SignIn
Kerala Kaumudi Online
Friday, 29 March 2024 2.52 PM IST

പിന്നാക്കക്കാർക്ക് കരുത്തു പകർന്ന നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരൻ

c-kesavan

ഈഴവർ അടക്കമുള്ള പിന്നാക്കക്കാർ ഭരണ, ഔദ്യോഗികതലങ്ങളിൽ അർഹമായ പ്രതിനിദ്ധ്യം ലഭിക്കാതെ പിന്തള്ളപ്പെടുന്ന ഈ കാലഘട്ടത്തിൽ നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്ന സി. കേശവന്റെ ഓർമ്മകൾ കൂടുതൽ ദീപ്‌തമാകുന്നു. സി.കേശവന്റെ 52ാം ചരമവാർഷികദിനമാണ് ജൂലായ് ഏഴ്. അധികാരകേന്ദ്രങ്ങളെ പിടിച്ചുലച്ച ആ പ്രക്ഷോഭത്തിൽ അദ്ദേഹം ഉന്നയിച്ച ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യമെന്ന ആവശ്യത്തിന് കാര്യമാത്ര പ്രസക്തമായ പരിഹാരം കണ്ടെത്താൻ മാറിമാറി വരുന്ന സർക്കാരുകളോ നേതൃത്വങ്ങളോ ഇന്നും തയ്യാറായിട്ടില്ലെന്ന യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു.

നിവർത്തന പ്രക്ഷോഭത്തിന് ഫലം കാണാൻ 1935 ൽ മതപരിവർത്തനം എന്ന മൂർച്ചയുള്ള ആയുധം പ്രയോഗിക്കേണ്ടി വന്നു. ക്ഷേത്രപ്രവേശനം അനുവദിക്കപ്പെടുകയും സർക്കാർ സർവീസിലെ പ്രാതിനിദ്ധ്യം എല്ലാ സമുദായങ്ങൾക്കും ഉറപ്പുവരുത്തുകയും ചെയ്‌തെങ്കിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഇതുവരെ അനുഭവത്തിൽ വന്നിട്ടില്ല. 1935 ജൂൺ ഏഴിന് അറസ്​റ്റ് വരിക്കുന്നതിന് മുമ്പ് 'നിങ്ങളാരും വിഷമിക്കരുത്, സർ.സി.പിക്ക് ദാഹിക്കുന്നു, ഞാൻ എന്റെ രക്തം കൊടുത്തിട്ട് വരട്ടെ' എന്ന് സി. കേശവൻ പറഞ്ഞ വാചകം ഇന്നും പിന്നാക്കക്കാരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്ത് പ്രതിധ്വനിക്കുന്നുണ്ട്''. ഈ ധൈര്യവും പോരാട്ടവീര്യവും കർമ്മശേഷിയും ആവാഹിച്ച ഒരു സമുദായത്തെ എക്കാലവും ചവിട്ടിത്താഴ്‌ത്താൻ അധികാര ശക്തികൾക്ക് കഴിയില്ല.
പിന്നാക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി മുഖ്യമന്ത്റിപദത്തിലെത്തിയ നേതാവ് എന്നതിനപ്പുറം നിർണായകമായ ചരിത്രമുഹൂർത്തങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ അവശവിഭാഗങ്ങൾക്ക് ആവേശവും കരുത്തും പകരുന്നു.


2010 ലെ കണക്ക് പ്രകാരം ജനസംഖ്യാനുപാതികമായി ഏ​റ്റവും മുന്നിൽ നിൽക്കുന്ന സമുദായം ഈഴവരാണ്. ആകെ ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനം വരും. എക്കാലവും അവഗണിക്കപ്പെടുന്നതും ഈ വിഭാഗമാണ്. അവിഭക്തകേരളം രൂപീകൃതമായഘട്ടം മുതൽ ഈഴവർ മുതലായ പിന്നാക്കവിഭാഗങ്ങൾ ആശ്രയിക്കുകയും പിന്തുണയ്‌ക്കുകയും അതിലുപരി വിശ്വസിക്കുകയും ചെയ്‌തു പോന്നിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ്. ഒരു സംഘടിത വോട്ടുബാങ്ക് എന്നു പോലും വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഈ ജനവിഭാഗങ്ങൾ ആ രാഷ്ട്രീയകക്ഷിക്ക് പിന്നിൽ അടിയുറച്ചു നിന്നു. എന്നാൽ അധികാര രാഷ്ട്രീയത്തിലെ പങ്കാളിത്തത്തിലോ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലോ ഈ രാഷ്ട്രീയാഭിമുഖ്യം പ്രയോജനപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
1957ലെ ഇ.എം.എസ്. മന്ത്റിസഭയുടെ കാലത്ത് കെ.ആർ. ഗൗരിഅമ്മ മുൻകൈയെടുത്ത് നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന ഭൂപരിഷ്‌കരണ നിയമം ഒരു പരിധിവരെ പിന്നാക്ക വിഭാഗങ്ങളെ ദരിദ്റമായചു​റ്റുപാടുകളിൽ നിന്ന് കരകയറാൻ സഹായിച്ചു എന്നത് വസ്‌തുതയാണ്. എന്നാൽ പില്‌ക്കാല രാഷ്‌ട്രീയം പൂർണമായും ഈ വിഭാഗത്തെ കൈയൊഴിയുകയാണ്. അതിന് രണ്ടു കാരണങ്ങളാണ് മുഖ്യധാരാ രാഷ്‌ട്രീയക്കാർ കണ്ടെത്തിയത്. സാമുദായികമായ താത്പര്യങ്ങളുടെയോ അജണ്ടയുടെയോ

അടിസ്ഥാനത്തിലോ, ലക്ഷ്യോന്മുഖമോ പ്രയോജനകേന്ദ്രീകൃതമോ ആയ ഒരു ചിന്താപദ്ധതിയുടെ ഭാഗമായോ അല്ല ഇവർ ഇടതുപക്ഷത്തോട് ചേർന്നു നിന്നത്. അദ്ധ്വാനവർഗത്തിന്റെ മോചനത്തിനായി യത്‌നിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിജയം മാത്രമായിരുന്നു അവരുടെ മനസിൽ. എന്നാൽ 57ലെ വിമോചനസമരം മുതൽ തന്നെ രാഷ്ട്രീയമെന്നത് ജാതിമതകേന്ദ്രീകൃതമായി മാറി . വിമോചനസമരം മുതൽ പി.ടി. ചാക്കോയുടെയും മന്നത്ത് പത്മനാഭന്റെയും നേതൃത്വത്തിൽ രൂപപ്പെട്ട നീക്കങ്ങൾ ഈ ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യ സംരക്ഷണം ലക്ഷ്യമാക്കുന്ന ഇടതുപക്ഷ രാഷ്‌ട്രീയത്തിന് മേൽ വലതുപക്ഷത്തിന്റെ അപ്രമാദിത്തം സ്ഥാപിക്കാനുള്ള ഇടനിലക്കാരായി അവർ നിലകൊണ്ടു. ക്രൈസ്‌തവ താത്പര്യം ലക്ഷ്യമാക്കുന്ന കേരളാ കോൺഗ്രസും മുസ്ലീം താത്പര്യം ലക്ഷ്യമാക്കുന്ന മുസ്ലീം ലീഗും ഗണ്യമായ തോതിൽ മുന്നാക്ക വിഭാഗങ്ങളും ഈ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ കോൺഗ്രസിനൊപ്പം ചേർന്നു നിന്നപ്പോൾ ഇടതുപക്ഷം വലിയ വെല്ലുവിളി നേരിട്ടു. പിന്നീട് ഏറെക്കാലം ഈ വലതുപക്ഷ അച്ചുതണ്ട് അധികാര രാഷ്‌ട്രീയം കൈകാര്യം ചെയ്‌തു. തത്ഫലമായി മതന്യൂനപക്ഷങ്ങൾക്കും ഒരുപരിധി വരെ നായർ സമുദായത്തിനും ഏറെ ആനുകൂല്യങ്ങൾ ലഭിച്ചു. പിന്നീട് ഭരണത്തിൽ വന്ന ഇടതുപക്ഷ സർക്കാരാവട്ടെ ആദ്യകാല നിലപാടുകളിൽ വെള്ളം ചേർത്തുകൊണ്ട് തങ്ങളുടെ നിലനില്‌പിന് അനുയോജ്യമെന്ന് വൃഥാ ധരിച്ച ഒരു അഴകൊഴമ്പൻ നയം സ്വീകരിച്ചു തുടങ്ങി.
പിന്നാക്കക്കാരുടെ വളർച്ച അവരുടെ അജണ്ടയിലില്ലാതായി. ആ വിഭാഗത്തിന് അനുഗുണമായ നയങ്ങളും നിലപാടുകളും ആവിഷ്‌കരിച്ച് നടപ്പിലാക്കാനോ സാമൂഹ്യനീതിയും തുല്യതയും കൊണ്ടുവരാനോ ഉള്ള ശ്രമങ്ങളുണ്ടായില്ല. സംഘടിത വോട്ടുബാങ്ക് അല്ലാത്ത പിന്നാക്കക്കാർ എക്കാലവും വെള്ളം കോരികളും വിറകുവെട്ടികളുമായി ഒപ്പം നിന്നുകൊള്ളുമെന്ന ധാരണയിൽ അവർ മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള ശ്രമങ്ങളിലേക്ക് ചുവടുമാ​റ്റി. ഒപ്പം മുന്നാക്കക്കാരെയും തഴുകിത്തലോടി അതിന്റെ ഗുണഭോക്താക്കളാകാൻ സാമ്പത്തിക സംവരണം അടക്കമുള്ള നയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. അധികാര രാഷ്‌ട്രീയത്തിന്റെ മുൻനിരയിൽ പിന്നാക്കവിഭാഗക്കാരായ നേതാക്കൾ പോലും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടായി.


ഒന്നാം മന്ത്റിസഭയിൽ രണ്ടാംസ്ഥാനക്കാരിയായിരുന്ന കെ.ആർ. ഗൗരിഅമ്മയെ മറികടന്ന് പിൻപേവന്ന പലരും മുൻനിരയിലെത്തുകയും പിന്നാക്കക്കാരുടെ താത്പര്യങ്ങൾ പാടെ തമസ്‌കരിക്കപ്പെടുകയും ചെയ്‌തു. ഈഴവസമുദായം നേരിടുന്ന പ്രശ്‌നങ്ങൾ ഒരു പരിഗണനാ വിഷയമേ അല്ലെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇവർ മുന്നോട്ട് പോയി. മതന്യൂനപക്ഷങ്ങളും സവർണവിഭാഗങ്ങളും ഇവരുടെ ഭരണകാലത്ത് നേട്ടങ്ങൾ കൊയ്‌തപ്പോൾ ഈഴവർക്ക് നിസഹായരായി നോക്കി നിൽക്കേണ്ടി വന്നു. ഉച്ചിക്ക് വച്ച കൈകൊണ്ട് ഉദകക്രിയ ചെയ്‌തെങ്കിലും ഈഴവ വിഭാഗത്തിൽ പെട്ട ആദ്യമുഖ്യമന്ത്റിയെ കേരളത്തിന് സമ്മാനിച്ചത് കോൺഗ്രസാണ്. സി. കേശവന് പിന്നാലെ ആർ. ശങ്കറും ഭരണനേതൃത്വത്തിലുണ്ടായി. എന്നാൽ അതിന്റെ ആവർത്തനങ്ങൾ പിന്നീടൊരിക്കലും ഉണ്ടായില്ലെന്ന് മാത്രമല്ല 2016 ലെ തിരഞ്ഞെടുപ്പിൽ ഒ​റ്റ ഈഴവ എം.എൽ.എ പോലുമില്ലാത്ത വിധം ആ പാർട്ടി സമുദായത്തിൽ നിന്നകന്നു പോയി. പിന്നാക്കക്കാരുടെ ക്ഷേമത്തിലുള്ള ഈ ഉദാസീനതയുടെ അടിസ്ഥാനം കാലാകാലങ്ങളായി ഒരു നേട്ടവും മോഹിക്കാതെ ഒപ്പം നില്‌ക്കുമെന്നതാണ്. ഏത് മുന്നണി അധികാരത്തിൽ വന്നാലും ന്യൂനപക്ഷ താത്പര്യം ലക്ഷ്യമാക്കിയവർ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കപ്പെടുമ്പോൾ ഈഴവ വിഭാഗത്തിൽ പെടുന്നവർ സ്വസമുദായത്തെ തന്നെ തിരിഞ്ഞു കുത്തുന്നതും നാം കണ്ടിട്ടുണ്ട്. ചിലർ നിസംഗതയാൽ സമുദായത്തെ അവഗണിക്കുന്നതും ശീലമാക്കി.
സമുദായത്തോട് ആത്മാർത്ഥതയുള്ളവർ അധികാരരാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലെത്തുക മാത്രമാണ് ഇതിനുള്ള പോംവഴി. അത്തരമൊരു നീക്കത്തിന് സംഘടിത വോട്ടുബാങ്കായി മാറേണ്ടതുണ്ടെന്നും ആ കൂട്ടായ്മ ഏതെങ്കിലും പാർട്ടിയുടെ താത്പര്യസംരക്ഷണം എന്നതിനൊപ്പം സമുദായത്തിന്റെ വളർച്ച എന്ന തലത്തിലേക്ക് വഴിമാറേണ്ടതുണ്ടെന്ന് ചിന്തിക്കാനും കഴിയണം. കേരളത്തിലെ ക്ഷേത്രങ്ങളുടെ നടവരവിൽ ഗണ്യമായ സംഭാവന ലഭിക്കുന്നത് പിന്നാക്കക്കാരിൽ നിന്നാണ്. എന്നാൽ ദേവസ്വം ബോർഡ് അടക്കമുള്ള ഭരണസംവിധാനങ്ങളിൽ ഈഴവസമുദായാംഗങ്ങളായ ജീവനക്കാരുടെ എണ്ണം അംഗുലി പരിമിതമായിരിക്കും. കാലാകാലങ്ങളായി ഇത് സവർണവിഭാഗങ്ങൾ കൈയടക്കി വച്ചിരിക്കുന്നു. പേരിന് നാമമാത്രമായ ചില നിയമനങ്ങൾ വഴി പിന്നാക്കക്കാരെ ഉൾപ്പെടുത്തുന്നു എന്ന നാട്യമാണ് രാഷ്‌ട്രീയ നേതൃത്വങ്ങളുടേത്. 'സംഘടിച്ച് ശക്തരാവുക' എന്ന ഗുരുവചനത്തിന്റെ പൊരുൾ അതിന്റെ പൂർണാർത്ഥത്തിൽ ഈഴവർ ഇനിയും മനസിലാക്കിയിട്ടില്ല. സമുദായം സംഘടിപ്പിക്കുന്ന ഏതെങ്കിലും പൊതുപരിപാടികളിൽ സംബന്ധിച്ചതുകൊണ്ടോ സംഘടനയുടെ അംഗത്വത്തിൽ ഉൾപ്പെട്ടതു കൊണ്ടോ അർഹിക്കുന്ന അംഗീകാരവും അവകാശങ്ങളും സമുദായാംഗങ്ങളെ തേടിയെത്തില്ല. മറിച്ച് അധികാര രാഷ്‌ട്രീയത്തിൽ അർഹമായ പങ്കാളിത്തമുണ്ടാകണം. സമുദായ താത്പര്യങ്ങൾക്കായി നിലകൊള്ളുന്ന ഉദ്ദേശശുദ്ധിയുള്ള വ്യക്തികൾ അധികാര ശ്രേണിയിൽ വരണം. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ വോട്ട് ബാങ്ക് എന്ന നിലയിൽ സമുദായം മുന്നോട്ട് വരണം. മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, തുടങ്ങിയവരുടെ രാഷ്‌ട്രീയകൂട്ടായ്മ കൈവരിച്ച നേട്ടങ്ങൾ മാതൃകയാക്കുന്നതിലും തെ​റ്റില്ല. വിലപേശലിനുള്ള സംഘടനാപരമായ കരുത്തും ശക്തിയും എസ്.എൻ.ഡി.പി യോഗത്തിനുണ്ട്. ഈ ശേഷി വോട്ടുബാങ്ക് രാഷ്‌ട്രീയത്തിൽ പ്രതിഫലിക്കുകയാണ് പ്രധാനം. അത്തരമൊരു തിരിച്ചറിവിന് സമുദായാംഗങ്ങൾ സന്നദ്ധരാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C KESAVAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.