SignIn
Kerala Kaumudi Online
Thursday, 25 April 2024 4.38 PM IST

സഹകരണ നിക്ഷേപങ്ങൾ വികസനത്തിനുതകണം

photo

സഹകരണ പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണ് കേരളം. കേരളീയ ജീവിതവുമായി അത് ഇഴപിരിയാനാകാത്ത വിധം ബന്ധപ്പെട്ടാണു നില്‌ക്കുന്നത്. സംസ്ഥാനത്തിന്റെ വളർച്ചയിലും വികസനത്തിലും സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. സഹകരണ ബാങ്കുകളിൽ വന്നുചേരുന്ന നിക്ഷേപങ്ങൾ തിരികെ സമൂഹത്തിൽത്തന്നെയാണു ചെന്നുചേരുന്നത്. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും അതു പുഷ്ടിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അന്തർദേശീയ സഹകരണ ദിനമായിരുന്നു. 'ഒരുമയോടെ നിന്നുള്ള പുനർനിർമ്മാണം" എന്നതായിരുന്നു ഈ സഹകരണ ദിനത്തിന്റെ സന്ദേശം. തിരുവനന്തപുരത്ത് സഹകരണ ദിനാചരണം ഉദ്ഘാടനം ചെയ്ത സഹകരണമന്ത്രി വി.എൻ. വാസവൻ സഹകരണവകുപ്പ് ഈ വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതികൾ അനാവരണം ചെയ്‌തു. പുതുതായി നിലവിൽവന്ന കേരള ബാങ്കിലെ നിക്ഷേപം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാൻ പ്രയോജനപ്പെടുത്താൻ ഊർജ്ജിത ശ്രമമുണ്ടാകുമെന്ന് മന്ത്രി പറയുകയുണ്ടായി. കേരള ബാങ്കിന്റെ മാത്രമല്ല മറ്റു സഹകരണ ബാങ്കുകളിലുമുണ്ട് കെട്ടിക്കിടക്കുന്ന അളവറ്റ നിക്ഷേപങ്ങൾ. അവ ആസൂത്രണത്തോടെയും വികസന കാഴ്ചപ്പാടോടെയും വിനിയോഗിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാം. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ അറുപതു ശതമാനത്തോളം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലാണെന്ന കണക്ക് കണ്ടാലറിയാം ഇവിടത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയും വിശ്വാസ്യതയും. ഒട്ടേറെ തിളക്കമേറിയ മാതൃകകൾ അവതരിപ്പിക്കാനും സഹകരണമേഖലയ്‌ക്ക് സാധിക്കുന്നുണ്ട്.

സർക്കാർ വിചാരിച്ചാൽ സഹകരണ ബാങ്കുകളിലെ നിക്ഷേപം സമൂഹത്തിന് കൂടുതൽ പ്രയോജനപ്പെടുത്താനാകും. സഹകരണ മേഖലയിൽ നിന്നുള്ള വായ്പ സ്വീകരിക്കുന്നതിൽ നിലവിൽ നിയന്ത്രണങ്ങളുണ്ട്. അവ ലഘൂകരിക്കാനുള്ള നടപടിയുണ്ടായാൽ സഹകരണ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന നിക്ഷേപത്തുക നാടിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

നിക്ഷേപങ്ങൾക്കുള്ള പലിശ റിസർവ് ബാങ്ക് അപ്പപ്പോൾ കുറയ്ക്കുന്നതനുസരിച്ച് സഹകരണ ബാങ്കുകളും അതിനനുസരണമായി നീങ്ങാൻ നിർബന്ധിതരാകുന്നുണ്ട്. ഒരുകാലത്ത് ഏറ്റവും ആകർഷകമായിരുന്നു സഹകരണ നിക്ഷേപം. പലിശ ഗണ്യമായി കുറഞ്ഞതോടെ അത് തീരെ അനാകർഷകമായി. ഉറപ്പൊന്നുമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്ക് തിരിയാൻ ചിലരെയെങ്കിലും ഇതു പ്രേരിപ്പിക്കുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ പൂട്ടിപ്പോകുന്നത് അപൂർവമല്ല.

വികസന പ്രവർത്തനങ്ങൾക്കെന്ന പേരിൽ സർക്കാർ കടപ്പത്രങ്ങൾ വഴി എടുക്കുന്ന വായ്‌പകൾക്ക് ബാങ്ക് പലിശയെക്കാൾ ഒന്നരയും രണ്ടും ശതമാനം കൂടുതലാണു നൽകുന്നത്. ഏതാനും ദിവസം മുമ്പ് എടുത്ത ഇത്തരത്തിലൊരു വായ്പയ്ക്ക് 7.25 ശതമാനം പലിശയാണു നൽകേണ്ടിവരുന്നത്. സഹകരണ ബാങ്കുകൾ പോലും ജനങ്ങൾക്ക് ഇതിനെക്കാൾ കുറഞ്ഞ പലിശയാണ് നിക്ഷേപങ്ങൾക്കു നൽകുന്നതെന്നോർക്കണം.

നിക്ഷേപങ്ങൾ സ്വീകരിക്കലും വായ്പ നല്‌കലും മാത്രമല്ലാതെ ഉത്‌പാദനപരമായ സംരംഭങ്ങളിലേക്കു കൂടി സഹകരണ സ്ഥാപനങ്ങൾ തിരിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും കാർഷിക - ചെറുകിട മേഖലകളിൽ വലിയ സാദ്ധ്യതകളാണുള്ളത്. വൻകിട നിർമ്മാണങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ ഇപ്പോൾത്തന്നെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇനിയും കടന്നുചെന്നിട്ടില്ലാത്ത മേഖലകളുണ്ട്. ഇ - മാർക്കറ്റിംഗ്, സഹകരണ ചന്തകൾ, റൈസ് മില്ലുകൾ, നെല്ല് സംഘങ്ങൾ തുടങ്ങിയ പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹകരണവകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ഒപ്പം നിലവിലുള്ള സ്ഥാപനങ്ങളുടെ ആരോഗ്യകരമായ വളർച്ച നിലനിറുത്താനുള്ള നടപടികൾ കൂടി ഉണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.