SignIn
Kerala Kaumudi Online
Thursday, 25 April 2024 10.29 PM IST

കൊവിഡ് മരണക്കണക്കിന് പിന്നിലെ രാഷ്ട്രീയമാനങ്ങൾ

covid-death

കൊവിഡ് മരണത്തിനിരയായ എല്ലാവരുടെയും കുടുംബങ്ങൾക്ക് നിർബന്ധമായും നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം, കേരളം ചർച്ചചെയ്യുന്നത് സംസ്ഥാനത്തെ മരണക്കണക്കുകളെപ്പറ്റിയാണ്.

കൊവിഡ് മരണത്തിലെ യഥാർത്ഥ കണക്കുകളല്ല സംസ്ഥാനസർക്കാർ പുറത്തുവിടുന്നതെന്ന്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപു തൊട്ടേ കേരളത്തിലെ പ്രതിപക്ഷം ആക്ഷേപം ഉയർത്തിയതാണ്. പിന്നീട് മുന്നണികളും പാർട്ടികളും തിരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ ലയിച്ചതോടെ അതേതാണ്ട് എല്ലാവരും മറന്നു. കൊവിഡിന്റെ ഒന്നാംതരംഗം ഒന്നടങ്ങിയെന്ന പ്രതീതിയിൽ രാജ്യമൊട്ടാകെ ഇളവുകൾ വാരിക്കോരി നൽകി. തിരഞ്ഞെടുപ്പ് പ്രചരണറാലികളിൽ കൊവിഡ് പ്രോട്ടോക്കോളെല്ലാം കാറ്റിൽ പറന്നു. റാലികളിൽ ആളും ആരവവും നിറഞ്ഞു. പലരും മാസ്ക് പേരിന് മാത്രം ധരിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവർ പല തിരഞ്ഞെടുപ്പ് റാലികളിലും ആൾക്കൂട്ടത്തിനിടയിൽ മാസ്ക് ധരിക്കാതെ നിൽക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു.

തിരഞ്ഞെടുപ്പ് മാമാങ്കത്തിന് കൊടിയിറങ്ങും മുമ്പുതന്നെ കൊവിഡ് വ്യാപനത്തോത് ഉയർന്ന് തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാത്ത ഡൽഹിയും യു.പിയുമടക്കം കൊവിഡ് രണ്ടാംതരംഗത്തിന്റെ പിടിയിലമർന്നു. ഡബിൾ മ്യൂട്ടന്റ് വൈറസ് താണ്ഡവനൃത്തമാടി. ആളുകൾ ഇല കൊഴിയുന്ന ലാഘവത്തോടെ മരിച്ചുവീണു. ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി. ഭരണകൂടത്തിന്റെ പിടിപ്പുകേട് നമ്മെ തുറിച്ചുനോക്കി.

വാക്സിൻ ക്ഷാമം രൂക്ഷമായി. ഒരുപക്ഷേ, ഒന്നാംതരംഗം ഒന്നടങ്ങിയ ഘട്ടത്തിൽ തന്നെ വാക്സിൻ വിതരണം ശാസ്ത്രീയമായി നടത്തിയിരുന്നെങ്കിൽ ദുരന്തത്തിന്റെ കാഠിന്യം ലഘൂകരിക്കാമായിരുന്നു. അതുണ്ടായില്ല. ജനസാന്ദ്രതയേറിയ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയർന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സമ്പൂർണ ലോക്ക്ഡൗണിലേക്ക് സംസ്ഥാനം നീങ്ങി.

ഉറ്റവരുടെ വേർപാടുകൾ

കൊവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷവും മൂന്നുമാസവും പിന്നിട്ടിരിക്കുന്നു. ഈ ഒന്നേകാൽ വർഷത്തിനിടയിൽ, ഉറ്റവരും ഉടയവരും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടേറെ പേരെയാണ് കൊവിഡ് മഹാമാരി കവർന്നെടുത്ത് കൊണ്ടുപോയത്. കൊവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി അവകാശപ്പെടുകയായിരുന്നു കേരളം.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ചുപോന്നിട്ടുള്ള ഉന്നത നിലവാരത്തിന്റെ തുടർച്ചയെന്ന നിലയിലല്ല, കഴിഞ്ഞ സർക്കാർ കൊവിഡ് കാലത്ത് കാഴ്ചവച്ച മികച്ച പ്രതിരോധ ഇടപെടലിന്റെ ഭാഗമായ നേട്ടമെന്ന നിലയിലാണ് ഇത് ചർച്ച ചെയ്യപ്പെട്ടത്.

കൊവിഡ് കാലത്തെ പ്രതിരോധ ഇടപെടലുകൾക്കൊപ്പം ക്ഷേമ, സാമൂഹ്യ ഇടപെടലുകളും കൂടി പ്രചരണായുധമാക്കിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കിറങ്ങിയത്. അത് ഫലം കണ്ടിട്ടുണ്ടെന്നതിന്റെ തെളിവാണല്ലോ രണ്ടാം പിണറായി സർക്കാർ.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടൻ പ്രഖ്യാപിച്ച നടപടികളിൽ ശ്രദ്ധേയമായ ഒന്നാണ് കൊവിഡിനിരയായി അച്ഛനും അമ്മയും മരണപ്പെട്ട് നിരാലംബരായ കുട്ടികൾക്കുള്ള സഹായപദ്ധതി. കേന്ദ്രസർക്കാരും സമാനനിലയിലുള്ള പരിപാടികൾ പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ, പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം ചേർന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം കൊവിഡ് മരണക്കണക്കിലെ അവ്യക്തത ചർച്ചയാക്കാനൊരുമ്പെട്ടു. സർക്കാർ പുറത്തുവിടുന്നത് യഥാർത്ഥ കണക്കല്ലെന്ന് അവർ യുക്തിബോധത്തോടെ അവതരിപ്പിച്ചപ്പോൾ സർക്കാർ ഒരു പരിധിവരെ വഴങ്ങിക്കൊടുത്തു. സംസ്ഥാനതലത്തിൽ കേന്ദ്രീകൃതരീതിയിൽ മരണസംഖ്യ കണക്കാക്കുന്നതിന് പകരം തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ കണക്കെടുക്കാമെന്ന നിലയിലേക്ക് വഴങ്ങിക്കൊടുത്തു. പക്ഷേ, കണക്കിൽ അവ്യക്തതകൾ അവസാനിച്ചിട്ടില്ല. പ്രതിപക്ഷം അന്ന് അടങ്ങിയെങ്കിലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയോടെ അവർ വർദ്ധിതവീര്യത്തോടെ ഉണർന്നെണീറ്റിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ നേരിടാൻ പോകുന്ന ആദ്യത്തെ ശക്തമായ വെല്ലുവിളിയായി കൊവിഡ് മരണസംഖ്യയുടെ കണക്കെടുപ്പ് മാറുകയാണ്.

കോടതിവിധിയും

തുടർചലനങ്ങളും

മഹാമാരിയുടെ കാലത്ത് നിർണായകമായ ഇടപെടലാണ് ജനാധിപത്യത്തിന്റെ മൂന്നാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡിഷ്യറിയിൽ നിന്നുണ്ടായതെന്ന് ശുഭോദർക്കമാണ്. കൊവിഡ് മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് യുക്തമായ നഷ്ടപരിഹാരം നൽകുകയെന്നത് കേന്ദ്രസർക്കാരിന്റെ സ്വാഭാവികമായ കടമയാണെന്നാണ് സുപ്രീംകോടതി ഏറ്റവുമൊടുവിൽ വിധിച്ചത്. ഈ വിധിക്ക് പിന്നാലെ, പ്രമുഖ ദേശീയദിനപത്രം വിലയിരുത്തിയത്, ഇത്തരം ഇടപെടലുകൾ സമീപകാലത്തായി നഷ്ടപ്പെട്ടുപോയെന്ന് കരുതിയ കോടതിയുടെ ദൃഢനിശ്ചയവും പുനരുജ്ജീവനവും വെളിപ്പെടുത്തുന്നു എന്നായിരുന്നു. രാജ്യത്തെ ഒരു തൊഴിലാളിയും പട്ടിണി കിടക്കാനിട വരുത്തരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ഓരോ കൊവിഡ് മരണത്തിനും നഷ്ടപരിഹാരം നൽകാൻ മാത്രമുള്ള സാമ്പത്തികവിഭവം രാജ്യത്തിനില്ലെന്ന ന്യായീകരണമില്ലാത്ത നിലപാടാണ് തുടക്കത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. പിന്നീട് അവർ നിലപാട് തിരുത്തി. നഷ്ടപരിഹാരം ഒഴിവാക്കേണ്ടി വരുന്നത് വിഭവത്തിന്റെ അപര്യാപ്തത കൊണ്ടല്ലെന്ന് പറഞ്ഞു. മഹാമാരിയെ നേരിടാനുതകും വിധം ചെലവുകൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതിലെ പ്രശ്നമാണ്.

കൊടുങ്കാറ്റും ഭൂകമ്പവും പ്രളയവുമൊക്കെ പോലെ ഒറ്റത്തവണ ദുരന്തങ്ങൾ പോലെയല്ല, മഹാമാരി. അതൊരു തുടർപ്രതിഭാസമാണ്. അത് തുടർന്നുകൊണ്ടിരിക്കുമ്പോൾ അതിന്റെ ഭാഗമായുള്ള അത്യാഹിതങ്ങളും ആവർത്തിക്കും. സാധാരണ നിലയിലുള്ള ആശ്വാസം ജനത്തിന് ലഭ്യമാക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാകയാൽ, മേല്പറഞ്ഞ കാരണത്താൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്കുള്ള നഷ്ടപരിഹാരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാവില്ലെന്ന് കോടതി അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഈ വിധിയോടെയാണ് എല്ലാ സംസ്ഥാനങ്ങളും കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ നിർബന്ധിതരാകുന്ന നിലയുണ്ടായിരിക്കുന്നത്. അവിടെ കണക്കുകൾ കൃത്യമാകണമെന്ന നില വരുന്നു. കേരളത്തിൽ പല കൊവിഡ് മരണങ്ങളും സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പെട്ടിട്ടില്ലെന്ന ആരോപണത്തിന് മൂർച്ചയേറുന്നത് അവിടെയാണ്. നിർദ്ധനരും നിലാരംബരുമായ നിരവധി പേർക്ക് കുടുംബത്തിന് ആശ്രയമായിരുന്നവരെ നഷ്ടമായിട്ടുണ്ട്. കൊവിഡ് തകർത്ത ആ കുടുംബങ്ങൾക്ക് മിനിമം ആശ്വാസം ലഭ്യമാക്കുകയെന്നത് ജനകീയസർക്കാരുകളുടെ ആദ്യത്തെ കടമയാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, പ്രതിപക്ഷം ഇപ്പോഴുയർത്തിയിരിക്കുന്ന കണക്കിലെ മറിമായത്തെ ചൊല്ലിയുള്ള ആക്ഷേപത്തിന് രാഷ്ട്രീയമാനം വർദ്ധിക്കുന്നു.

കണക്കിലെ പാളിച്ചകൾ

പതിമൂവായിരം കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി മാത്രം ഏഴായിരത്തോളം കൊവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. ബാക്കി ജില്ലകളിലായി ആറായിരം റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ വേറെയും.

ആശുപത്രികളിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥാർത്ഥ മരണനിരക്കുകളാണ് കൈമാറിയതെങ്കിലും ഇത് പരിശോധിച്ച സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി പല മരണങ്ങളെയും കൊവിഡിന്റെ പട്ടികയിൽ പെടുത്താതിരുന്നതാണ് ബൂമറാങ് ആയി മാറുന്നതെന്നാണ് സംസാരം. പ്രതിപക്ഷ വിമർശനമുയർന്നപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളുടെ കണക്ക് മുഖവിലയ്ക്കെടുക്കണമെന്ന നിർദ്ദേശമുണ്ടായത്.

കൊവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് വെന്റിലേറ്ററിൽ കഴിയവേ മരിച്ചവരെപ്പോലും സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി ഒഴിവാക്കിയെന്ന് അറിയുന്നു. പാവപ്പെട്ടവരടക്കം നിരവധി പേർ ഇതിലുണ്ട്. പ്രമേഹം, അർബുദം, ഹൃദ്രോഗം എന്നിവ ഉണ്ടായിരിക്കെ, കൊവിഡ് ബാധിച്ച് മരിച്ചവരെയും ഒഴിവാക്കിയിട്ടുണ്ട്. സ്വാഭാവികമായും സുപ്രീംകോടതി വിധിപ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയിൽ നിന്ന് ഇവർ ഒഴിവാകും. വിഷയം രാഷ്ട്രീയമായി കത്തിപ്പടർന്നതോടെ, കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉൾപ്പെടുത്തിയുള്ള പട്ടിക പ്രസിദ്ധീകരിക്കൽ പുന:സ്ഥാപിച്ചു.

അപാകതയ്ക്ക് ഉത്തരവാദിയാര്...

സംസ്ഥാനത്ത് കേന്ദ്രീകൃതമായാണ് ഡെത്ത് ഓഡിറ്റ് സമിതി പ്രവർത്തിച്ചിരുന്നത്. ജില്ലകളിൽ നിന്നുള്ള മരണക്കണക്കുകൾ ഇവർ പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കും. ഒരു സമിതിയെ നിയോഗിക്കുമ്പോൾ അവരെടുക്കുന്ന തീരുമാനത്തെക്കുറിച്ച് പരാതിപ്പെടാൻ അവസരമുണ്ടാകണമെന്ന് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിട്ടും സംസ്ഥാനസർക്കാർ അത് പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യവും സാമൂഹ്യനീതി വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു കെ.കെ. ശൈലജ. സാമൂഹ്യനീതി വകുപ്പ് ആരോഗ്യമേഖലയ്ക്ക് പുറത്തുള്ളതായിട്ടും, അതിന് കീഴിലെ സാമൂഹ്യ സുരക്ഷാമിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ആരോഗ്യവകുപ്പിൽ പലരുടെയും മനസ് മടുപ്പിച്ചിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥ സ്വയം പിന്മാറിപ്പോയതും ഇതിന്റെ തുടർച്ചയായി കാണുന്നവരുണ്ട്. ആറോ ഏഴോ വർഷം എം.ബി.ബി.എസ് ഡോക്ടറായി സേവനമനുഷ്ഠിച്ച വ്യക്തി, സർവപ്രതാപിയായി കൊവിഡ് മരണക്കണക്ക് തിട്ടപ്പെടുത്തുന്നതിൽ വരെ ഇടപെട്ടത് ഇന്നത്തെ പ്രതിസന്ധിയ്‌ക്ക് കാരണമായി സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനകത്ത് പോലും സംസാരമുണ്ട്. അതിന് ഇന്ന് വലിയ വിലകൊടുക്കേണ്ടി വരുന്നുവെന്നതാണ് പുതിയ വിവാദങ്ങൾ നമ്മോട് വിളിച്ചു പറയുന്നത്.

സാമൂഹ്യ സുരക്ഷാമിഷൻ രൂപീകരിച്ചതും നിരവധി നഴ്സിംഗ് കോളേജുകൾ ആരംഭിച്ചതുമടക്കം 2006ലെ വി.എസ് മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന പി.കെ. ശ്രീമതി നടത്തിയ ഇടപെടലുകൾ ഒന്നാം പിണറായി സർക്കാരിനെയും തുണച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.