മൊബൈൽ ഇടപാടിൽ കുടുങ്ങി സഹകരണ സ്ഥാപനങ്ങൾ
ആലപ്പുഴ: പഠനാവശ്യത്തിന് സ്മാർട്ട്ഫോൺ ലഭ്യമല്ലാത്ത കുട്ടികൾക്ക് ഫോൺ വാങ്ങാൻ സഹകരണ വകുപ്പ് നടപ്പാക്കിയ 'വിദ്യാതരംഗിണി' വായ്പ പദ്ധതിയിൽ ആളുകൂടിയതോടെ അങ്കലാപ്പിലായിരിക്കുകയാണ് അധികൃതർ. 10,000 രൂപ പലിശരഹിത വായ്പയായി സഹകരണ ബാങ്കുകൾ വഴിയോ സംഘങ്ങൾ വഴിയോ നൽകുന്നതാണ് പദ്ധതി. പരമാവധി 50 പേർക്കാണ് ഒരു സ്ഥാപനത്തിൽ നിന്ന് വായ്പ നൽകാനാവുന്നത്. പക്ഷേ, ഓരോ സഹ. സ്ഥാപനത്തിലും അഞ്ഞൂറിലേറെ പേരാണ് അപേക്ഷയുമായി എത്തിയത്.
ഒരു സഹകരണ സ്ഥാപനത്തിന് അഞ്ച് ലക്ഷം രൂപയാണ് ഈ ഇനത്തിൽ വായ്പ നൽകാനാവുന്നത്. അപേക്ഷകർ ഏറിയതോടെ വായ്പ പാസാക്കാനാവാതെ കുഴയുകയാണ് പല സ്ഥാപനങ്ങളും. ചില സ്ഥാപനങ്ങൾ വായ്പ മനപൂർവ്വം അനുവദിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മൊറട്ടോറിയം നിലനിൽക്കുകയും വരവിൽ കവിഞ്ഞ ചെലവ് നേരിടുകയും ചെയ്യുന്ന സന്ദർഭത്തിൽ കൂടുതൽ വായ്പ അനുവദിക്കുന്നത് സ്ഥാപനങ്ങളെ കടത്തിലേക്ക് തള്ളിവിടുമെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ.
കിട്ടിയാൽ ഊട്ടി!
വായ്പ പലിശരഹിതമായതിനാൽ കുട്ടികളുടെ പഠനത്തിന്റെ മറവിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുണ്ടെന്ന് അധികൃതർ പറയുന്നു. സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം മാത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. 24 മാസത്തെ തുല്യ ഗഡുക്കളായി അടയ്ക്കാൻ സാവകാശവുമുണ്ട്. ഫോൺ വാങ്ങിയെന്ന് തെളിയിക്കുന്ന ബില്ലിന്റെ പകർപ്പ് ഹാജരാക്കാനും ബുദ്ധിമുട്ടില്ല.
ഫോൺ ലൈബ്രറി
ജില്ലയിലെ നിർദ്ധനരായ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും വിവിധ മൊബൈൽ ചലഞ്ചുകൾ വഴിയും അദ്ധ്യാപകർ മുഖേനയും സ്മാർട്ട് ഫോണുകൾ ലഭ്യമായിട്ടുണ്ട്. സ്കൂളുകൾ വഴി കുട്ടികൾക്ക് നൽകുന്ന ഫോണുകൾ ലൈബ്രറി ക്രമീകരണം പോലെ സൂക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒരു കുട്ടിക്ക് നൽകുന്ന ഫോൺ അദ്ധ്യയന വർഷാവസാനം സ്കൂളിൽ തിരികെ ഏൽപ്പിക്കണം. ഇതേ വിദ്യാർത്ഥി അതേ സ്കൂളിൽ പഠനം തുടരുന്ന മുറയ്ക്ക് അടുത്ത വർഷം ഫോൺ വീണ്ടും കൈകളിലെത്തും. കൊവിഡ് വ്യാപനമോ, മറ്റ് പ്രതിസന്ധികളോ നേരിട്ടാൽ ഭാവിയിലും ഫോൺ ലഭ്യത ഉറപ്പുവരുത്താനാണിത്.
₹ 5 ലക്ഷം: ഒരു സഹ. സ്ഥാപനത്തിന് നൽകാവുന്ന വായ്പ
₹ 10,000: ഒരാൾക്ക് ലഭിക്കുന്ന പരമാവധി തുക
24 മാസം: തുല്യ ഗഡുക്കളായി അടച്ചു തീർക്കണം
വിദ്യാതരംഗിണി പദ്ധതിയിലേക്ക് അപേക്ഷ നിരസിച്ചതായി പരാതിയുള്ളവർക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാറെ (ജനറൽ) സമീപിക്കാവുന്നതാണ്. അദ്ദേഹം അപേക്ഷയിന്മേൽ തുടർനടപടി സ്വീകരിക്കും
എ.കെ.പ്രസന്നൻ, ജില്ലാ കോ ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |