തേഞ്ഞിപ്പലം: ഉൾനാടൻ ജലഗതാഗതത്തിന് അനുയോജ്യമാം വിധം വള്ളിക്കുന്ന് മണ്ഡലത്തിൽ കനോലി കനാലിന് കുറുകെയുള്ള മൂന്ന് പാലങ്ങൾ പൊളിച്ചുപണിയുന്നു. ചേലേമ്പ്ര കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന് കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തക്കടവ് പാലം എന്നിവയാണ് പുതുക്കി പണിയുന്നതെന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ പറഞ്ഞു. പാലം നവീകരണത്തിന്റെ ഭാഗമായി 12 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണുപരിശോധന തുടങ്ങി. വള്ളിക്കുന്ന് മണ്ഡലത്തിലെ കടലുണ്ടിപ്പുഴ മുതൽ പുല്ലിപ്പുഴ വരെയുള്ള രണ്ടര കിലോമീറ്റർ ദൈർഘ്യത്തിലുള്ള മൂന്നു പാലങ്ങളാണിവ.
പാറക്കടവ് പാലം ജലപാതയുടെ നിബന്ധനകൾക്ക് വിധേയമല്ലാത്തതിനാൽ നിലവിലെ ഉയരം ആറര മീറ്ററായി വർദ്ധിപ്പിച്ച് സ്പാനുകൾ തമ്മിലുള്ള അകലം 12.5 മീറ്ററാക്കി നിജപ്പെടുത്തും. ചെറക്കടവ് പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലവും ഉയരവും കൂട്ടാനും നടപടിയെടുക്കും. മുക്കത്തക്കടവ് പാലവും സമാന അവസ്ഥയിലാണ്. വൻകിട ജലസേചന വിഭാഗം പാലങ്ങളുടെ നിർമ്മാണ പ്രാഥമിക ഘട്ടത്തിന്റെ നടപടിയായി മണ്ണുപരിശോധനയും വിശദ പഠനറിപ്പോർട്ടും തയ്യാറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |