല.

അഞ്ചുവർഷം കേരളത്തിൽ ക്രമസമാധാനപരിപാലനത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസ് മേധാവിയായിരുന്നു ലോക്‌നാഥ് ബെഹ്റ. ആ നിലയ്‌ക്ക് അദ്ദേഹത്തിന്റെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യമില്ല. സ്ഥാനമൊഴിയും മുമ്പ് പച്ചക്കള്ളം പറഞ്ഞ് മലയാളികളെ അസ്വസ്ഥരാക്കുകയോ ഭയചകിതരാക്കുകയോ ചെയ്യേണ്ട ഒരാവശ്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മാത്രമല്ല, കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചെന്ന് സമ്മതിക്കുന്നപക്ഷം അദ്ദേഹത്തിന്റെ കാര്യപ്രാപ്തി തന്നെ ചോദ്യചിഹ്നമാകും.

ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവിയാകുന്നതിനും എത്രയോ മുമ്പു തന്നെ കേരളത്തിൽ മതതീവ്രവാദം നാമ്പെടുത്തിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1982 - 1987 കാലത്ത് മലപ്പുറം ജില്ലയിൽ അങ്ങിങ്ങ് ഒാലമേഞ്ഞ സിനിമാ തിയറ്ററുകൾ കത്തിച്ചതും സിമിയുടെ പ്രവർത്തനം ആരംഭിച്ചതും അവർ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന മുദ്രാവാക്യമുയർത്തിയതുമൊക്കെ ഒാർമ്മിക്കാവുന്നതാണ്. എൺപതുകളുടെ അവസാനം ബാബറി മസ്ജിദ് - രാമജന്മഭൂമി തർക്കത്തോടെ സാമുദായിക സൗഹാർദത്തിനു തന്നെ വിഘാതമാകാവുന്ന പ്രവർത്തനങ്ങളും നമ്മുടെ നാട്ടിലുണ്ടായി. ആ സമയത്താണ് ആർ.എസ്.എസിന്റെ പ്രവർത്തനം കൂടുതൽ സജീവമായത്. ഐ.എസ്.എസ് പോലെയുള്ള സംഘടനകളും വളരെ ഉൗർജ്ജിതമായി രംഗത്തുവന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ അനിഷ്ട സംഭവങ്ങൾ പിന്നെയും പെരുകി. പൂന്തുറയിലും മട്ടാഞ്ചേരിയിലും വർഗീയ കലാപങ്ങൾ അരങ്ങേറി. മറ്റിടങ്ങളിലും ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ ആവർത്തിച്ചു. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു ശേഷം കേരളത്തിൽ ഉത്തരേന്ത്യയിലെപ്പോലെ വലിയ കലാപങ്ങളോ ബോംബ് സ്ഫോടനങ്ങളോ ഉണ്ടായില്ലെന്നത് സത്യമാണ്. എന്നാൽ അക്രമസംഭവങ്ങൾ ഇവിടെയുമുണ്ടായി. അന്ന് ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗ് ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെ പ്രഗത്ഭനായ ഒരു നേതാവ് സമുദായത്തിന്റെ അമരത്തുണ്ടായിരുന്നതു കൊണ്ടും മാത്രമാണ് അനിഷ്ട സംഭവങ്ങൾ താരതമ്യേന കുറഞ്ഞത്. മുസ്ളിം ലീഗിനകത്തു തന്നെ ഇൗ മിതവാദ നിലപാട് തർക്ക വിഷയമാവുകയും ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിക്കപ്പെടുകയും ചെയ്തു. അതേസമയത്തു തന്നെഅബ്ദുൾ നാസർ മഅ്ദനി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുണ്ടാക്കി ലീഗിന്റെ മിതവാദനയത്തെ ചോദ്യം ചെയ്തു. നിർഭാഗ്യമെന്നു പറയട്ടെ, ഇൗ കിടമത്സരത്തെ പ്രോത്സാഹിപ്പിക്കാനാണ് നമ്മുടെ നാട്ടിൽ ഇടതുപക്ഷ പാർട്ടികളും മതേതര ബുദ്ധിജീവികളും പരിശ്രമിച്ചത്. അങ്ങനെ തീവ്രവാദ രാഷ്ട്രീയത്തിന് അറിഞ്ഞും അറിയാതെയും വളംവയ്‌ക്കുന്ന നിലപാടാണ് അവർ കൈക്കൊണ്ടത്.

1996 - 2001 കാലയളവിലെ ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്തും സ്ഥിതി മെച്ചമായിരുന്നില്ല. തൃശൂർ റെയിൽവെ സ്റ്റേഷനിലെ സ്ഫോടനം, നാദാപുരത്തെ സാമുദായിക കലാപം തുടങ്ങിയവ അക്കാലത്താണ് ഉണ്ടായത്. 2001 ലെ ആന്റണി മന്ത്രിസഭയുടെ തുടക്കകാലത്ത് നാദാപുരം കലാപത്തിന്റെ തുടർച്ചയെന്നോണം ഇൗന്തുള്ളതിൽ ബിനുവെന്ന ചെറുപ്പക്കാരൻ പൈശാചികമായി കൊലചെയ്യപ്പെട്ടു. അതോടെ തീവ്രവാദ പ്രവർത്തനങ്ങളുടെ രീതികൾ പരിഷ്കരിക്കപ്പെട്ടു. തുടർന്ന് ആ മാതൃകയിലുള്ള കൊലപാതകങ്ങൾ നാടിന്റെ നാനാഭാഗത്തും അരങ്ങേറി. 2003 ലെ പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് മാറാട് കടപ്പുറത്തുണ്ടായ സാമുദായിക സംഘർഷം വൻ കലാപമായി ആളിപ്പടർന്നു. ഇരുഭാഗത്തുമായി അഞ്ചുപേർ കൊലചെയ്യപ്പെട്ടു. മേയ് രണ്ടിന് കൂട്ടക്കുരുതി നടന്നു. എട്ട് മത്സ്യത്തൊഴിലാളികൾ വെട്ടേറ്റു മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമിസംഘത്തിൽപെട്ട ഒരാളും ആളുമാറി കൊലചെയ്യപ്പെട്ടു. കേരളത്തിന്റെ മതേതര മന:സാക്ഷിക്കേറ്റ ഏറ്റവും കനത്തപ്രഹരമായിരുന്നു മാറാട് കൂട്ടക്കൊല. അതിനു പിന്നിൽ വളരെ വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ടായിരുന്നു. എന്നാൽ ആ ദിശയിലേക്ക് അന്വേഷണം പോയില്ല. കൊലയാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ ഹാജരാക്കി. പലരും ശിക്ഷിക്കപ്പെട്ടു. പക്ഷേ, അതിനപ്പുറം ഒന്നും സംഭവിച്ചില്ല. മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച തോമസ്. പി. ജോസഫ് കമ്മിഷൻ അതിന്റെ തീവ്രവാദ ബന്ധത്തിലേക്ക് വ്യക്തമായ സൂചനകൾ നൽകി. ഉത്തരവാദികളായ വ്യക്തികളുടെയും സംഘടനകളുടെയും പേരെടുത്ത് പറഞ്ഞു. പക്ഷേ, തുടർന്ന് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരും ഫലപ്രദമായ നടപടിയൊന്നും കൈക്കൊണ്ടില്ല.

2006 ൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ വി.എസ്. അച്യുതാനന്ദൻ സംസ്ഥാനത്തെ തീവ്രവാദി സാന്നിദ്ധ്യത്തെക്കുറിച്ചും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായി മുന്നറിയിപ്പു നൽകി. പക്ഷേ, അധികമൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അക്കാലത്താണ് പാനായിക്കുളം, വാഗമൺ, കാശ്മീർ റിക്രൂട്ട്മെന്റ് മുതലായ കേസുകളുണ്ടായത്. 2010 ജൂലായ് നാലിനാണ് മൂവാറ്റുപുഴയിൽ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ കഠോര സംഭവം നടന്നത്. (ഇന്ന് അതിന്റെ പതിനൊന്നാം വാർഷികമാണ്) അവിടെയും ഗൂഢാലോചനയും ആസൂത്രണവും പകൽപോലെ വ്യക്തമായിരുന്നു. കുറ്റവാളികളിൽ പലരും സംഭവത്തിനു തൊട്ടുപിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നതും ശ്രദ്ധേയമാണ്. പലരെയും വർഷങ്ങൾക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സംഭവത്തിനുശേഷം മുസ്ളിം സംഘടനകൾ ഒന്നടങ്കം കോട്ടയ്ക്കലിൽ യോഗം ചേർന്ന് തീവ്രവാദത്തെ അതിശക്തമായി അപലപിച്ചു. മുസ്ളിം ലീഗ് അതിന് മുൻകൈയെടുത്തു. ജമാ അത്തെ ഇസ്ളാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളെ ആ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല. അതിനുശേഷം ലീഗ് നേതാക്കളായ ഡോ. എം.കെ. മുനീറും കെ.എം. ഷാജിയും സംസ്ഥാനത്തെമ്പാടും സഞ്ചരിച്ച് തീവ്രവാദത്തിനെതിരെ അതിശക്തമായ പ്രഭാഷണങ്ങൾ നടത്തി. പത്രങ്ങളിൽ നിരവധി ലേഖനങ്ങളെഴുതി. ഇരുവരും മതമൗലികവാദികളുടെയും തീവ്രവാദികളുടെയും നോട്ടപ്പുള്ളികളായി മാറി. കൈവെട്ടു സംഭവത്തിനുശേഷം സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനം അല്പമൊന്നു മന്ദീഭവിച്ചു. പക്ഷേ, അനുകൂല സാഹചര്യം കൈവന്നപ്പോൾ അവർ കൂടുതൽ ശക്തിയോടെ തലയുയർത്തി.

മുസ്ളിം ലീഗിനെ ദുർബലമാക്കാൻ ചിലപ്പോഴെങ്കിലും ഇടതുപക്ഷ മതേതര കക്ഷികൾ ജമാ അത്തെ ഇസ്ളാമിയെയും പോപ്പുലർ ഫ്രണ്ടിനെയും കൂട്ടുപിടിച്ചു എന്നത് സത്യമാണ്. തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിൽ നുഴഞ്ഞുകയറുകയും അവരുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസിന്റെ താക്കോൽ സ്ഥാനങ്ങളിൽപോലും ഇവർ നിലയുറപ്പിച്ചതായി സംശയിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ലഭിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്തു നടത്തുന്ന സംഘങ്ങൾക്ക് തീവ്രവാദ പ്രവർത്തനവുമായുള്ള ബന്ധം പരസ്യമാണ്. സമീപകാലത്ത് ഇസ്ളാംമതം സ്വീകരിച്ച ചില യുവതീയുവാക്കൾ തീവ്രവാദത്തിൽ ആകൃഷ്ടരായി ഐസിസിൽ ചേരുകയും അഫ്ഗാനിസ്ഥാനിൽ ജിഹാദിനു പോവുകയും ചെയ്തത് ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. അവരിൽ ചിലർ അഫ്ഗാനിസ്ഥാനിൽ വെടിയേറ്റു മരിക്കുകയും മറ്റുള്ളവർ ജയിലിൽ അകപ്പെടുകയും ചെയ്തു. 2018 ലെ ഇൗസ്റ്റർ ദിവസം കൊളംബോയിലെ പള്ളികളിലും വൻകിട ഹോട്ടലുകളിലും സ്ഫോടനം നടത്തിയ സംഘാംഗങ്ങൾ കേരളവുമായി ബന്ധമുള്ളവരാണെന്നും വാർത്ത വന്നു. അങ്ങനെ കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഗോള ഇസ്ളാമിക തീവ്രവാദവുമായുള്ള ബന്ധവും മറനീക്കി പുറത്തുവന്നു.

2019 ന്റെ അവസാനം പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ തീവ്രവാദി സാന്നിദ്ധ്യം വളരെ പ്രകടമായിരുന്നു. മലബാർ കലാപത്തെ സൂചിപ്പിച്ചുകൊണ്ട് 'ഇരുപത്തിയൊന്നിൽ ഉൗരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല' എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു. അതുകൊണ്ടുതന്നെ പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ളാമിയും പങ്കാളിത്തം വഹിക്കുന്ന പ്രതിഷേധ യോഗങ്ങളിൽ നിന്ന് ഇടതുപക്ഷ പാർട്ടികൾ അകലം പാലിച്ചു. എന്നാൽ കഥയറിയാതെ ലീഗും കോൺഗ്രസും ഇക്കൂട്ടരുമായി സഹകരിച്ചു പ്രവർത്തിച്ചു. അതേസമയം തീവ്രവാദ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഭയാശങ്കകൾ അന്യസമുദായങ്ങൾക്കിടയിൽ വലിയ ആശങ്ക പടർത്തുകയും അതു മുസ്ളിംവിരുദ്ധ വികാരമായി പരിണമിക്കുകയും ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ യു.ഡി.എഫിനോട് അകലം പാലിക്കുന്ന സാഹചര്യം സംജാതമായി. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആ വികാരം അവർക്ക് വലിയ തിരിച്ചടിക്ക് ഇടയാക്കി.

ഇത്തരമൊരു സന്ദർഭത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് തീവ്രവാദ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന പരാമർശങ്ങളുണ്ടായിട്ടുള്ളത്. ഇപ്പോൾ ഭയപ്പെടാനൊന്നുമില്ല, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതെത്രമാത്രം വിശ്വാസയോഗ്യമാണെന്നതിൽ സംശയമുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമെന്യേ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്. മതതീവ്രവാദത്തിൽ ആകൃഷ്ടരായവർ അതിസൂക്ഷ്മ ന്യൂനപക്ഷം മാത്രമാണ്. ഏതാനും തീവ്രവാദികളുടെ ചെയ്തികൾക്ക് ഏതെങ്കിലും മതത്തെയോ സമുദായത്തെയോ അടച്ചാക്ഷേപിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ, നിർഭാഗ്യവശാൽ ഹിന്ദു, ക്രിസ്ത്യൻ വർഗീയവാദികൾ ഇതൊരു അവസരമായി കണക്കാക്കി ഇസ്ളംമത വിശ്വാസികളെ മൊത്തത്തിൽ പ്രതിക്കൂട്ടിൽ നിറുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഭരണപ്രതിപക്ഷ പാർട്ടികൾ ഒട്ടകപ്പക്ഷിയെപ്പോലെ തല മണലിൽ പൂഴ്‌ത്തി നില്‌ക്കുന്നു. മാദ്ധ്യമങ്ങൾ അസുഖകരമായ വാർത്തകൾ പരവതാനിക്കടിയിൽ തള്ളുന്നു.

ഇത്തരമൊരു പരിതസ്ഥിതിയിൽ ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും മാദ്ധ്യമങ്ങളും ചുമതലാബോധത്തോടെ പെരുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള ആശങ്കകൾ ദുരീകരിക്കാനും തീവ്രവാദികളെ ഒറ്റപ്പെടുത്താനും ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിനെപ്പോലെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ വിഭാഗങ്ങൾക്കും കൂടുതൽ ഉത്തരവാദിത്തമുണ്ട്. തീവ്രവാദത്തെ ചെറുക്കാനുള്ള ആദ്യ നടപടികൾ അവരുടെ ഭാഗത്തു നിന്നാണുണ്ടാകേണ്ടത്. അതിനു ശക്തമായ പിന്തുണ നല്‌കാൻ വിവിധ ഹിന്ദു സമുദായ സംഘടനകൾക്കും ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാർക്കും ഭരണപ്രതിപക്ഷ പാർട്ടി നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. അല്ലാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറാൻ താമസമുണ്ടാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.