തിരുവനന്തപുരം: സൂര്യതാപവും ഇനി പ്രകൃതിദുരന്തമായി കണക്കാക്കും. സംസ്ഥാനത്ത് ഉഷ്ണ തരംഗമുണ്ടാകുമെന്നും ചൂട് കൂടുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. സൂര്യതാപത്തെയും പ്രകൃതിദുരന്തമായി കണക്കാക്കി അതിനിരയാകുന്നവർക്ക് സഹായം നൽകണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി സർക്കാരിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവ്.
ഇതനുസരിച്ച് സൂര്യതാപം, ഉഷ്ണതരംഗം, സൂര്യാഘാതം തുടങ്ങിയവയ്ക്കിരയായി മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കും. കൂടാതെ കാഴ്ച നഷ്ടമായാൽ രണ്ടു ലക്ഷം രൂപ വരെയും പരിക്കേറ്റാൽ 12,500 രൂപയും സഹായം കിട്ടും. മൃഗങ്ങൾക്ക് നാശമുണ്ടായാൽ 30,000 രൂപ ലഭിക്കും. കുടിവെള്ളപ്രശ്നമുണ്ടായാൽ 25,000 രൂപയാണ് പരമാവധി സഹായം.