SignIn
Kerala Kaumudi Online
Friday, 29 March 2024 1.10 PM IST

തിരികെ പോകുന്നു, മനുഷ്യാവകാശം നിഷേധിക്കപ്പെട്ട് ...

stan-swami

84 വയസുള്ള വൃദ്ധപുരോഹിതൻ. ശാരീരികമായി ഏറെ ദുർബലൻ. മരണം വരെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തകൻ ! ഭരണകൂടത്തിന് അദ്ദേഹം രാജ്യദ്രോഹിയും മാവോയിസ്റ്റുമാണ്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി. ജാർഖണ്ഡിലെ ദളിതരുടെയും ആദിവാസികളുടെയും അവകാശ പോരാട്ടങ്ങളിലെ സൗമ്യവും ഭയരഹിതവുമായ മുഖം. അഞ്ചുദശാബ്ദമായി മണ്ണിനും മനുഷ്യർക്കും പരിസ്ഥിതിക്കും വേണ്ടി നിരന്തരം പോരാടി. ചിലപ്പോഴെങ്കിലും ആ ദുർബല ശരീരിക്ക് മുന്നിൽ സർക്കാരിന് മുട്ടുകുത്തേണ്ടി വന്നു. നക്‌സലുകളെന്ന് മുദ്രകുത്തി ആയിരക്കണക്കിന് ആദിവാസി ചെറുപ്പക്കാരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നതിനെതിരെ അറസ്റ്റിലാകുന്നതിനു രണ്ടുദിവസം മുൻപു വരെ പരസ്യമായി സംസാരിച്ചിരുന്നു.

ഇന്ത്യയിൽ തീവ്രവാദബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സ്റ്റാൻ സ്വാമി. സാമൂഹ്യപ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ഭീമ കൊറേഗാവ് കേസിലാണ് അദ്ദേഹവും അറസ്റ്റിലായത്.

കാടിന്റെ മക്കളുടെ കാവൽ മാലാഖ

1996ൽ യുറേനിയം കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാർഖണ്ഡിലെ ആദിവാസികൾ നടത്തിയ സമരത്തിന്റെ നേതൃനിരയിൽ ഫാ.സ്റ്റാൻ സ്വാമിയുണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആശ്രയഭൂമി സംരക്ഷിക്കപ്പെട്ടു. ആ കമ്പനിക്കെതിരെ തന്നെ നടന്ന സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് ചൈബാസ് ഡാമിന്റെ നിർമ്മാണം നിറുത്തിവയ്ക്കുന്നത്. അങ്ങനെ കാടിന്റെ മക്കളുടെ പാരമ്പരാഗത ജീവിതത്തിന് അദ്ദേഹം കാവൽനിന്നു.

ഭരണകൂടങ്ങൾക്കെതിരെ ചൂണ്ടുവിരൽ

ആദിവാസി ജനവിഭാഗങ്ങൾ കൂടുതലുള്ള ഒമ്പത് സംസ്ഥാനങ്ങളിലും പ്രത്യേക ഗോത്രപ്പഞ്ചായത്തുകൾ നടപ്പിലാക്കാത്തതിനെതിരെ സജീവമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. 2017ൽ പ്രത്യേക പഞ്ചായത്ത് എക്സ്റ്റൻഷൻ നിയമം(പെസ) നടപ്പിലാക്കാൻ ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തെ അണിനിരത്തിയുള്ള സമരത്തിനും നേതൃത്വം നൽകി. ഇതിനെതിരെ ബി.ജെ.പി സർക്കാർ അദ്ദേഹത്തിനും കൂട്ടാളികൾക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. പിന്നീട് ജാർഖണ്ഡ് മുക്തിമോർച്ച അധികാരത്തിലെത്തിയപ്പോൾ കേസുകൾ പിൻവലിച്ചു.

ഭീമ കൊറേഗാവിൽ

2018 ജനുവരി ഒന്നിന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിക്കിടെ സംഘർഷത്തിൽ 28 കാരനായ രാഹുൽ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടു. പിന്നിൽ മാവോയിസ്റ്റ് ശക്തികളാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. 2017 ഡിസംബർ 31ന് എൽഗാർ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പുനെയിലെ ശനിവാർ വാഡയിൽ സംഘടിപ്പിച്ച പരിപാടി മാവോയിസ്റ്റ് അനുഭാവികൾ സംഘടിപ്പിച്ചതാണെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്. ഈ പരിപാടിയാണ്, ഭീമ കൊറേഗാവ് സംഘർഷത്തിലേക്ക് വഴിവച്ചതെന്നാണ് എഫ്.ഐ.ആർ പറയുന്നത്.

തിരക്കഥകൾ മാറിമറിഞ്ഞു

ഭീമകൊറേഗാവിൽ ആയിരക്കണക്കിന് ദളിതർ പങ്കെടുത്ത പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വനേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യഘട്ടത്തിൽ പൊലീസ് കണ്ടെത്തുകയും മിലിന്ദ് ഏക്ബോട്ടെയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തുടർന്ന് കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട മുൻസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി സംഭവങ്ങൾക്കെല്ലാം പിന്നിൽ മാവോയിസ്റ്റ് ബന്ധമുള്ള സംഘമാണെന്ന് ആരോപിച്ചു. തുടർന്ന് ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ ഇതിനോടകം അറസ്റ്റിലായി. ആ പട്ടികയിലെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമിയും.

മനുഷ്യാവകാശം കാറ്റിൽപ്പറന്നു

റാഞ്ചിയിലെ വീട്ടിൽ അർദ്ധരാത്രി ഇരച്ചെത്തി എൻ.ഐ.എ സംഘം അറസ്റ്റു ചെയ്തതു മുതൽ ഫാദർ സ്റ്റാൻസ്വാമി നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു. തലോജ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്

പാർക്കിൻസൺസിനെത്തുടർന്ന് വിറയലുണ്ടായിരുന്നു. പരസഹായമില്ലാതെ നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥ. വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴുമാസത്തിന് മുൻപാണ് ഫാദർ മുംബയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹർജി സമർപ്പിച്ചത്. അറസ്റ്റിലാകുമ്പോൾ കൈയിലുണ്ടായിരുന്ന സഞ്ചിയിൽ സ്ട്രോയും സിപ്പർ കപ്പും ജയിലിലേക്കു കടത്തിവിട്ടിരുന്നില്ല. രണ്ടുമാസത്തോളം അവയില്ലാതെ ജയിലിൽ കഴിഞ്ഞശേഷമാണു കോടതിയിലെത്തിയത്. അപ്പോൾ ഹർജിയിൽ മറുപടി നൽകാൻ 20 ദിവസമാണ് എൻ.ഐ.എ ചോദിച്ചത്. മറുപടിയില്ലാത്തതിനാൽ രണ്ടാംവട്ടവും കോടതിക്കു ചോദിക്കേണ്ടി വന്നു. ഒടുവിൽ ഒരുമാസം കഴിഞ്ഞപ്പോൾ ആവശ്യം അംഗീകരിച്ചതായി എൻ.ഐ.എ കോടതിയെ അറിയിച്ചു. കടുത്തമനുഷ്യാവകാശ ലംഘനങ്ങൾക്കൊടുവിൽ, ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് അദ്ദേഹം മരണപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STAN SWAMY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.