SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

സ്വർണം: ദീർഘകാല നിക്ഷേപകർ ഭയപ്പെടേണ്ട

gold

നിക്ഷേപരംഗത്ത് തിളങ്ങിനിന്ന സ്വർണത്തിന്റെ പ്രഭ, കൊവിഡ്-19 ആഗോള സമ്പദ്‌ക്രമത്തിൽ വരുത്തിയ മാറ്റങ്ങളാൽ തത്കാലത്തേക്ക് മങ്ങിയിട്ടുണ്ട്. 2016 മുതൽ നിക്ഷേപകർക്ക് തുടർച്ചയായി നേട്ടം സമ്മാനിച്ച സ്വർണവില ഈവർഷത്തിന്റെ ആദ്യപകുതി പിന്നിടുമ്പോഴും മുന്നേറ്റ സൂചനകൾ നൽകുന്നില്ല. ആറു ശതമാനം ഇടിവോടെയുമാണ് വ്യാപാരം. സ്വർണത്തിന്റെ അവധിവില ഗ്രാമിന് കഴിഞ്ഞ ആഗസ്‌റ്റിലെ റെക്കാഡായ 5,619 രൂപയിൽ നിന്ന് ഇടിഞ്ഞ് 4,690 രൂപയിലാണ് ഇപ്പോഴുള്ളത്.

വിവിധ രാജ്യങ്ങളുടെ സാമ്പത്തിക ഉത്തേജക പാക്കേജുകളാണ് സ്വർണത്തിൽ നിന്ന് നിക്ഷേപകരെ അകറ്റിയത്. അമേരിക്ക, ചൈന, യൂറോ മേഖല എന്നിവയുടെ സമ്പദ്‌രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. സമ്പദ്മേഖലയിൽ അനിശ്‌ചിതത്വം ഉള്ളപ്പോഴാണ് നിക്ഷേപകർ സ്വർണത്തിനോട് അടുക്കുക. അല്ലാത്തപ്പോൾ പിൻവലിയും. ദുർബലമായ ഡോളർ സ്വർണവിലകൾക്ക് അനുകൂലമാകാറാണ് പതിവ്. ഡോളറിലാണ് ആഗോളവ്യാപാരം നടക്കുന്നതെന്നതാണ് കാരണം. ഈ വർഷം ആദ്യപാദത്തിൽ ഡോളർ ശക്തിപ്രാപിച്ചെങ്കിലും ഫെഡറൽ റിസർവിന്റെ നിയന്ത്രണങ്ങളും ഉയർന്ന നാണയപ്പെരുപ്പവും മൂലം പിന്നീട് ദുർബലമായി. ഇത്, നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചു.


സ്വർണം: ലഭ്യതയും

ഉപഭോഗവും

അന്റാർട്ടിക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും സ്വർണഖനികളുണ്ട്. ചൈനയിലാണ് കൂടുതൽ ഉത്‌പാദനം. ഉപഭോഗത്തിൽ ഇന്ത്യയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്തും ചൈനയാണ്. ആഗോള ഉത്‌പാദനത്തിന്റെ 11 ശതമാനവും ചൈനയിലാണ്. റഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, പെറു എന്നിവിടങ്ങളിലും സ്വർണ ഉത്‌പാദനം ഏറെയാണ്.

പത്തുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉപഭോഗം 2020ലായിരുന്നു. 2018ലും 2019ലും ആഗോള ഉപഭോഗം 4,400 ടണ്ണായിരുന്നു. 2020ൽ ഇത് 14 ശതമാനം ഇടിഞ്ഞ് 3,800 ടണ്ണായി. മുൻവർഷങ്ങളിൽ ആഭരണപ്രിയമായിരുന്നു കൂടുതൽ. കഴിഞ്ഞവർഷം പ്രിയം ഇ.ടി.എഫുകൾക്കാണ്.

ആഭ്യന്തര വിലയും

സ്വാധീന ഘടകവും

സ്വർണ ഉപഭോഗത്തിൽ മുന്നിലാണെങ്കിലും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ ആവശ്യം നിറവേറ്റുന്നത്. ഇറക്കുമതി നിയന്ത്രിക്കാനുള്ള ഉയർന്ന തീരുവ, ജി.എസ്.ടി എന്നിവ ചേരുമ്പോൾ ആഗോളവിലയേക്കാൾ ഉയരത്തിലാണ് ഇന്ത്യൻ വില. സ്വർണക്കള്ളക്കടത്ത് വർദ്ധിക്കാനും ഇതാണ് കാരണം.
ഇന്ത്യയിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം ഡിമാൻഡോ ലഭ്യതയോ അല്ല. പകരം ലണ്ടൻ റെഡി വിപണിയിലെ വില രൂപയിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്ന തുകയോടൊപ്പം മറ്റു ചെലവുകളും ചേർത്താണ്. അതായത്, ആഗോള സ്വർണവില നിർണയത്തിൽ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല.
സ്വർണ ഇറക്കുമതിക്കായി വൻതോതിൽ പണം ചെലവാക്കുന്നതുകൊണ്ട് നമ്മുടെ കറന്റ് അക്കൗണ്ട് കമ്മി കൂടുകയാണ്. അതു പരിഹരിക്കാൻ സർക്കാരിന് പല നടപടികളും എടുക്കേണ്ടി വരുന്നു. ക്രൂഡോയിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ഇത് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നതിനാൽ പണത്തിന്റെ ക്രയവിക്രയം പരമാവധി നടക്കുന്നു. അത് സാമ്പത്തിക വളർച്ചയ്ക്കും ഗുണമാകുന്നു. എന്നാൽ, സ്വർണത്തിൽ ഇത്തരം ക്രയവിക്രയങ്ങൾ കുറവാണ്. അതുകൊണ്ട്, 'ഡെഡ് ഇന്‍വെസ്റ്റ്‌മെന്റ്" ആയാണ് കണക്കാക്കുന്നത്.
സെബി പുതിയ സ്വർണ എക്‌സ്‌ചേഞ്ചുകൾ രൂപീകരിക്കാനുള്ള ചർച്ചയിലാണ്. ഇത്, ഫിസിക്കൽ സ്വർണം ഇലക്‌ട്രിക് രൂപത്തിലേക്ക് മാറ്റി വിപണനത്തിന് സഹായിക്കും. ഇത്, കൂടുതൽ നിക്ഷേപകരെ ആകർഷിക്കും. വിപണി ശക്തിപ്പെടുമ്പോൾ ആഗോളവിപണിയിൽ ഇന്ത്യയ്ക്ക് നിർണായക സ്ഥാനവും ലഭിക്കും.

ഭാവി സാദ്ധ്യതകൾ

ആഗോള വിപണിയിൽ സ്വർണത്തിന്റെ റെക്കാഡ് വില കഴിഞ്ഞ ആഗസ്‌റ്റിലെ ഔൺസിന് 2,072 ഡോളറാണ്. അന്ന്, രൂപയുടെ മൂല്യം 73.25 ആയിരുന്നു. ആഭ്യന്തരവില അന്ന് 10 ഗ്രാമിന് 56,191 രൂപയായിരുന്നു. 2011ൽ റെക്കാഡ് വിദേശവില 1,920 ഡോളറായിരുന്നു; അന്ന് രൂപയുടെ മൂല്യം 49. ആഭ്യന്തര സ്വർണവില 10 ഗ്രാമിന് 25,989 രൂപ. അതായത്, പത്തുവർഷത്തിനിടെ ഇന്ത്യൻ വില വർദ്ധിച്ചത് ഇരട്ടിയിലേറെ. രൂപയുടെ തകർച്ചയാണ് കാരണം.
രൂപയുടെ പഴയ പ്രകടനം നോക്കിയാൽ, ദീർഘകാല സ്വർണനിക്ഷേപകർ ഭയപ്പെടേണ്ടതില്ല. എന്നാൽ ആഗോള സമ്പദ്‌വളർച്ച മെച്ചപ്പെടുന്നതും ഓഹരി-കടപ്പത്ര വിപണികളുടെ മുന്നേറ്റവും സ്വർണവില വർദ്ധനയെ തടയാം. നിക്ഷേപകർ ആഗോള സാമ്പത്തിക, രാഷ്‌ട്രീയ സാഹചര്യങ്ങളും കറൻസി മൂല്യങ്ങളും കൃത്യമായി വീക്ഷിച്ചാൽകൃത്യസമയത്തുള്ള ലാഭമെടുപ്പിനും തുടർനിക്ഷേപത്തിനും ഗുണമാകും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, GEOJIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.