SignIn
Kerala Kaumudi Online
Friday, 19 April 2024 1.58 PM IST

അദ്ധ്യാപകർ വരുംതലമുറയുടെ കാവലാളുകൾ

teacher

ലോക്ക്ഡൗൺ എന്ന പദം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാത്ത അതിഥിയായി കടന്നുവന്നിട്ട് നാളുകളേറെയായി. ഒപ്പം താഴ് വീണത്
ദൈനംദിന ജീവിതത്തിന്റെ സജീവതയ്ക്കാണ് , പ്രത്യേകിച്ച് വിദ്യാലയാന്തരീക്ഷത്തിന്റെ ചലനാത്മകതക്കാണ്.
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വിദ്യാലയത്തിൽ പോകാൻ സാധിക്കാതെയായിട്ട് 550 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ചുരുക്കം ചില കുട്ടികൾക്ക് ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്‌കൂളുകളിലെത്തി കൂട്ടുകാരെയും അദ്ധ്യാപകരെയും കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒപ്പം ബോർഡ് പരീക്ഷക്കായി കുറച്ചു ദിവസമെങ്കിലും
ക്ലാസിലിരുന്ന് പഠിക്കാനും അവസരം ലഭിച്ചു. സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞു. എന്നാൽ പ്രതികൂല സാഹചര്യം മാനിച്ച് കേന്ദ്ര സിലബസ് ബോർഡ് പരീക്ഷകൾ റദ്ദ് ചെയ്തു. അതോടെ മാനസിക സമ്മർദ്ദത്തിലേക്ക് വഴുതിവീണ കുട്ടികളും
രക്ഷിതാക്കളും ഇപ്പോഴും വിഷമസന്ധിയിൽ നിന്നും മോചിതരായിട്ടില്ല.
ഈ അദ്ധ്യയന വർഷവും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടി ജീവിക്കേണ്ട അവസ്ഥയാണ്. ഈയൊരു സാഹചര്യത്തിൽ മക്കളെ എങ്ങനെയാണ് പിന്തുണയ്‌ക്കേണ്ടതെന്നറിയാതെ പല മാതാപിതാക്കളും മാനസിക സംഘർഷത്തിലാണ്. തുടരെത്തുടരെയുള്ള അടച്ചിടൽ ഏല്‌പിച്ച പ്രഹരം ഏറ്റുവാങ്ങേണ്ടി വരുന്ന ഈ കാലത്ത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനൊപ്പം അവരെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതും അദ്ധ്യാപകരുടെ ചുമതലയാണ്. ഓൺലൈൻ ക്ളാസുകളുടെ ഈ കാലത്ത് പഠനത്തിന് പുറമേ കുട്ടികൾ വളരെയധികം സമയം ഓൺലൈൻ ലോകത്ത് ജീവിക്കുന്നുണ്ട്. അതിനാൽ ഓൺലൈനിൽ പതിയിരിക്കുന്ന കെണികൾക്കെതിരെ അദ്ധ്യാപകരും ജാഗരൂകരാകേണ്ടതാണ്. അപകടസാദ്ധ്യതകൾ തിരയുകയും അവയെക്കുറിച്ച് മാതാപിതാക്കളുമായി ചർച്ച ചെയ്യുകയും വേണം. പ്രൈമറിതലം മുതൽ തന്നെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ അദ്ധ്യാപകർ, അച്ഛനമ്മമാരുടെ സ്ഥാനത്ത് നിന്ന് പഠിപ്പിച്ചു തുടങ്ങണം. തുടർന്നുള്ള ക്ലാസുകളിലും ഇത്തരം വിഷയങ്ങൾ കുട്ടികളുടെ
പ്രായത്തിനിണങ്ങുംവിധം പറഞ്ഞു മനസിലാക്കണം. പതിനഞ്ചു വയസ് മുതലുള്ള കുട്ടികൾക്ക് ജീവിതമൂല്യങ്ങൾ പകർന്നു കൊടുക്കണം. സ്ത്രീപുരുഷ ബന്ധത്തിലെ സ്‌നേഹവും പരസ്പരവിശ്വാസവും ആത്മബന്ധവും ആജീവനാന്തം എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പഠിപ്പിക്കണം. മാതാപിതാക്കളെ സ്‌നേഹിക്കേണ്ടതിന്റെയും അവരെ അനുസരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അദ്ധ്യാപകർ മനസിലാക്കി കൊടുക്കുക.
കുട്ടികൾക്കും ബഹുമാനം കൊടുക്കുക. ആൺ-പെൺ വ്യത്യാസമില്ലാതെ ശുദ്ധമായ സൗഹൃദങ്ങൾ നിലനിറുത്താൻ അവരെ പ്രാപ്തരാക്കുക. ആരോഗ്യപരമായ സമീപനവും പക്വമായ ചിന്തകളും അവർക്കിടയിലുള്ള സൗഹൃദത്തിനു സ്വയം അതിർവരമ്പുകൾ സൃഷ്ടിക്കട്ടെ. അതിനുള്ള മാർഗദർശികളായി അദ്ധ്യാപകർ മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അപരിചിതരുടെയും പ്രത്യേകിച്ച് മുതിർന്നവരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങൾ തിരിച്ചറിയാൻ, അത്തരം സമീപനങ്ങളോട് പ്രതികരിക്കാൻ, പ്രതിരോധിക്കാൻ ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികളെ വ്യക്തമായി പറഞ്ഞു പഠിപ്പിക്കുക.
അപരിചിതരെന്നല്ല, പരിചിതരോ ബന്ധുമിത്രാദികളോ ആയാൽപ്പോലും തെറ്റായ സ്പർശനങ്ങൾ വളരെ വേഗം തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കുക.

സ്വന്തം മക്കൾ എല്ലാ പരീക്ഷയിലും നൂറിൽ നൂറ് മാർക്കും നേടി ഉന്നതവിജയം മാത്രം കരസ്ഥമാക്കി മുന്നേറണം എന്ന വികലമായ
മനോഭാവം രക്ഷിതാക്കൾ മാറ്റണം. അച്ഛനമ്മമാരുടെ പെരുമാറ്റവും മാതൃകാപരമായിരിക്കട്ടെ. ആൺപെൺ വ്യത്യസമില്ലാത്ത, മക്കളോട് തുല്യമായ സമീപനം പുലർത്തുന്നതിൽ നിതാന്തജാഗ്രത പാലിക്കണം. നല്ല വായനയും നല്ല ജീവിതവുമാണ് ഈ ലോകത്തെ ഏറ്റവും വലിയ ലഹരി എന്നു കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപകർക്കാകണം. പരന്ന വായനയിലൂടെ ആർജിക്കുന്ന വിജ്ഞാനവും വിവേകവും നൽകുന്ന ലഹരിയിലൂടെ ഒരുപാട് സംതൃപ്തിയും സന്തോഷവും നേടാനാകും. അരുതാത്ത ലഹരികളുടെ ഉപയോഗം ഒരിക്കൽ
പോലും പരീക്ഷിക്കരുതെന്നും അത് ജീവിതം തകർക്കുമെന്നും ശരിയായ രീതിയിൽ സ്വന്തം മക്കൾക്ക് അച്ഛനമ്മമാരും അദ്ധ്യാപകരും പറഞ്ഞു മനസിലാക്കി കൊടുക്കണം. പരീക്ഷകളും മാർക്കും ഒന്നുമില്ലാത്ത ഇത്തരം
സിലബസുകൾ നന്നായി പഠിപ്പിച്ചുകൊണ്ട് നമ്മുടെ കുട്ടികളെ ഉന്നതമായ ജീവിതവിജയത്തിലേക്ക് നമുക്ക്
നയിക്കാം... അവരുടെ ജീവനും ജീവിതവും മേൽക്കുമേൽ ഉയരട്ടെ... സ്വച്ഛമായി പാറിപറക്കട്ടെ...


(ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാനാണ് ഫോൺ- 9446065751, jyothischandran2122@gmail.com )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEACHERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.