SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.15 PM IST

നഷ്ടപരിഹാരം എന്തിനു നഷ്ടപ്പെടുത്തണം

photo

തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്നാണു നിയമം. തെരുവുനായകൾ ആക്രമിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരും പാവപ്പെട്ടവരുമായതു കൊണ്ടാകാം കടിയേറ്റാലും അപൂർവമായേ ആളുകൾ നിയമസഹായം തേടാറുള്ളൂ. തദ്ദേശസ്ഥാപനങ്ങൾ രക്ഷപ്പെട്ടു നിൽക്കുന്നതും അതുകൊണ്ടാണ്. നായയുടെ കടിയേൽക്കുന്നവർ ഒന്നടങ്കം നഷ്ടപരിഹാരം തേടിയിരുന്നെങ്കിൽ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ബഡ്‌ജറ്റിന്റെ നല്ലൊരുഭാഗം അതിനായി വിനിയോഗിക്കേണ്ടി വരുമായിരുന്നു. സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടമുള്ളതിനാൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാനുമാകില്ല. വിരമിച്ച ജഡ്‌ജിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് നഷ്ടപരിഹാരം നിർണയിക്കുന്നത്.

അഞ്ചുവർഷം മുൻപ് ജൂണിലെ ഒരു രാത്രിയിൽ ബൈക്കിൽ വീട്ടിലേക്കു പോകവെ കുറുകെ ചാടിയ തെരുവുനായ തട്ടി റോഡിൽ മറിഞ്ഞുവീണ് അതിഗുരുതരമായ നിലയിൽ പരിക്കേറ്റ ബിജു എന്ന പ്രാരാബ്ധക്കാരന് നഷ്ടപരിഹാരമായി 18 ലക്ഷം രൂപ അനുവദിച്ചു കിട്ടിയതിന്റെ വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. തെരുവുനായ മൂലം റോഡപകടം സംഭവിച്ചാലും നഷ്ടപരിഹാരം ലഭിക്കാൻ നിയമം സഹായത്തിനുണ്ടെന്ന് മനസിലാക്കി അതനുസരിച്ച് പ്രവർത്തിച്ചതു കൊണ്ടാണ് ഇതു സാദ്ധ്യമായത്. നഷ്ടപരിഹാരമായി 18 ലക്ഷം കിട്ടിയതുകൊണ്ടു മാത്രം ജീവിതം ഇനി സുഭിക്ഷമായി എന്നർത്ഥമില്ല. കാരണം ബൈക്കിൽ നിന്നു റോഡിൽ തെറിച്ചുവീണ് നട്ടെല്ലിനു കാര്യമായി ക്ഷതമേറ്റ ബിജു അതിദീർഘമായ ചികിത്സകൾക്കുശേഷം കഷ്ടിച്ച് വടികുത്തിയെങ്കിലും നടക്കാറായിട്ടേയുള്ളൂ. ചികിത്സയ്ക്കും മരുന്നുകൾക്കുമായി താങ്ങാനാവാത്ത ചെലവാണുണ്ടായത്. നഷ്ടപരിഹാരത്തുക മുഴുവൻ ചെലവഴിച്ചാലും പൂർവ നിലയിലെത്താൻ ഇനിയും ഏറെനാൾ വേണ്ടിവരും. എങ്കിലും നിയമം ഇത്രയെങ്കിലും തുണയായല്ലോ എന്ന് ആശ്വസിക്കാം.

സംസ്ഥാനത്ത് തെരുവുനായ ശല്യം നിയന്ത്രണാതീതമാകുമ്പോഴാണ് പൊതുജനങ്ങളിൽനിന്ന് ഗൗരവമായ പരാതികളുയരുന്നത്. അത്തരം ഘട്ടങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ രംഗത്തിറങ്ങിയെന്നിരിക്കും. തെരുവു നായ്‌ക്കളെ പിടികൂടി വന്ധ്യംകരിച്ചു പെരുപ്പം കുറയ്ക്കാനുള്ള ശ്രമമാണുള്ളത്. എന്നാൽ ഒരിടത്തും അതു ഫലപ്രദമായി നടക്കാറില്ല. നായപിടിത്തത്തിന് ആളുകളെ കിട്ടാത്തതും കിട്ടിയാൽത്തന്നെ പ്രതിഫലത്തിന്റെ പേരിൽ പ്രവൃത്തി ഉപേക്ഷിച്ച് മടങ്ങുന്നതുമാണ് പ്രധാന പ്രതിബന്ധം. സംസ്ഥാനത്ത് ഒരുവർഷം ലക്ഷം പേരെങ്കിലും തെരുവ് നായ്‌ക്കളുടെ ആക്രമണത്തിനിരയാകാറുണ്ടെന്നാണ് കണക്ക്. കാൽനടക്കാരും കുട്ടികളും സ്‌ത്രീകളും മാത്രമല്ല വീടുകളിൽ തൊട്ടിലിൽ ഉറക്കിക്കിടത്തിയ പിഞ്ചുകുട്ടികൾ വരെ ഇതിൽപ്പെടുന്നു. തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളി സ്‌ത്രീയെ നായ കടിച്ചുകീറി കൊന്നപ്പോഴും വർദ്ധിച്ചുവരുന്ന നായശല്യം വലിയ വാർത്തയായതാണ്. ജനങ്ങളെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങളുണ്ടാകുമ്പോഴാണ് സർക്കാരും തദ്ദേശസ്ഥാപനങ്ങളും കടമകളെക്കുറിച്ചു ബോധവാന്മാരാകുന്നത്. രാത്രികാലങ്ങളിലും പുലർവേളകളിലും ഇരുചക്ര വാഹനയാത്രക്കാരുടെ പേടിസ്വപ്നമാണ് തെരുവിൽ വിലസി നടക്കുന്ന നായകൾ. അനവധി പേർ ഇങ്ങനെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങളിൽപ്പെടുന്നവർക്ക് വാഹനങ്ങൾ നന്നാക്കാനടക്കം നഷ്ടപരിഹാരത്തിനു അർഹതയുണ്ടെന്ന വസ്തുത അധികം പേർക്കും അറിഞ്ഞുകൂടാ. സാധാരണക്കാരുടെ അജ്ഞതയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് രക്ഷയാകുന്നത്. അടുത്തകാലത്തായി കൂടുതൽ പേർ നഷ്ടപരിഹാരം തേടി ബന്ധപ്പെട്ട സമിതിയെ സമീപിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇത്തരം 705 കേസുകളാണെത്തിയത്. ഈ വർഷം ഇതുവരെ 307 കേസുകൾ നഷ്ടപരിഹാരത്തിനായി സമർപ്പിക്കപ്പെട്ടു. എന്നിരുന്നാലും നായകടിയേറ്റ സംഭവങ്ങളുടെ പെരുപ്പം വച്ചു നോക്കിയാൽ ചെറിയ ശതമാനം പേരെ നഷ്ടപരിഹാരം തേടി എത്തുന്നുള്ളൂ എന്നും കാണാം. പൊതുപ്രവർത്തകരുടെയും നിയമസഹായ സമിതികളുടെയും ശ്രദ്ധപതിയേണ്ട രംഗമാണിത്. അർഹതപ്പെട്ട നഷ്ടപരിഹാരം വെറുതേ പാഴാക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRAY DOGS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.