SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.41 AM IST

സമരങ്ങളുടെ അതിതീവ്ര വ്യാപനം

samaram

കൊവിഡ് മൂന്നാംതരംഗം വരുമെന്ന റിപ്പോർട്ടുകളിലും വാക്സിൻ വിതരണം എല്ലാവർക്കും ലഭ്യമാകാത്തതിലുമുള്ള ഭയാശങ്കകൾ ഒരുവശത്ത്. സ്വർണക്കടത്തും കുഴൽപ്പണക്കവർച്ചയും വിജിലൻസ് അന്വേഷണങ്ങളും സൃഷ്ടിക്കുന്ന സമരപരമ്പരകളും പ്രതിഷേധങ്ങളും മറുവശത്ത്. എന്തായാലും കൊവിഡ് ഭീതി മറന്ന ഒരു വിഭാഗമുണ്ടെങ്കിൽ അത് രാഷ്ട്രീയക്കാർ മാത്രമാണെന്നാണ് ജനങ്ങളുടെ അടക്കംപറച്ചിൽ.

വാക്‌സിൻ വിതരണം ഇടതുപക്ഷവത്കരിക്കുന്ന സർക്കാർ നിലപാട് ജനങ്ങൾ തിരിച്ചറിയണമെന്നും, അർഹരായ പലരെയും മാറ്റി നിറുത്തിക്കൊണ്ട് മുൻഗണനയോടുകൂടി വാക്‌സിൻ വിതരണം ചെയ്യുന്നത് സ്വന്തക്കാർക്ക് വേണ്ടിയാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, 'വാക്‌സിൻ തരൂ, ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ജില്ല വ്യാപകമായി 2270 ഓളം ബൂത്തുകളിൽ നടത്തിയ നിൽപ്പ് സമരം അവർ നടത്തിക്കഴിഞ്ഞു. അതുകൊണ്ടും സമരം തീർന്നില്ല. മുദ്രാവാക്യം വീണ്ടും ഉയർത്തി, ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വരാജ് റൗണ്ടിന് ചുറ്റും ആരോഗ്യസംരക്ഷണ ചക്രവും ഒരുക്കി. സെന്റ് തോമസ് കോളേജ് റോഡിലെ ഡി.എം.ഒ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച ചക്രം സ്വരാജ് റൗണ്ട് ചുറ്റി ഡി.എം.ഒ ഓഫീസിന് മുന്നിൽ തന്നെ അവസാനിച്ചു. ഓരോ 25 മീറ്റർ ഇടവിട്ട് അഞ്ച് പേരടങ്ങുന്ന ചെറുസംഘങ്ങൾ സാമൂഹിക അകലം പാലിച്ച് പ്ലക്കാർഡും, ബാനറുകളുമായി ചക്രത്തിൽ അണിചേർന്നു. 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ കീഴിലായി 110 മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ ചക്രത്തിൽ അണിനിരന്നു. ഓരോ ബ്ലോക്കുകളിലെയും പ്രവർത്തകർ രാവിലെ ആദ്യ ട്രയൽ നടത്തി. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള 120 പോയിന്റിൽ യോഗം നടത്തി. അങ്ങനെ സമരത്തിന്റെ പേരും വഴിയും രീതികളുമെല്ലാം മാറ്റിപ്പിടിച്ച് കോൺഗ്രസ് സമരമുഖങ്ങളിലെ പഴയ ശൗര്യം വീണ്ടെടുത്തെന്നാണ് അവർ പറയുന്നത്.

തൃശൂർ കോർപ്പറേഷനിലും സമരം തന്നെ. കൗൺസിൽ അറിയാതെ ഭൂമാഫിയയുമായി ഒത്തുകളിച്ച് സർക്കാരും കോർപറേഷൻ മുൻ ഭരണസമിതിയും ചേർന്ന് പ്രഖ്യാപിച്ച തട്ടിപ്പ് മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന്റെ ആവശ്യം. മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്ന ആവശ്യവുമായി കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ സമരരംഗത്തെത്തി. കൗൺസിൽ ഹാളും പ്രതിഷേധവേദി ആക്കാനാണ് ഒരുക്കം.

സല്യൂട്ട് വേണോ?

തൃശൂരുകാർ പരസ്പരം കണ്ടാൽ സല്യൂട്ട് വേണോ എന്ന് കളിയായി ചോദിക്കാനും തുടങ്ങിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് കത്ത് നല്‍കിയ മേയറുടെ നടപടി വലിയ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും വഴിതുറന്നപ്പോഴായിരുന്നു ഇത്. ഒടുവിൽ ഈ വിഷയത്തിൽ സി.പി.എം ജില്ലാ നേതൃത്വം തന്നെ ഇടപെടാനാണ് തീരുമാനം. മേയറെ അടുത്തദിവസം വിളിച്ചു വരുത്തി ഇക്കാര്യത്തിൽ നിർദ്ദേശം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. വിവാദങ്ങൾക്ക് അവസരം നല്‍കാതെയും നേതാക്കളുമായി കൂടിയാലോചന നടത്തിയും പ്രതികരണങ്ങൾ നടത്താനും തീരുമാനങ്ങളെടുക്കാനുമായിരിക്കും നിര്‍ദ്ദേശിക്കുക.
വിഷയം അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അവലോകനത്തിനായുളള ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അജണ്ടയിലുള്‍പ്പെടാത്ത വിഷയമാണെങ്കിലും, ഈ വിവാദം പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗത്തില്‍, കോര്‍പറേഷന്‍ മേഖലാ ചുമതലയുള്ള തൃശൂർ ഏരിയയിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായത്തിനും ശേഷമാണ് തുടർ നടപടികളിലേക്ക് കടന്നത്. കോൺഗ്രസ് വിമതനായി മൽസരിച്ച വിജയിച്ച വർഗീസിനെ മേയർ സ്ഥാനം നല്‍കിയാണ് ഇടതുമുന്നണി ഭരിക്കുന്നത്. 55 അംഗ കൗൺസിലിൽ വർഗീസ് ഉൾപ്പെടെ ഇടതുപക്ഷത്തിന് 25 ഉം യു.ഡി.എഫിന് 24 ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. അംഗബലത്തിൽ പ്രതിപക്ഷവും സമാന കരുത്തുള്ളതാണെന്നതിനാൽ കടുത്ത നിലപാടിലേക്ക് കടക്കാനോ, തീരുമാനങ്ങളെടുക്കാനോ സി.പി.എം മുതിരില്ല. കൂടിയാലോചനകളില്ലാതെയും ഏകപക്ഷീയമായും മേയർ തീരുമാനങ്ങളെടുക്കുന്നത് സി.പി.എമ്മിന് തലവേദനയായിരുന്നു. പൊലീസ് അസോസിയേഷൻ സംഘടനാ ഭാരവാഹികളും ഉന്നത പൊലീസുദ്യോഗസ്ഥരും മേയറുടെ കത്തിനെക്കുറിച്ച് സി.പി.എം നേതൃത്വത്തോട് പരാതിപ്പെട്ടതായും വിവരമുണ്ട്.

എണ്ണിത്തീരാത്ത കുഴൽപ്പണം

കൊടകരയിൽ കുഴൽപ്പണം കവർച്ച ചെയ്യപ്പെട്ട കേസിൽ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കാൻ നോട്ടീസ് നൽകിയതോടെ ബി.ജെ.പിയും പ്രതിഷേധസമരങ്ങളിലാണ്. കള്ളക്കേസിൽ കുടുക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സ്വർണക്കടത്തിലും, വനംകൊള്ളയിലും, സ്ത്രീപീഡനത്തിലും മുഖം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ സി.പി.എം ജനശ്രദ്ധ തിരിച്ച് വിടാനാണ് കെ. സുരേന്ദ്രനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. 22–ാമത്തെ പ്രതിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യുന്നത് പുനരാരംഭിക്കുന്നത്. അന്വേഷണം റൂറൽ എസ്.പി ജി. പൂങ്കുഴലിയിൽ നിന്ന് ഡി.ഐ.ജി എ.അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തതോടെ നേതാക്കളെ ഒന്നൊന്നായി ചോദ്യം ചെയ്തിരുന്നു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഒട്ടേറെ നേതാക്കളെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതും പണം കണ്ടെത്താൻ വൈകുന്നതും ചർച്ചയായതോടെ പ്രത്യേക അന്വേഷണസംഘം പണം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ നേതാക്കളുടെ ചോദ്യം ചെയ്യലിന് അല്‌പ വിരാമമായി.

3.5. കോടി രൂപയിൽ 1.42 കോടി രൂപ വരെ കണ്ടെടുക്കാൻ പൊലീസിനായി. കേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് പൊലീസ് സ്ഥിരീകരിച്ചു. കണ്ടെത്താനുള്ള രണ്ടുകോടിയിലേറെ രൂപ പൊലീസിന് പൊല്ലാപ്പായി ശേഷിക്കുന്നുമുണ്ട്. അതിനിടെ മറ്റൊരു സമരത്തിലേക്കും ബി.ജെ.പി. കടന്നു.

കേരളം ഐസിസ് ഭീകരരുടെ താവളമാക്കാൻ ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനെതിരെ ജനജാഗ്രതാ സദസുകൾ നടത്തിയായിരുന്നു അവരുടെ പ്രതിഷേധം. പ്രവർത്തകരുടെ എണ്ണം കുറവാണെങ്കിലും പ്രതിഷേധങ്ങളുടെ എണ്ണം കൂടുകയാണ്. കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവുമെല്ലാം പാലിക്കുന്നെന്ന് ഉറപ്പുനൽകുന്നുമുണ്ട് സംഘടനകൾ. അതെന്തു തന്നെയായാലും ചുരുക്കത്തിൽ പൂരങ്ങളുടെ സ്വന്തം നാട്ടിൽ സമരങ്ങളുടെ പൂരങ്ങൾ കൊട്ടിക്കലാശിക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.