SignIn
Kerala Kaumudi Online
Friday, 29 March 2024 4.13 PM IST

പൊതുകടം,​ സാമ്പത്തിക ശാസ്ത്രത്തിനും അപ്പുറം

photo

പൊതുകടം ഒരു ബാദ്ധ്യതയാണോ? ആണെന്നും അല്ലെന്നും ഉത്തരമുണ്ട്. നാട്ടുനടപ്പനുസരിച്ചും നിയമസഭയിലെ ഇരിപ്പിടങ്ങൾ മാറുന്നതനുസരിച്ചും ഉത്തരങ്ങൾ മാറാറുമുണ്ട്. ഓരോ വർഷവും കഴിയുമ്പോൾ പെരുകുന്ന ആളോഹരി പൊതുകടപ്പട്ടിക ഉയർത്തിക്കാട്ടി നാം ആശങ്കപ്പെടുന്നു. അപ്പോഴും ഉത്തരം വ്യക്തമാകുന്നില്ല, പൊതുകടത്തിന്റെ അഥവാ സർക്കാർ കടമെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സാമ്പത്തികഭാരം ആര് വഹിക്കും? ഇനി, പൊതുകടത്തിന് സാമ്പത്തികശാസ്ത്രത്തിനും അപ്പുറത്തേക്ക് നീളുന്ന സാമൂഹികശാസ്ത്ര വ്യാപ്തിയുണ്ടോ?
സർക്കാർ കടത്തിന്റെ പെരുക്കപ്പട്ടിക കാട്ടി വാളെടുക്കുന്നവരോട്, അല്ലെങ്കിൽ ശരാശരി മലയാളികളോട് ലളിതമായൊരു ചോദ്യം. നമ്മളിൽ ഭൂരിഭാഗം പേരും പണിതിരിക്കുന്ന വീട്, ബാങ്ക് വായ്പയെടുത്തല്ലേ? അത് കടമല്ലേ? എന്തുകൊണ്ട് മുഴുവൻ പണവും കൈയിൽ സ്വരുക്കൂട്ടിവെച്ച് പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്ക് ശേഷമൊരു വീടിനെക്കുറിച്ച് നമ്മളാരും ചിന്തിക്കുന്നില്ല. അപ്പോൾ പത്തിരുപത് വർഷങ്ങൾക്കപ്പുറമുള്ള (ഉയർന്ന ചെലവിലുള്ള) സൗകര്യങ്ങളേക്കാൾ നമുക്ക് താത്പര്യം കടമെടുത്ത് ഉയർന്ന ജീവിതസൗകര്യം ഇന്നുതന്നെ ആർജിക്കുക എന്നതാണ്. വാഹന ലോണെടുത്ത് കാർ വാങ്ങി മികച്ച സൗകര്യത്തോടെ യാത്രചെയ്യാനുള്ള മനുഷ്യസഹജമായ താത്പര്യത്തിനും മേൽപ്പറഞ്ഞ ഉത്തരം തന്നെയേയുള്ളൂ. വ്യക്തികളുടെ വിശാലമായൊരു കൂട്ടമാണല്ലോ സമൂഹവും സർക്കാരും. അപ്പോൾ സർക്കാർ കടമെടുത്ത് പതിറ്റാണ്ടുകൾക്കപ്പുറത്തെ വികസനപ്രക്രിയ ഇപ്പോൾ നടപ്പാക്കുന്നതിനെ ഒരു ബാദ്ധ്യതയായി എങ്ങനെ മുദ്രകുത്താനാകും? ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നത്, കടത്തിന്റെ, അത് വ്യക്തിയുടേതായാലും സർക്കാരിന്റേതായാലും, സാമ്പത്തിക ശാസ്ത്രത്തിനപ്പുറമുള്ള സാമൂഹികമാനത്തേക്കുറിച്ചാണ്.

പൊതുകടത്തിന്റെ യുക്തിയെന്ത്?
സർക്കാർ ''പൊലീസ് റോൾ'' മാത്രമേറ്റെടുത്ത്, കമ്പോളത്തെ അതിന്റെ ഇഷ്ടത്തിന് വിട്ടിരുന്ന കാലമായിരുന്നു 1930കൾ വരെ. എന്നാൽ 30 കളിലെ മഹാമാന്ദ്യത്തോടെ കമ്പോളശക്തികൾക്ക് പരിമിതിയുണ്ടെന്നും, സർക്കാർ കമ്പോളത്തിൽ ഇടപെടണമെന്നുമുള്ള ആശയത്തിന് പ്രസക്തിയേറി. അങ്ങനെ 1936 ഓടെ കെയ്‌നീഷ്യൻ സിദ്ധാന്തപ്രകാരം, സമ്പദ്‌വ്യവസ്ഥകളെ, സർക്കാർ ഖജനാവിലൂടെ ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും വളർത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ ആഗോളതലത്തിൽ ഉടലെടുത്തു. വേൾഡ്ബാങ്ക്, ഐ.എം.എഫ് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ കൂടിവന്നതോടെ സർക്കാരുകൾക്ക് കൂടുതൽ ഫണ്ട് കിട്ടിത്തുടങ്ങി. അങ്ങനെ കടമെടുത്തുള്ള വികസനപ്രവർത്തനങ്ങൾക്കും പുത്തൻമാനങ്ങൾ കൈവന്നു.
2008 ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തും സർക്കാരുകൾ അവലംബിച്ചത് കെയ്‌നീഷ്യൻ തന്ത്രങ്ങളാണ്. മാന്ദ്യബജറ്റിലൂടെയും ഉത്തേജക പാക്കേജുകളിലൂടെയും, സർക്കാർ പണം കമ്പോളത്തിലേക്ക് ഒഴുക്കി തകർച്ചയിൽ നിന്ന് കരകയറ്റുന്നതും നമ്മൾ കണ്ടു. കൊവിഡ് കാലത്തേക്ക് വന്നാലും വിവിധ പാക്കേജുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്നതും പണം കടംവാങ്ങിയും അല്ലാതെയും ചെലവഴിക്കുന്നതും കണ്ടു.
2020-21 ലെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടു കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. 2020 മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയപ്പോൾത്തന്നെ ആർ.ബി.ഐ, പണനയത്തിന്റെ ഭാഗമായി പലിശനിരക്ക്, റിപ്പോനിരക്ക്, എന്നിവയെല്ലാം കുറയ്ക്കുകയും കമ്പോളത്തിലേക്ക് ബാങ്കുകളിലൂടെ കൂടുതൽ പണമെത്തിച്ച് വിപണിയെ സജീവമാക്കാൻ ശ്രമിക്കുകയുമുണ്ടായി. നിർഭാഗ്യവശാൾ ആർ.ബി.ഐയുടെ ലക്ഷ്യങ്ങൾ പൂർണമായും ഫലം കണ്ടില്ലെന്ന് വേണം അനുമാനിക്കാൻ. കൊവിഡ്കാലത്തെ പ്രസ്തുത റിപ്പോർട്ടിൽ നിന്നും കമ്പോള അനുഭവങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസിയേക്കാൾ ഗവൺമെന്റുകളുടെ ഫിസ്‌കൽ പോളിസികളാണ് പ്രതിസന്ധിഘട്ടങ്ങളിലും വികസനപ്രവർത്തനങ്ങളിലും വിജയകരമായി തീരുന്നത്. അതിനാൽ പാക്കേജുകൾക്ക് എളുപ്പത്തിൽ പണം ജനങ്ങളിലേക്കെത്തിക്കാനും സമ്പദ്‌ വ്യവസ്ഥയെ മാന്ദ്യസമാന അവസ്ഥയിലേക്ക് വീഴാതെ പിടിച്ചു നിറുത്താനും ഒരു പരിധിയോളം കഴിഞ്ഞിട്ടുണ്ട്. ഇവിടെ സർക്കാർ വ്യയത്തിന്റെ യുക്തിയും പ്രതിസന്ധി ഘട്ടത്തിൽ അവയുടെ പ്രസക്തിയും, വികസനമുന്നേറ്റത്തിലുള്ള അനിവാര്യതയും വ്യക്തമാണല്ലോ.



കേരളത്തിന്റെ കടത്തിലേക്ക്...
കേരളത്തിന്റെ പൊതുകടം വർദ്ധിക്കുക തന്നെയാണ്. കൊവിഡ് കാലത്ത് കടമെടുക്കൽ പരിധിയും ആർ.ബി.ഐ ഉയർത്തിത്തന്നിട്ടുണ്ട്. സമീപ വർഷങ്ങളിൽ കിഫ്ബി വഴി കേരളം പണം കണ്ടെത്തുന്നുമുണ്ട് (54391 കോടിയുടെ പദ്ധതികൾ ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്) . കടമെടുപ്പിന് ഇനിയും ആക്കം കൂടുമെന്നതിന് സൂചന നൽകുന്നതാണ് ഹൈസ്പീഡ് റെയിൽവേ പോലുള്ള സ്വപ്നപദ്ധതികളുടെ ആരംഭം. കേരളത്തിന്റെ പൊതുകടം സംസ്ഥാന വരുമാനത്തിന്റെ 30.1ശതമാനമാണ് (2020- 21 ലെ കേരള ബഡ്ജറ്റ് അനാലിസിസ്). പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള പ്രമുഖ രാജ്യങ്ങളുടെ ദേശീയ വരുമാനത്തിലെ കടത്തിന്റെ അനുപാതം ഇവിടെ കൂട്ടിവായിക്കേണ്ട ഒന്നാണ്. 237.54ശതമാനം കടമുള്ള ജപ്പാനാണ് ഐ.എം.എഫ്. കണക്കനുസരിച്ച് പൊതുകടത്തിൽ ഒന്നാമത്. വികസിത രാജ്യങ്ങളായ ഇറ്റലി ആറാമതും യു.എസ്.എ 12-ാം സ്ഥാനത്തും, കാനഡ 27-ാംസ്ഥാനത്തും ഇംഗ്ലണ്ട് 29-ാം സ്ഥാനത്തുമുള്ള പട്ടികയിൽ ഇന്ത്യ 50-ാം സ്ഥാനത്താണ്.

ദേശീയവരുമാനത്തിലെ കടത്തിന്റെ അനുപാതം

സ്ഥാനം - രാജ്യം - അനുപാതം

1. ജപ്പാൻ 237.54 ശതമാനം

2. വെനിസ്വേല 214.45ശതമാനം

3. സുഡാൻ 177.87 ശതമാനം

4. ഗ്രീസ് 174.15 ശതമാനം

5. ലബനോൻ 157.81 ശതമാനം

6. ഇറ്റലി 133.43 ശതമാനം

12. യു.എസ്.എ 106. 7ശതമാനം

27. കാനഡ 88 ശതമാനം

50. ഇന്ത്യ 69.04 ശതമാനം

86. ചൈന 55.36ശതമാനം

ഉറവിടം: IMF World Economic Outlook Data base, April, 2018

നാമിതുവരെ ചർച്ചചെയ്തതിൽ നിന്നും ഇത്തരം പൊതുകടം ഒരു ബാദ്ധ്യതയല്ല വികസനത്തിലേക്കൊരു മുതൽകൂട്ടാണെന്നു വേണം അനുമാനിക്കാൻ, അവ യുക്തിസഹജമായാണ് ചെലവഴിക്കുന്നതെങ്കിൽ. ഉദാഹരണം നോക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ചെലവഴിക്കുന്ന പണം പതിന്മടങ്ങ് വികസനം, ജീവിതനിലവാരം എന്നീ രൂപത്തിൽ സമൂഹത്തിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ട് (Trickle down). ഇതുതന്നെയാണ് പൊതുകടം മൂലം സൃഷ്ടിക്കപ്പെടുന്ന ദേശീയപാതയും തീരദേശവികസനവും ഹൈസ്പീഡ് റയിൽവേയും വിദ്യാഭ്യാസ-ആരോഗ്യ നിക്ഷേപങ്ങളും എല്ലാം വരുംവർഷങ്ങളിൽ കൊണ്ടുവരിക. എന്നാൽ പൊതുകടമാണെന്നും പൊതുസമൂഹത്തിന്റെ ബാദ്ധ്യതയാണെന്നുമുള്ള തിരിച്ചറിവും, ഉത്‌പാദനക്ഷമമായി മാത്രമുള്ള ചെലവഴിക്കലും അനിവാര്യമാണുതാനും. ചുരുക്കത്തിൽ പൊതുകടം എല്ലായ്പ്പോഴും ഒരു ബാദ്ധ്യതയല്ല. അത്തരം ചർച്ചകളിലൂടെ പൊതുസമൂഹത്തെ വഴിതിരിച്ചു വിടുകയുമരുത്. കേവലം സാമ്പത്തിക ശാസ്ത്രത്തിനുമപ്പുറം, സാമൂഹിക-മാനവിക മുന്നേറ്റത്തിന്റെയും അഭിമാനകരമായ ജീവിതത്തിന്റെയും മാനങ്ങൾകൂടി അതിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ECONOMY, GOVT DEBT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.