SignIn
Kerala Kaumudi Online
Saturday, 20 April 2024 8.35 AM IST

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനും വേണം പുതുമുഖം

niyamasabha

മന്ത്രിമാരുടെയും ഗവൺമെന്റിന്റെയും പ്രവർത്തന മികവിലും വിജയത്തിലും പ്രധാന പങ്ക് വഹിക്കുന്നവരാണ് പേഴ്സണൽ സ്റ്റാഫ്. സത്‌പേരും ദുഷ്‌പേരും ഉണ്ടാക്കാൻ അവർക്ക് കഴിയും. പേഴ്സണൽ സ്റ്റാഫിന്റെ അശ്രദ്ധയും അനാസ്ഥയും അജ്ഞതയും ഒരു മന്ത്രിക്ക് പിന്നീടുള്ള ഇലക്‌ഷനിൽ പരാജയം സമ്മാനിച്ചിട്ടുണ്ട്. വിവിധ തരത്തിൽ പേഴ്സണൽ സ്റ്റാഫിൽ നിയമിതരാകുന്നവർ തമ്മിൽ ഐക്യത്തോടും ഏക ലക്ഷ്യത്തോടും പ്രവർത്തിക്കണമെന്നില്ല. അവിടെയാണ് മന്ത്രിയുടെയും മുഖ്യ പ്രൈവറ്റ് സെക്രട്ടറിയുടെയും പ്രസക്തി. സ്‌റ്റാഫിന് ദിശാബോധവും അച്ചടക്കവും ആരോഗ്യപൂർണമായ തൊഴിൽ സംസ്കാരവും ഉണ്ടാക്കാൻ കഴിഞ്ഞാൽ മന്ത്രിയുടെയും ഡിപ്പാർട്ട്‌മെന്റിന്റെയും പ്രതിച്ഛായ നന്നാകും. വിവിധ ആവശ്യങ്ങൾക്കായി മന്ത്രിയെ കാണാൻ വരുന്ന പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും കീഴ് ഉദ്യോഗസ്ഥരോടും നയത്തിലും മയത്തിലും മാന്യതയോടും പെരുമാറണം. എന്നാൽ നിയമവും നീതിയും വിട്ടുള്ള സഹായം ചെയ്തുകൊടുക്കാൻ താത്പര്യപ്പെടുകയും അരുത്. തങ്ങളെ സ്വാധീനിച്ച് കാര്യങ്ങൾ എളുപ്പത്തിലും കുറുക്കുവഴികളിലൂടെയും നേടാൻ വരുന്നവർക്ക് കൂട്ടുനില്ക്കരുത്. ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ട് ശമ്പളവും പെൻഷനും വാങ്ങുന്നവരാണ് തങ്ങളെന്നും ആകയാൽ ജനത്തെ സേവിക്കാനും സഹായിക്കാനും ബാദ്ധ്യസ്ഥരാണെന്നുമുള്ള ബോധം പേഴ്സണൽ സ്റ്റാഫിന് ഉണ്ടായിരിക്കണം. മാത്രമല്ല തങ്ങൾ ഉൾക്കൊള്ളുന്ന ധാർമ്മിക മൂല്യങ്ങളാണ് ഡിപ്പാർട്ട്‌മെന്റിന്റെ മൊത്തത്തിലുള്ള ധാർമ്മികതയേയും മാന്യതയേയും സ്വാധീനിക്കുന്നതെന്ന ബോധവും വേണം. ഒരു പേഴ്സണൽ സ്റ്റാഫും പ്രൈവറ്റ് സെക്രട്ടറിയും മന്ത്രിക്കും നിയമത്തിനും മുകളിലാകരുത്.

എം. ശിവദാസ്

ചെയർമാൻ

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌മെന്റ്

തിരുവനന്തപുരം

ജെ.സി.ഡാനിയേലിന്റെ പ്രതിമ;

മന്ത്രി സജി ചെറിയാൻ ഇടപെടണം

കേരള ചലച്ചിത്ര അക്കാഡമിയുടെ കിൻഫ്ര പാർക്കിലെ ആസ്ഥാനമന്ദിരം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ച വാർത്ത കേരളകൗമുദിയിൽ വായിച്ചു. സാംസ്കാരിക കാര്യങ്ങളിൽ മന്ത്രി താത്പര്യമെടുക്കുന്നത് സന്തോഷകരമാണ്. കഴിഞ്ഞ സർക്കാരിൽ സാംസ്ക്കാരിക മന്ത്രിയായിരുന്ന ശ്രീ.എ.കെ.ബാലൻ മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിന്റെ പ്രതിമ സർക്കാർ നിർമ്മിക്കുമെന്നും തിരുവനന്തപുരത്ത് ഉചിതമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അന്ന് കേരളകൗമുദിയിൽ വന്ന ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആ പ്രതികരണം. പക്ഷേ നാളിതുവരെ അക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായതായി കാണുന്നില്ല. പുതിയ മന്ത്രി ഇതേക്കുറിച്ച് അന്വേഷിച്ച്

വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. മലയാള സിനിമയുടെ പിതാവിനെ വിസ്മരിക്കരുത്.

എം.ഡി.മോഹൻദാസ്

വക്കം, തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.